ഗസല്‍ മാന്ത്രികനെ നിറഞ്ഞമനസോടെ ആദരിച്ച് കേരളം; സ്വരലയയുടെ പുരസ്‌കാരം ഗുലാം അലിക്ക് സമ്മാനിച്ചു

തിരുവനന്തപുരം: വിശ്വഗായകന്‍ ഗുലാം അലിക്ക് കേരളത്തിന്റെ ആദരം. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ആദരസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്വരലയയുടെ പ്രഥമ ഗ്‌ളോബല്‍ ലെജന്‍ഡറി അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ഗുലാം അലിക്ക് സമ്മാനിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഗുലാം അലിക്ക് കേരളത്തിന്റെ ഉപഹാരമായി ആറന്മുളക്കണ്ണാടി മുഖ്യമന്ത്രി സമ്മാനിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രശസ്തിപത്രം കൈമാറി.

ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സാന്നിധ്യത്തിലൂടെ വിജയിച്ചത് കേരളത്തിന്റെ മതേതരമനസ്സാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എക്കാലവും വിശാലമായി ചിന്തിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തെയാണ് ചടങ്ങ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന് വിരുദ്ധമായ ആശയങ്ങളും ചിന്താഗതികളും മുന്നോട്ടുവയ്ക്കുന്നവരെ ജനങ്ങള്‍ ശക്തമായി ചെറുക്കുമെന്ന സന്ദേശമാണ് ഗുലാം അലിയുടെ സന്ദര്‍ശനം നല്‍കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശക്തമായ മതനിരപേക്ഷ അടിത്തറയുള്ള സംസ്ഥാനമാണ് കേരളം. അതിന് കളങ്കംവരുത്താനുള്ള ഏതു നീക്കത്തെയും ജനാധിപത്യ പുരോഗമനവിശ്വാസികള്‍ ചെറുക്കുമെന്നും കോടിയേരി പറഞ്ഞു.

ഇന്ത്യക്കാര്‍ക്കു മുഴുവന്‍ സഹോദരനാണ് ഗുലാം അലി എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനനന്ദന്‍ പറഞ്ഞു. വിഷം പുരട്ടിയ മനസും ചിന്തകളുമായി നടക്കുന്ന സംഘപരിവാര്‍ ശക്തികള്‍ ഗുലാം അലിയുടെ വരവിന് നേരെ വാളോങ്ങാന്‍ ശ്രമിച്ചത് നാണക്കേടായി. അവരുടെ നിലപാടല്ല നമ്മുടെ സംസ്‌കാരമെന്നും വിഎസ് പറഞ്ഞു.

കേരളത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ഗുലാം അലി പറഞ്ഞു. ’55 വര്‍ഷമായി പാട്ടുപാടുന്നുണ്ടെങ്കിലും സന്തോഷംകൊണ്ടും അഭിമാനംകൊണ്ടും മഹത്തരമാണ് ഈ ദിനം. ഞാന്‍ വലിയ പാട്ടുകാരനൊന്നുമല്ല. കുറച്ച് പാട്ട് കേള്‍ക്കും, കുറച്ച് പാടും, അത്രമാത്രം. കേരളത്തിലെ സന്ദര്‍ശനത്തിന് ലഭിച്ച അവസരം ഏറെ വിലപ്പെട്ടതാണ്.’ ഗുലാം അലി പറഞ്ഞു.

ചടങ്ങില്‍ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി ചടങ്ങില്‍ അധ്യക്ഷനായി. സര്‍ഗഭാവനയ്ക്കുമുമ്പില്‍ ലോകം ഒന്നിക്കുന്നതിനെതിരായ അപസ്വരങ്ങളെ സുസ്വരങ്ങള്‍കൊണ്ട് പ്രതിരോധിക്കാനുള്ള ശ്രമമാണ് ഇവിടെ വിജയിക്കുന്നതെന്ന് എംഎ ബേബി പറഞ്ഞു. സ്വരലയ ജനറല്‍ സെക്രട്ടറി ഇ എം നജീബ് പ്രശസ്തിപത്രം വായിച്ചു.

സംഗീതം ലോകത്തിന്റെ ഭാഷയാണെന്നും അതിനുമുന്നില്‍ അതിര്‍ത്തികളില്ലെന്നും ഗുലാം അലിക്കൊപ്പം പാടാനെത്തിയ പണ്ഡിറ്റ് വിശ്വനാഥന്‍ പറഞ്ഞു. മന്ത്രി രമേശ് ചെന്നിത്തല, സിപിഐഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വികെ പ്രശാന്ത്, ജികെഎസ്എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ്, സ്വരലയ ട്രഷറര്‍ തോമസ് ഫിലിപ്പ്, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി റഹിം, മൈക്രോടെക് ചെയര്‍മാന്‍ ഷിബു കെ മുഹമ്മദ് എന്നിവര്‍ ഗുലാം അലിക്ക് ഉപഹാരം സമര്‍പ്പിച്ചു. ജി രാജ്‌മോഹന്‍ സ്വാഗതവും വിവി വിജയന്‍ നന്ദിയും പറഞ്ഞു. എംബിഎസ് യൂത്ത് ക്വയറിന്റെ സംഘഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News