ജന്‍ധനും മെയ്ക്ക് ഇന്‍ ഇന്ത്യയും ഒന്നും ഏറ്റില്ല; പാതിവഴിയില്‍ നിലച്ച പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ മന്ത്രിമാരെ ഇറക്കി പ്രചാരണത്തിന് മോദിയുടെ നീക്കം

ദില്ലി: കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ചു തുടങ്ങിയ ജന്‍ധന്‍യോജന, മെയ്ക്ക് ഇന്‍ ഇന്ത്യ, സ്വഛ് ഭാരത് പദ്ധതികള്‍ പാതി വഴിയില്‍നിലച്ചു. ജനങ്ങളുടെ മനസില്‍നിന്നു പദ്ധതികള്‍ മാഞ്ഞുതുടങ്ങിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര മന്ത്രിമാരെ ഇറക്കി പ്രചാരണത്തിലൂടെ അവ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എന്‍ഡിഎ എംപിമാരുടെ മണ്ഡലങ്ങളിലായിരിക്കും മുഖം രക്ഷിക്കലിന്റെ ഭാഗമായുള്ള പരിപാടി ആദ്യം നടപ്പാക്കുക.

സ്വച്ഛ് ഭാരത്, വിള ഇന്‍ഷുറന്‍സ്, മേയ്ക്ക് ഇന്‍ ഇന്ത്യ അടക്കമുള്ള വിവിധ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് കോടികളാണ്. വലിയ തോതിലുള്ള വിദേശനിക്ഷേപം പ്രതീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ മെയ് ഇന്‍ ഇന്ത്യ പദ്ധതിയിലും, വികസന മുഖമുയര്‍ത്തി സ്വച്ഛ് ഭാരതിലും, കര്‍ഷകര്‍ക്ക് ദുരിതാശ്വാസത്തിന്റെ പേരില്‍ വിള ഇന്‍ഷുറന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കായി വകയികരുത്തിയതും കോടികണക്കിന് രൂപയാണ്.

വിള ഇന്‍ഷുറന്‍സില്‍ അംഗങ്ങള്‍ ആയ ദുരിതകര്‍ഷകര്‍ക്ക് പോലും ഇതു വരെ തുക ലഭ്യമായിട്ടില്ല. ഉപഭോക്തൃ സെസ് ചുമത്തിയിട്ടും രാജ്യത്തെ പകുതി സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ശൗചാലയം നിര്‍മ്മിച്ചിട്ടില്ല. ജന്‍ധന യോജന പദ്ധതിയും സമാനവഴിയില്‍. പാതി വഴിയില്‍ നിലച്ച പദ്ധതികള്‍ക്ക് വിവിധ തലങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രചാരണ പരിപാടികളിലൂടെ ജനപിന്തുണ തേടാന്‍ സര്‍ക്കാര്‍ നീക്കം.

നരേന്ദ്രമോദിയുടെ ത്രിശൂല്‍ എന്ന പരിപാടിയുടെ ഭാഗമായി എന്‍ഡിഎ മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാരോട് പുതിയ പദ്ധതികളുടെ പ്രചാരണം നടത്താനാണ് നിര്‍ദേശം. 24 ക്യാബിനറ്റ് മന്ത്രിമാര്‍ക്കും രണ്ട് മണ്ഡലങ്ങള്‍ വീതം പദ്ധതി പ്രചാരണത്തിനായി നല്‍കും. ഇതിനായി ശിവസേന, അകാലിദള്‍, തെലുങ്കുദേശം തുടങ്ങിയ ഘടകകക്ഷികളുടെ പിന്തുണയും സര്‍ക്കാര്‍ തേടി.ഇതു കൂടാതെ പരസ്യങ്ങളിലൂടെയും സാമൂഹ മാധ്യമങ്ങളിലൂടേയും പുതിയ പദ്ധതികള്‍ക്ക് ജനങ്ങളുടെ അനുഭാവം നേടാനാണ് പാര്‍ട്ടി എംപി മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതി മുന്‍നിര്‍ത്തിയാകണം മറ്റു പദ്ധതികളുടെ പ്രചാരണം എന്നും നിര്‍ദേശമുണ്ട്.വരുന്ന ബ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി പദ്ധതികള്‍ക്ക് ജനങ്ങളുടെ അനുഭാവം നേടി എടുക്കാനാണ് പാര്‍ട്ടി എംപി മാരോട് മോദി നിര്‍ദേശിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News