സംഗീതാസ്വാദകരുടെ മനം നിറയ്ക്കാന്‍ ഗുലാം അലിയുടെ ഗസല്‍സന്ധ്യയ്‌ക്കൊരുങ്ങി തലസ്ഥാനം; നിശാഗന്ധിയില്‍ കനത്ത സുരക്ഷ - Kairalinewsonline.com
Culture

സംഗീതാസ്വാദകരുടെ മനം നിറയ്ക്കാന്‍ ഗുലാം അലിയുടെ ഗസല്‍സന്ധ്യയ്‌ക്കൊരുങ്ങി തലസ്ഥാനം; നിശാഗന്ധിയില്‍ കനത്ത സുരക്ഷ

സൗജന്യ പാസ്മൂലം പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.

തിരുവനന്തപുരം: വിശ്വഗായകന്‍ ഗുലാം അലിയുടെ ഗസല്‍ സന്ധ്യ ഇന്ന് തലസ്ഥാനത്ത് അരങ്ങേറും. വൈകിട്ട് 5.45ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചാന്ദ്‌നി കി രാത് ഗുലാം അലി കേ സാത്’ എന്ന് പേരിട്ട സംഗീതപരിപാടി. കവി ഒഎന്‍വി കുറുപ്പ് ഉള്‍പ്പെടെ ഏഴ് പ്രമുഖ വ്യക്തികള്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്യും.

പണ്ഡിറ്റ് വിശ്വനാഥാണ് ഗുലാം അലിയുടെ പ്രധാന സഹഗായകന്‍. ഗുലാം അലിക്കൊപ്പമെത്തിയ മകന്‍ ആമിര്‍ അലിയും ഗസല്‍സന്ധ്യയില്‍ പങ്കെടുക്കും. പിയാനിസ്റ്റ് സജാദ് ഹുസൈന്‍ ഉള്‍പ്പെടെയുള്ള പത്തംഗ സംഘമാണ് ആസ്വാദകര്‍ക്കുമുന്നില്‍ ഗസല്‍ രാഗങ്ങള്‍ തീര്‍ക്കുക.

ഗുലാം അലിക്ക് ആദരമര്‍പ്പിച്ച് എം ജയചന്ദ്രന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ഫ്യൂഷന്‍ സംഗീതം ‘സലാം ഗുലാം അലി’ പരിപാടിക്ക് മുന്നോടിയായി അരങ്ങേറും. വൈക്കം വിജയലക്ഷ്മി, അപര്‍ണ രാജീവ് എന്നിവര്‍ ഗസല്‍ അവതരിപ്പിക്കും. സൗജന്യ പാസ്മൂലം പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.

പുറത്തുള്ളവര്‍ക്ക് വലിയ സ്‌ക്രീനില്‍ പരിപാടി കാണാന്‍ കഴിയും. സുരക്ഷാ പരിശോധന ഉള്‍പ്പെടെയുള്ളതിനാല്‍ വൈകിട്ട് 5.30ന് ഇരിപ്പിടത്തിലെത്തണമെന്ന് സംഘാടകര്‍ അറിയിച്ചു. സംസ്ഥാന ടൂറിസംവകുപ്പും ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലുമായി സഹകരിച്ച് സ്വരലയയാണ് ഗസല്‍നിശ സംഘടിപ്പിക്കുന്നത്.

ഗസല്‍ മാന്ത്രികനെ നിറഞ്ഞമനസോടെ ആദരിച്ച് കേരളം; സ്വരലയയുടെ പുരസ്‌കാരം ഗുലാം അലിക്ക് സമ്മാനിച്ചു

Leave a Reply

Your email address will not be published.

To Top