പത്താന്‍കോട്ട് മോഡല്‍ ആക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാമെന്ന് പര്‍വേസ് മുഷറഫ്; ഇന്ത്യ കാണിക്കുന്നത് അമിതാവേശം; മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ-പാക് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നു തോന്നുന്നില്ലെന്നും മുഷറഫ്

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യ അമിതാവേശം കാണിക്കേണ്ടതില്ലെന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാകിസ്താനും ഭീകരാക്രമണത്തിന്റെ ഇരകളാണ്. അതുകൊണ്ടാണ് പാകിസ്താന്‍ അമിതാവേശം കാണിക്കാത്തത്. ഇന്ത്യയിലും പാകിസ്താനിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പത്താന്‍കോട്ട് പോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാമെന്നും പര്‍വേസ് മുഷറഫ് പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു. പാകിസ്താനി വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുഷറഫിന്റെ അഭിപ്രായ പ്രകടനം.

ഇന്ത്യയില്‍ ഏതു ഭീകരാക്രമണം നടന്നാലും അതിന് പഴി ചാരുന്നത് പാകിസ്താനെയാണ്. പക്ഷേ ഇന്ത്യയിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തീര്‍ച്ചയായും നടപടിയെടുക്കണം. പക്ഷേ അതിന്റെ പേരില്‍ ഒരാള്‍ മാത്രം അമിതാവേശം കാണിക്കുന്നത് അംഗീകരിക്കാനാവില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കു മുന്‍പ് ഉപാധികള്‍ മുന്നോട്ടുവച്ചു ഇന്ത്യയ്ക്കു പാകിസ്താനെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും മുഷറഫ് പറഞ്ഞു.

ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ല. ഞങ്ങള്‍ ചെറിയ രാജ്യമാണ്. പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ആത്മാഭിമാനമുണ്ട്. ഇന്ത്യയില്‍ പലയിടങ്ങളിലും വ്യാപകമായി ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യ എപ്പോഴും ഭീകരവാദത്തെ ഒരു വശത്തെ പ്രശ്‌നം മാത്രമായിട്ടാണ് കണക്കാക്കുന്നത്. അതാണ് തന്നെ രോഷാകുലനാക്കുന്നത്. ഇന്ത്യയില്‍ എന്തെങ്കിലും നടന്നാല്‍ അതു മുഴുവന്‍ പാകിസ്താനു മേല്‍ ചുമത്താനാവില്ലെന്നും മുഷറഫ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അടല്‍ ബിഹാരി വാജ്‌പേയിയും മന്‍മോഹന്‍ സിങ്ങും കൂടുതല്‍ ആത്മാര്‍ഥത ഉള്ളവരായിരുന്നു. എന്നാല്‍ നരേന്ദ്രമോദി ഇതില്‍ നിന്നും തികച്ചും വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നു കരുതുന്നില്ലെന്നും മുഷറഫ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here