പാടൂ, ഗുലാം അലി, പാടൂ; ഒഎന്‍വി കുറുപ്പിന്റെ കവിത - Kairalinewsonline.com
Books

പാടൂ, ഗുലാം അലി, പാടൂ; ഒഎന്‍വി കുറുപ്പിന്റെ കവിത

ഒഎന്‍വി കുറുപ്പ്

വിശ്വവിഖ്യാതനായ ഗായകന്‍ ഗുലാം അലി തിരുവനന്തപുരത്ത് ഗസല്‍ സന്ധ്യ അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ജ്ഞാനപീഠം ജേതാവ് ഒ എന്‍വി കുറുപ്പ് എഴുതിയ കവിത

മഞ്ഞില്‍ കുളിച്ചീറനായൊരു കാറ്റിന്ത്യന്‍-
മണ്ണില്‍നിന്നും വടക്കോട്ടു വീശീടുകില്‍,
ആയതില്‍ സ്വര്‍ണ്ണശലഭങ്ങള്‍ പാറുകില്‍,
ആര്‍ക്കു തടുക്കുവാനാവുമവറ്റയെ?
ആ ദിക്കിലെ നിശാഗന്ധികള്‍ തന്‍ തീക്ഷ്ണ-
സൌരഭമാര്‍ക്കിവിടെത്തടയാനാവും?

അങ്ങു തിമിര്‍ക്കുന്ന ‘ബംഗഡാ’നൃത്തത്തില്‍-
നിന്നുതിരുന്നതൊരേ നൂപരദ്ധ്വനി;
അങ്ങുളവാകുമിലയനക്കങ്ങള്‍ക്കു-
മിങ്ങുലയുന്ന തളിരിന്റെ സ്‌നിഗ്ധത!
ഏതോ മരുഭൂവില്‍ വീണുവറ്റും പ്രണ-
യാര്‍ദ്ര മോഹത്തിന്‍ വിലാപമൊരുപോലെ!

ഒട്ടകത്തിന്‍ കഴല്‍പ്പാടൊരുപോല്‍, മരു-
പ്പച്ച വിടര്‍ത്തും വിശറികളൊന്നുപോല്‍!
ആ വിശറിത്തണുപ്പാശ്വസിപ്പിക്കുന്ന
പാവമറബി തന്‍ വൈവശ്യമൊന്നുപോല്‍.

പാടൂ, ഗുലാം അലീ! താങ്കള്‍ പാടുന്ന സം-
ഗീതികള്‍ക്കെല്ലാമൊരേ പൊരുള്‍, മാനവ-
സ്‌നേഹമൊന്നല്ലാതെ, യസ്വസ്ഥഹൃത്തുക്കള്‍
തേടുന്ന സ്വച്ഛസഹിഷ്ണുതയല്ലാതെ,
ഒക്കെയും പങ്കിട്ടു വേര്‍പിരിഞ്ഞോര്‍ക്കൊരേ
ദുഃഖങ്ങള്‍, സ്വപ്നങ്ങളെന്നൊക്കെയല്ലാതെ?

പാടൂ ഗുലാം അലി, പാടൂ, നിന്‍ സംഗീത-
മാധുരി പെയ്യും നിലാമഴയൊന്നുപോല്‍
ഭൂമിയില്‍ രാപ്പാടികളെയുണര്‍ത്തുന്നു;
ഭൂമിയില്‍ സൌഗന്ധികങ്ങള്‍ വിടര്‍ത്തുന്നു;
പാരിനെ താരാഖചിതമാകുന്നൊര-
പാരതയാക്കുന്നു; പക്ഷികള്‍ക്കൊക്കെയും
‘ഏകമാം നീഡ”മാക്കുന്നു; കിനാവിലെ-
ന്നാകിലും നാമതിലൊത്തു വസിക്കുന്നു!

പാടൂ, ഗുലാം അലി, പാടൂ, പ്രവാസിതന്‍
പാതയോരത്തെഴും പാഥേയമാവുക!
**കടപ്പാട് – ദേശാഭിമാനി

Leave a Reply

Your email address will not be published.

To Top