പ്രതിഷേധങ്ങള്‍ ഏശിയില്ല; കോടതി വിധികളും എതിരായി; നീതി കിട്ടാതെ യുവതി ബലാത്സംഗം ചെയ്തയാളെത്തന്നെ വിവാഹം ചെയ്തു

ചെന്നൈ: ബലാത്സംഗം ചെയ്തയാളെ വിവാഹം ചെയ്തു പരാതി പരിഹരിക്കാന്‍ യുവതിയോടു കോടതി ഉത്തരവിട്ടതു നടപ്പിലായി. ഏറെ പ്രതിഷേധം ഉയര്‍ന്നെങ്കിലും നീതി ലഭിക്കാതെ യുവതി ഒടുവില്‍ കോടതി ഉത്തരവു പാലിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. കടലൂര്‍ സ്വദേശിയായ 22 കാരിയാണ് ഏഴു വര്‍ഷം മുമ്പു ബലാത്സംഗം ചെയ്തയാളെ വിവാഹം ചെയ്തത്.

യുവതി നീതിക്കായി ഏറെ പോരാട്ടം നടത്തിയെങ്കിലും ലഭ്യമാകാതെ വന്നപ്പോള്‍ ഗത്യന്തരമില്ലാതെ ബലാത്സംഗം ചെയ്തയാളെ തന്നെ വിവാഹം കഴിക്കുകയായിരുന്നെന്നാണു റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരേ നല്‍കിയിരുന്ന പരാതിയും യുവതി പിന്‍വലിച്ചിട്ടുണ്ട്. ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായ യുവതി ആറു വര്‍ഷം മുമ്പ് ഒരു പെണ്‍കുട്ടിക്കു ജന്മം നല്‍കിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 29നാണ് യുവതി കടലൂര്‍ മഹിളാ കോടതിയിലെത്തി തങ്ങള്‍ ഒത്തുതീര്‍പ്പിലായെന്നും ഇപ്പോള്‍ ഒന്നിച്ചാണു ജീവിക്കുന്നതെന്നും അറിയിച്ചത്. നേരത്തേ, കേസ് പരിഗണിച്ചപ്പോള്‍ ബലാത്സംഗം ചെയ്തയാളെത്തന്നെ വിവാഹം കഴിക്കുന്ന കാര്യം പരിഗണിക്കണമെന്നു മദ്രാസ് ഹൈക്കോടതി യുവതിയോട് ആവശ്യപ്പെട്ടിരുന്നു. വനിതാ സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും കടുത്ത എതിര്‍പ്പുവിളിച്ചുവരുത്തിയതായിരുന്നു ഈ ഉത്തരവ്. ഇയാളെ വിവാഹം ചെയ്യാനാവില്ലെന്ന നിലപാടുതന്നെയായിരുന്നു യുവതിയുടേതും.

ഇക്കാലമത്രയും താന്‍ സഹിക്കുകയായിരുന്നെന്നും ഒരു കുട്ടിയുണ്ടെന്നും ഇയാളൊടൊപ്പം ജീവിക്കുന്നതിലൂടെ വീണ്ടും സഹിക്കണമെന്നാണോ കോടതി പറയുന്നതെന്നായിരുന്നു യുവതിയുടെ ചോദ്യം. തുടര്‍ന്നു നീതി ലഭിക്കാന്‍ യുവതി നിരവധി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സഹോദരന്റെ സംരക്ഷണയിലാണ് യുവതി കഴിഞ്ഞിരുന്നത്. തൊഴില്‍ രഹിതനായ സഹോദരന് താനൊര ബാധ്യതയാകാനില്ലെന്നു പറഞ്ഞാണ് ബലാത്സംഗം ചെയ്തയാളുടെ കൂടെ ജീവിക്കാന്‍ യുവതി തയാറായതെന്നാണ് സൂചന.

പതിനഞ്ചു വയസുള്ളപ്പോഴാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. 2014-ല്‍ കേസ് പരിഗണിച്ച കടലൂര്‍ മഹിളാ കോടതി യുവാവിന് പിഴ ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണ് മഹിളാ കോടതി യുവതിയുടെ മൊഴി മാത്രമാണ് പരിഗണിച്ചതെന്നു കാട്ടി പിഴ ശിക്ഷ റദ്ദു ചെയ്യുകയും യുവതിയോട് ഇയാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel