യുവത്വത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും മികച്ച ഒരു ജോലിയെന്നത്. ഓരോ ജോലിയും ഓരോരുത്തരും ആശിച്ചു നേടുന്നതും. പക്ഷേ, തങ്ങളുടെ ജീവിതദൗത്യം ആയിരങ്ങളും ലക്ഷങ്ങളും വരെ ശമ്പളം കിട്ടുന്ന ജോലിയില്‍ ഒതുങ്ങില്ലെന്നു തോന്നിത്തുടങ്ങിയാലോ… മാറുന്ന കാലത്തു മാറിച്ചിന്തിക്കുകയാണ് യുവതലമുറ. ജോലിക്കുമപ്പുറം സമൂഹത്തോട് തങ്ങള്‍ക്കൊരു ബാധ്യതയുണ്ടെന്നു ചിന്തിക്കുന്ന വലിയൊരു വിഭാഗമാണ് നമ്മുടെ യുവതലമുറയിലുള്ളത്. അവരില്‍ പലരും വെള്ളക്കോളര്‍ ഉദ്യോഗങ്ങളും സിവില്‍സര്‍വീസും വരെ ഉപേക്ഷിച്ചു സമൂഹമധ്യത്തിലേക്കിറങ്ങുകയാണ്. തങ്ങളുടെ ദൗത്യം ഈ ലോകത്തിനു വേണ്ടിയുള്ളതാണെന്ന തിരിച്ചറിവില്‍.

സൗരവ് പോട്ദാര്‍
ഗോഗ്‌തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ സൗരവ് പോട്ദാര്‍ തന്റെ മേഖല സാമൂഹിക സേവനമാണെന്നു തിരിച്ചറിയുകയായിരുന്നു. എസ്ബിഐ യൂത്ത് ഫോര്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായി ഗ്രാമീണ ഇന്ത്യയെ ശുചിത്വത്തിലൂടെയും ആരോഗ്യത്തിലൂടെയും ഉന്നമനത്തിലേക്കു നയിക്കാനുള്ള ദൗത്യം സൗരവ് ഏറ്റെടുത്തു. ഗ്രാമീണ ഇന്ത്യയിലുള്ള ശ്രവണ-സംസാര ശേഷിയില്ലാത്ത കലാകാരന്‍മാരെ കണ്ടെത്തി അവര്‍ക്ക് ഉപജീവനത്തിനും അംഗീകാരത്തിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് സൗരവ് ഇപ്പോള്‍.

റോമന്‍ സൈനി

ഓള്‍ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്നു മെഡിക്കല്‍ ബിരുദവും 22-ാം വയസില്‍ സിവില്‍സര്‍വീസും സ്വന്തമാക്കിയ ജയ്പൂര്‍ സ്വദേശി റോമന്‍ സൈനി 24-ാം വയസില്‍ സിവില്‍ സര്‍വീസിന്റെ പടിയിറങ്ങി. പതിനാറാം വയസില്‍ എഐഐഎംഎസിലെ പ്രവേശന പരീക്ഷയെഴുതി ജയിച്ചു ശ്രദ്ധേയനായ ആളാണ് റോമന്‍. ഉപരിപഠനം നടത്തുന്നവര്‍ക്കും മത്സരപ്പരീക്ഷകള്‍ക്കു തയാറെടുക്കുകയും ചെയ്യുന്ന യുവാക്കള്‍ക്ക് അക്കാദമിക പാഠങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ അണ്‍അക്കാദമി എന്ന ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോം ഒരുക്കിയാണ് സിവില്‍ സര്‍വീസിനുമപ്പുറമാണ് തന്റെ ദൗത്യമെന്നു റോമന്‍ തിരിച്ചറിയുന്നത്. സുഹൃത്തു സൗരവ് മുഞ്ജാലുമായിചേര്‍ന്നാണ് ഇ-ട്യൂട്ടോറിയലുമായി റോമന്‍ പ്രവര്‍ത്തിക്കുന്നത്.\

സുനന്യ ഛത്രപതി
ആരും മോഹിച്ചുപോകുന്ന ഐടി ജോലികളായിരുന്നു സുനന്യ ഛത്രപതിക്കു ലഭിച്ചത്. ഒറാക്കിളിലെയും പിന്നീട് ഇന്‍ഫോസിസിലെയും ജോലി പക്ഷേ, തന്റെ ജീവിതദൗത്യമാണെന്നു സുനന്യക്കു തോന്നിയില്ല. മറ്റൊന്നുമാലോചിക്കാതെ ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ജോലി ഉപേക്ഷിച്ചു സുനന്യ സമൂഹത്തിലേക്കിറങ്ങി. ആദിവാസി മേഖലയിലെ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കലാണ് താന്‍ ജീവിതത്തില്‍ സംതൃപ്തയാകുന്ന ദൗത്യമെന്നു തിരിച്ചറിയുകയായിരുന്നു സുനന്യ ഛത്രപതി.

ശുവജിത് പായന്‍
ഓരോ വര്‍ഷവും രാജ്യത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റു(ഐഐഎം)കളില്‍ പ്രവേശിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ ആയിരക്കണക്കാണ്. അവരെല്ലാം പക്ഷേ, ശുവജിത്ത് പായനെപ്പോലെയല്ല. ഐഐഎമ്മിലെ പഠനശേഷം ഇംഗ്ലണ്ടില്‍ ലഭിച്ച ജോലി ഉപേക്ഷിച്ചപ്പോള്‍ ശുവജിത്തിനു മുന്നില്‍ വലിയൊരു ദൗത്യമുണ്ടായിരുന്നു. രാജ്യത്തെ ഗ്രാമങ്ങളിലെ വിദ്യാര്‍ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് തന്റെ ജീവിതം ശുവജിത്ത് മാറ്റിവച്ചിരിക്കുന്നത്. കൃഷിപ്പണിക്കുപുറമേ മറ്റൊരു ജീവനോപാധി കണ്ടെത്താന്‍ ഈ കുട്ടികള്‍ വളരുമ്പോള്‍ ഇംഗ്ലീഷ് അഭ്യസനം വഴിയൊരുക്കുമെന്നാണ് ശുവജിത്തിന്റെ അഭിപ്രായം.

ഉപാസന മകതി
ജേണലിസത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് മുംബൈക്കാരി ഉപാസന മകതി. പഠനശേഷം സ്‌കോളര്‍ഷിപ്പോടെ കാനഡയിലേക്ക്. അവിടെ ജോലിയും കിട്ടി. പി ആര്‍ ഏജന്‍സിയിലെ ജോലി മടുപ്പിക്കുന്നതായി തോന്നിയപ്പോള്‍ ഉപാസനയ്ക്കു മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ലോകത്തിന്റെ മാറ്റത്തിനൊപ്പം ചേരാന്‍ തനിക്കും എന്തെങ്കിലും കഴിയട്ടെ എന്നാണ് ഉപാസന കരുതിയത്. കാഴ്ചാശേഷിയില്ലാത്തവര്‍ക്കായി മാസിക ഇറക്കുകയാണ് ഉപാസന തന്റെ ജീവിതലക്ഷ്യമായി കണ്ടെത്തിയത്. ഇന്ത്യയിലെ ബ്രെയിലി ലിപിയിലുള്ള ആദ്യത്തെ മാസികയായി ഉപാസന ആരംഭിച്ച വൈറ്റ്പ്രിന്റ് മാറി.

ശ്രിയ രംഗരാജന്‍
അമേരിക്കയിലെ ഇല്ലിനോയ് സര്‍വകലാശാലയിലെ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ശ്രിയ രംഗരാജനെ കാത്തിരുന്നത് ലോകത്തെ മികച്ച ജോലികളാണ്. പാശ്ചാത്യ ലോകത്തിന്റെ സുഖലോലുപതിയില്‍ കഴിയാമായിരുന്ന ശ്രിയക്കു പക്ഷേ, ഇന്ത്യയിലേക്കു മടങ്ങാനായിരുന്നു ആഗ്രഹം. നഗരവികസനത്തില്‍ ഇല്ലിനോയിയിലെ പഠനം കഴിഞ്ഞ് നേരേ മഹാരാഷ്ടയിലേക്കു വന്ന ശ്രിയ ഇവിടെയുള്ള ആദിവാസി സ്ത്രീകളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ ശ്രമങ്ങളിലാണ് സജീവമായിരിക്കുന്നത്. കടലാസുകൊണ്ടുള്ള ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ആദിവാസി സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുകയും അവ വിറ്റഴിക്കാന്‍ വഴിയൊരുക്കുകയും ചെയ്ത് അവരുടെ ജീവിതത്തിന് പുതിയ മുഖം നല്‍കുകയാണ് ചെന്നൈ സ്വദേശിയായ ശ്രിയ ഇപ്പോള്‍. വാറംഗല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നു ബിടെക് നേടിയ ശേഷമാണ് ശ്രിയ അമേരിക്കയില്‍ ഉന്നതപഠനത്തിന് പോയത്.

വന്ദന മൗര്യ
എസ്ബിഐ യൂത്ത് ഇന്ത്യ ഫെല്ലോഷിപ്പിന്റെ ഭാഗമായാണ് ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ദില്ലി സ്വദേശിനി വന്ദന മൗര്യ സാമൂഹിക സേവനത്തിനിറങ്ങിയത്. മഹാരാഷ്ട്രയിലെ ജോഹറിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ സേവനപ്രവര്‍ത്തനങ്ങളായിരുന്നു വന്ദന ഏറ്റെടുത്തത്. അഞ്ചുവര്‍ഷത്തോളം വിവിധ കമ്പനികളില്‍ നിയമകാര്യ വിദഗ്ധയായും ഉപദേശകയായും പ്രവര്‍ത്തിച്ചശേഷമാണ് വന്ദന ജോലി ഉപേക്ഷിച്ചത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് തന്റെ വഴിയില്‍ വന്ദന സഞ്ചരിച്ചത്.

റോബിന്‍ ചൗരസ്യ
അമേരിക്കന്‍ വ്യോമസേനയിലെ ജോലി വലിച്ചെറിഞ്ഞാണ് മുംബൈ ചുവന്നതെരുവിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലേക്ക് റോബിന്‍ ചൗരസ്യ ഇറങ്ങിത്തിരിച്ചത്. ചുവന്ന തെരുവിലെ പെണ്‍കുട്ടികള്‍ സമൂഹത്തിന്റെ അഴുക്കുചാലിലേക്കു വീണുപോകാതിരിക്കാന്‍ അവര്‍ക്കു വിദ്യാഭ്യാസം നല്‍കണമെന്ന തിരിച്ചറിവാണ് റോബിനെ തീരുമാനത്തിലെത്തിച്ചത്. ക്രാന്തി എന്ന സന്നദ്ധ സംഘടനയുടെ ഭാഗമായാണ് റോബിന്റെ പ്രവര്‍ത്തനങ്ങള്‍. പതിനാറാം വയസില്‍ യുദ്ധവിമാനം പറപ്പിക്കുക എന്ന സ്വപ്‌നത്തിന്റെ ചിറകേറിയാണ് റോബിന്‍ അമേരിക്കന്‍ വ്യോമസേനയുടെ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അമേരിക്കയിലേക്കു പോയത്. ഇല്ലിനോയ് സെനറ്ററായിരുന്ന കാലത്ത് ബരാക് ഒബാമയുടെ ഓഫീസിലെ ജീവനക്കാരിയുമായിരുന്നു റോബിന്‍. ലോകത്തെമ്പാടും താന്‍ നടത്തിയ യാത്രയാണ് തന്നെ മാറ്റിമറിച്ചതെന്നും താനൊരു സ്വവര്‍ഗാനുരാഗികൂടിയാണെന്ന തിരിച്ചറിവു നല്‍കിയത് ഈ യാത്രകളാണെന്നും റോബിന്‍ പറയുന്നു.
പിയൂഷ് ഗോസ്വാമി, അക്ഷന്ത ഷെട്ടി

എന്‍ജിനീയറിംഗ് കോളജില്‍ ഒന്നിച്ചു പഠിച്ച പിയൂഷ് ഗോസ്വാമിയും അക്ഷന്ത ഷെട്ടിയും രണ്ടു വര്‍ഷം പഠനശേഷം കോര്‍പറേറ്റ് ലോകത്തു ജോലി ചെയ്തപ്പോഴാണ് അതിനുമപ്പുറം തങ്ങള്‍ക്കെന്തൊക്കെയോ ചെയ്യാനുണ്ടെന്നു തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഇരുവരും ജോലി വലിച്ചെറിഞ്ഞ് രാജ്യത്തെ ഗ്രാമങ്ങളിലൂടെ യാത്ര തുടങ്ങിയത്. വീടും സ്വന്തം ആസ്തികളും ഉപേക്ഷിച്ചായിരുന്നു ഇരുവരുടെയും വിപ്ലവകരമായ ദൗത്യം ആരംഭിച്ചതെന്നും പ്രത്യേകത. രാജ്യത്തെ സാമൂഹിക പ്രശ്‌നങ്ങളും മനുഷ്യനെ ബാധിക്കുന്ന പ്രശ്‌നങ്ങളും കണ്ടെത്തുകയും അവയെ ജീവിതഗന്ധിയായി രേഖപ്പെടുത്തുകയുമായിരുന്നു ഇരുവരും ദൗത്യമായി ഏറ്റെടുത്തത്. റെസ്റ്റ് ഓഫ് മൈ ഫാമിലി എന്ന സന്നദ്ധ സംഘടന സ്ഥാപിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍. ഒരു കാമറയും നോട്ട്ബുക്കുമായാണ് യാത്ര. മനുഷ്യകുടുംബത്തെ കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഇരുവരും ദൗത്യത്തെ വിശേഷിപ്പിക്കുന്നു.

കടപ്പാട്: http://www.thequint.com