പത്താന്‍കോട്ട് ആക്രമണം ഉണ്ടാകുമെന്നു 20 മണിക്കൂര്‍ മുമ്പേ അറിഞ്ഞിട്ടും കേന്ദ്രം അനങ്ങിയില്ല; പഞ്ചാബിന്റെ മുന്നറിയിപ്പ് അവഗണിച്ചത് എന്തിനെന്ന ചോദ്യം ബാക്കി

ദില്ലി: രാജ്യത്ത് ഒരു ഭീകരാക്രമണം തടയാനും സുരക്ഷ ഒരുക്കാനും ഇരുപതു മണിക്കൂര്‍ മതിയായ സമയമാണോ? പത്താന്‍കോട്ട് ആക്രമണം നടക്കുമെന്ന് ഇരുപതു മണിക്കൂര്‍ മുമ്പേ പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടും ആക്രമണം നടക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാരും സുരക്ഷാ ഏജന്‍സികളും കാത്തിരിക്കുകയായിരുന്നോ എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.

ജനുവരി ഒന്നിന് രാവിലെ ഏഴരയ്ക്കാണ് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ ഭീകരരുടെ നീക്കത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയത്. നുഴഞ്ഞുകയറിയ ഭീകരര്‍ രാജ്യാന്തര അതിര്‍ത്തി കടന്ന് പത്താന്‍കോട്ട് ലക്ഷ്യമാക്കി നീങ്ങുന്നതായായിരുന്നു വിവരം നല്‍കിയത്. വിവരം നല്‍കിയതിനു പിന്നാലെ പഞ്ചാബില്‍ കേന്ദ്ര സേനകളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിക്കുന്നുമുണ്ട്.

ഡിസംബര്‍ മുപ്പത്തൊന്നു മുതല്‍ ഗുര്‍ദാസ്പുര്‍ എസ്പി സല്‍വീന്ദര്‍ സിംഗ്, ഡ്രൈവര്‍ ഇകാഗര്‍ സിംഗ് എന്നിവരുടെ ഫോണ്‍ ഭീകരരുടെ കൈവശമായിരുന്നെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. കൃത്യമായ ഭീകരരുടെ നീക്കം സംബന്ധിച്ചു കേന്ദ്ര പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കു മണിക്കൂറുകള്‍ക്കു മുമ്പേ വിവരം ലഭിച്ചിട്ടും വേണ്ടവിധം പ്രവര്‍ത്തിക്കാന്‍ എന്തുകൊണ്ട് സുരക്ഷാ സേനകള്‍ക്കു കഴിഞ്ഞില്ല എന്ന ചോദ്യമാണ് ഉയരുന്നത്.

ജനുവരി ഒന്നിനു രാവിലെ ഏഴരയ്ക്കാണു പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തിനു വിവരം കൈമാറിയത്. പിറ്റേന്നു പുലര്‍ച്ചെ മുന്നരയ്ക്കാണ് ആക്രമണം നടക്കുന്നത്. ഈ സമയത്തിനിടയിലാണ് അതിര്‍ത്തി കടന്നു പത്താന്‍കോട്ടിലെത്തിയ ഭീകരര്‍ക്കു സുരക്ഷിതമായി വ്യോമതാവളത്തില്‍ പ്രവേശിക്കുന്നതിനും ആക്രമണത്തിന് ഒരുങ്ങുന്നതിനും ഈ സമയത്തിന് ഇടയ്ക്കു സാധിച്ചു. ഏതു വഴിയാണ് ഭീകരര്‍ അതിര്‍ത്തി മുറിച്ചു കടന്നതെന്നു സ്ഥിരീകരിക്കാന്‍ ഇതുവരെ രഹസ്യാന്വേഷണ ദേശീയ അന്വേഷണ ഏജന്‍സിക്കു സാധിച്ചിട്ടില്ല. തീവ്രവാദികളുടെ കാല്‍പാടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഫൊറന്‍സിക് അന്വേഷണത്തില്‍ നുഴഞ്ഞുകയറ്റം ബാമിഹാള്‍ വഴിയാണെന്നു സൂചനയുണ്ടായിരുന്നു.

ഈ സാഹചര്യങ്ങളില്‍ ഇരുപതു മണിക്കൂര്‍ മുമ്പുതന്നെ ഭീകരരുടെ നീക്കം സംബന്ധിച്ചു വിവരം ലഭിച്ചിട്ടും നിഷ്‌ക്രിയമായിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി പല ഭാഗത്തുനിന്നും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇത്ര നേരത്തെ അറിഞ്ഞിട്ടും എന്തുകൊണ്ടു ഭീകരരെ കണ്ടെത്താനും ആക്രമണം നേരിടാനും എന്തുകൊണ്ടു സാധിച്ചില്ല?, വിവിധ സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ ഏകോപനമില്ലാതെയാണോ രാജ്യത്തു പ്രവര്‍ത്തിക്കുന്നത്?, ആക്രമണം നടന്നശേഷം തീവ്രവാദികളെ കണ്ടെത്താം എന്നു കരുതി സുരക്ഷാ സേന കാത്തിരിക്കുകയായിരുന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News