തിമിംഗലങ്ങള്‍ തമിഴ്‌നാട് തീരത്തടിയാന്‍ ഇന്തോനീഷ്യന്‍ ഭൂകമ്പം കാരണമായിട്ടുണ്ടാകാമെന്നു വിദഗ്ധര്‍; 100 തിമിംഗലങ്ങളില്‍ 20 എണ്ണം ചത്തു

തൂത്തുക്കുടി: തമിഴ്‌നാട് തീരത്തു തൂത്തുക്കുടിക്കടുത്തു രണ്ടു ബീച്ചുകളില്‍ നൂറോളം തിമിംഗലങ്ങള്‍ അടിഞ്ഞതില്‍ ഇരുപതിലേറെ എണ്ണം ചത്തു. ബാക്കിയുള്ളവയെ കടലിലേക്കു മടക്കിവിട്ടെങ്കില്‍ തീരത്തുതന്നെ ജീവനുവേണ്ടി മല്ലടിക്കുകയാണ്. കഴിഞ്ഞദിവസം ഇന്തോനീഷ്യയിലും ഫിലിപ്പീന്‍സിലുമുണ്ടായ ഭൂകമ്പം കടലില്‍ വരുത്തിയ മാറ്റമായിരിക്കാം തിമിംഗലങ്ങള്‍ കരയിലേക്കെത്താന്‍ കാരണമെന്നാണ് സമുദ്രപഠന വിദഗ്ധരുടെ നിഗമനം.

തൂത്തുക്കുടിക്കടുത്ത് കുലശേഖരപട്ടണം, തിരുച്ചെന്തൂര്‍, അലന്തല, കള്ളാമൊഴി എന്നിവിടങ്ങളിലായാണ് നൂറോളം തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞത്. ജീവനുള്ള തിമിംഗലങ്ങളെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്കു തിരിച്ചുവിടുകയായിരുന്നു.

ഇതിനു മുമ്പ് 1973ലാണ് സമാനമായ സാഹചര്യം കടല്‍തീരത്തുണ്ടായത്. സംഭവം അറിഞ്ഞ് രാമനാഥപുരത്തെ മന്നാര്‍ കടലിടുക്ക് മറൈന്‍ പാര്‍ക്കിലെ വിദഗ്ധര്‍ തൂത്തുക്കുടിയെത്തി പഠനം നടത്തിയിരുന്നു. കഴിഞ്ഞദിവസം ഇന്തോനീഷ്യയിലും ഫിലിപ്പീന്‍സിലും കടലിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുള്ള മാറ്റങ്ങളായിരിക്കാം തിമിംഗലങ്ങള്‍ കരയിലേക്കെത്താന്‍ കാരണമായതെന്നത് ഇവരുടെ നിഗമനമാണ്

തിമിംഗലങ്ങളും ഡോള്‍ഫിനുകളും സമുദ്രത്തില്‍ കൂട്ടായി ജീവിക്കുന്ന സസ്തനികളാണ്. കടലില്‍ മാറ്റമുണ്ടാകുമ്പോള്‍ അതു തിരിച്ചറിയുന്ന ഇവ കൂട്ടത്തിന്റെ തലവന്റെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു പോകും. അങ്ങനെയായിരിക്കാം ഇവര്‍ കരയോട് അടുത്തത്. ഭൂകമ്പങ്ങള്‍, ജൈവ കാന്തിക വ്യതിയാനങ്ങള്‍, സോണിക് തരംഗങ്ങള്‍ തുടങ്ങിയവയാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍.

റിക്ടര്‍ സ്‌കെയിലില്‍ 6.5 ഉം 6.9 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളാണ് ഫിലിപ്പീന്‍സിലും ഇന്തോനീഷ്യയിലും ഉണ്ടായത്. അടുത്തകാലത്തായി ഇന്ത്യന്‍ തീരത്തിനടുത്ത് 1500 തിമിംഗലങ്ങള്‍ ഉള്ളതായാണ് മറൈന്‍ പഠന വിദഗ്ധര്‍ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here