ആദിവാസി യുവതിയുടെ മൃതശരീരത്തോട് അനാദരവ്; ഉത്തരവാദി പൊലീസെന്ന് കൊല്ലം തഹസില്‍ദാര്‍

കൊല്ലം: ആദിവാസി യുവതിയുടെ മൃതശരീരത്തോട് അനാദരവ് കാട്ടിയ സംഭവത്തില്‍ ഉത്തരവാദി പൊലീസെന്ന് കൊല്ലം തഹസില്‍ദാര്‍ ഷാജഹാന്‍. പൊലീസ് എത്താന്‍ വൈകിയെന്നും താന്‍ പണം നല്‍കാല്‍ ആവശ്യപ്പെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തഹസില്‍ദാര്‍ അറിയിച്ചു.

ഇന്നലെ രാവിലെ ആത്മഹത്യ ചെയ്ത ഷാനിയുടെ മൃതശരീരം ഏഴു മണിക്കൂറോളം മോര്‍ച്ചറി റൂമില്‍ കിടത്തി അനാദരവ് കാട്ടിയെന്ന പീപ്പിള്‍ ടിവി വാര്‍ത്തയെ തുടര്‍ന്നാണ് തഹസില്‍ദാര്‍ ഷാജഹാന്‍ സംഭവത്തില്‍ തനിക്കുത്തരവാദിത്വം ഇല്ലെന്ന് അറിയിച്ച് രംഗത്തെത്തിയത്. പൊലീസ് തന്നെ ഇന്‍ക്വസ്റ്റിനായി വൈകിയാണ് സമീപിച്ചതെന്നും താന്‍ ആശുപത്രിയില്‍ എത്തിയിട്ടും പൊലീസ് എത്തിയില്ലെന്നും ഷാജഹാന്‍ കുറ്റപ്പെടുത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പണം ആവശ്യപ്പെടുകയോ നല്‍കാന്‍ താന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും ഷാജഹാന്‍ പറഞ്ഞു.

അതേസമയം, മോര്‍ച്ചറി ജീവനക്കാര്‍ ഇന്‍ക്വസ്റ്റ് നടപടിക്കായി പണം ആവശ്യപ്പെട്ടു എന്ന പീപ്പിള്‍ വാര്‍ത്തയെ തുടര്‍ന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അന്വഷണം തുടങ്ങി. ആദിവാസി ക്ഷേമ വകുപ്പ് അധികൃതര്‍ ഒന്ന് തിരിഞ്ഞുപോലും നോക്കിയില്ലെന്നും ആക്ഷേപമുണ്ട്.

ഇന്നലെ രാവിലെയാണ് ഷാനിയെ കൊല്ലം കലക്‌ട്രേറ്റിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതശരീരം മോര്‍ച്ചറിയിലേക്ക് രാവിലെ പത്ത് മണിക്ക് മാറ്റി. എന്നാല്‍ തഹസില്‍ദാര്‍ എത്തിയത് മൂന്നു മണിക്ക്. വൈകിട്ട് അഞ്ചു മണിക്കുശേഷമാണ് പൊലീസെത്തി ഷാനിയുടെ മൃതശരീരം ഫ്രീസറിലേക്ക് മാറ്റിയത്. ഏകദേശം ഏഴു മണിക്കൂറോളം മൃതശരീരം ശീതീകരണ സംവിധാനം ഉണ്ടായിട്ടും മാറ്റിയില്ലെന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here