നവകേരള സൃഷ്ടിക്ക് കാഹളമുയര്‍ത്തി സിപിഐഎം; പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന് കാസര്‍ഗോട്ടു തുടക്കം

കാസര്‍ഗോഡ്: നവകേരള സൃഷ്ടിക്കുള്ള വിളംബരവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്നു കാസര്‍ഗോട്ടു തുടക്കം. മാര്‍ച്ച് ഉച്ചകഴിഞ്ഞു മൂന്നിന് ഉപ്പളയില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. മതനിരപേക്ഷ അഴിമതി വിമുക്ത വികസിത കേരളം എന്ന സന്ദേശം ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തുന്നത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഫെബ്രുവരി 14 നു മാര്‍ച്ച് തിരുവനന്തപുരത്തു സമാപിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദന്‍, കെ ജെ തോമസ്, എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ, ഡോ. കെ ടി ജലീല്‍ എംഎല്‍എ എന്നിവരാണ് മാര്‍ച്ചിലെ സ്ഥിരാംഗങ്ങള്‍. മൂന്നു മണിക്ക് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ചിന് അഞ്ചു മണിക്ക് കാസര്‍ഗോഡ് നഗരത്തില്‍ സ്വീകരണം നല്‍കും. നാളെ രാവിലെ കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന മാര്‍ച്ചിന് പത്തിന് ചട്ടഞ്ചാലിലും ഉച്ചകഴിഞ്ഞു മൂന്നിന് കാഞ്ഞങ്ങാട്ടും നാലിനു കാലിക്കടവിലും സ്വീകരണം നല്‍കും. പിന്നീട് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന മാര്‍ച്ചിന് അഞ്ചു മണിക്ക് പയ്യന്നൂരില്‍ സ്വീകരണം നല്‍കും.

നവ കേരള മാര്‍ച്ചിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍
ദുരിതമേഖലകളില്‍ പിണറായി വിജയന്‍ ഇന്നലെ നടത്തിയ പര്യടനം ജനശ്രദ്ധ നേടി. സിപിഐഎം
പ്രവര്‍ത്തകര്‍ക്കൊപ്പം ബഹുജനങ്ങളിലാകെ മാര്‍ച്ചിന്റെ സന്ദേശം ഇതിനകം എത്തിക്കഴിഞ്ഞു.  നാടിന്റെ ജനകീയ പ്രശ്‌നങ്ങളും പരിഹാര നിര്‍ദേശങ്ങളും മാര്‍ച്ചിന് അനുബന്ധമായി ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പിണറായി നടത്തിയ സാന്ത്വന സന്ദര്‍ശനം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളും സംഘടനാ നേതാക്കളുമായി ജില്ലാ കേന്ദ്രങ്ങളില്‍ പിണറായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഇത്തരം ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന പൊതു സാമൂഹികപ്രശ്‌നങ്ങളും രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം മാര്‍ച്ചില്‍ ചര്‍ച്ചചെയ്യപ്പെടും. നാടിന്റെ സമഗ്ര വികസനം മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണു നവകേരളാ മാര്‍ച്ചില്‍ നിറഞ്ഞു നില്‍ക്കുക.140 നിയമസഭാ മണ്ഡലങ്ങളിലും ഓരോ കേന്ദ്രത്തില്‍ വീതമാണ് സ്വീകരണം. ഈ കേന്ദ്രങ്ങളില്‍ പതിനായിരത്തിലേറെ ബഹുജനങ്ങള്‍ മാര്‍ച്ചിനെ വരവേല്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News