പൊതു ഇടങ്ങള്‍ ഇല്ലാതാകുന്നില്ല; അതിരുകളില്ലാത്ത സൗഹൃദം കൂടാന്‍ അനന്തപുരിയില്‍ പൊതു ഇടം ഒരുങ്ങുന്നു - Kairalinewsonline.com
Culture

പൊതു ഇടങ്ങള്‍ ഇല്ലാതാകുന്നില്ല; അതിരുകളില്ലാത്ത സൗഹൃദം കൂടാന്‍ അനന്തപുരിയില്‍ പൊതു ഇടം ഒരുങ്ങുന്നു

ഞായറാഴ്ച രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അനക്‌സിന് സമീപം കെജിഒഎ ഹാളിലാണ് ആലോചനാ യോഗം

തിരുവനന്തപുരം: പൊതു ഇടങ്ങള്‍ ഇല്ലാതാകുന്നുവെന്ന പരാതി നിങ്ങള്‍ക്കുണ്ടോ. എന്നാല്‍ ഇതാ, വേവലാതിക്ക് പരിഹാരം തേടാന്‍ തലസ്ഥാനത്ത് കൂട്ടായ്മ ഒരുങ്ങുന്നു. ആശയ വിനിമയത്തിനായി മതേതര – ജനാധിപത്യ – സ്വതന്ത്ര കൂട്ടായ്മയാണ് സംഘാടകരുടെ ലക്ഷ്യം. ഇതിനായി ഞായറാഴ്ച തിരുവനന്തപുരത്ത് ആലോചനാ യോഗം ചേരും.

‘വരുന്നവര്‍ക്കു സംസാരിച്ചിരിക്കാം, പാട്ടുപാടാം, കേള്‍ക്കാം, വായിക്കാം, ചര്‍ച്ച ചെയ്യാം. സംഭാരമോ നാരങ്ങാവെള്ളമോ ചായയോ കുടിച്ച് ചിന്തിച്ചിരിക്കാം. ചെറിയ സെമിനാറോ കൂട്ടായ്മയോ ആകാം. അതു നടക്കുമ്പോള്‍ത്തന്നെ അതില്‍ പങ്കെടുക്കാതെ മാറിയിരുന്നു താല്പര്യമുള്ള കാര്യങ്ങള്‍ ചെയ്യാം. മറ്റുള്ളവരുടെ സൈ്വര്യം കെടുത്തരുതെന്നുമാത്രം.’ – സംഘാടകരായ ‘ആലോചനക്കാര്‍’ പറയുന്നു.

വിവിധ ആശയഗതിക്കാര്‍ക്ക് ഒത്തുകൂടാനും പരസ്പരം ആശയവിനിമയം നടത്താനും പൊതുവിടത്തില്‍ കഴിയും. ഏതു രാഷ്ട്രീയ ആശയക്കാര്‍ക്കും ഏതു സംഘടനക്കാര്‍ക്കും ഒരു സംഘടനയും ഇല്ലാത്തവര്‍ക്കും ഏതു പ്രായക്കാര്‍ക്കും എല്ലാ ലിംഗക്കാര്‍ക്കും പൊതുവിടത്തില്‍ വരാം. മതനിരപേക്ഷരും ജനാധിപത്യ വാദികളുമായ ആര്‍ക്കും ഏപ്പോഴും വരാന്‍ കഴിയുന്ന ഇടം കൂടിയാകും ‘പൊതു ഇടം’ എന്നാണ് ആലോചനക്കാരുടെ പക്ഷം. ആലോചനക്കാര്‍ ആരാണെന്നല്ലേ, വ്യത്യസ്ത കാഴ്ചപ്പാടുള്ളവരുടെ ഒരു കൂട്ടമാണ് ആലോചനക്കാര്‍.

വിശാലമായ മുറ്റം. അവിടെ പ്രകൃതിയുടെ തുറസില്‍ മരക്കുറ്റികളും കല്ലും പാറയും ഒക്കെക്കൊണ്ടുള്ള ഇരിപ്പിടങ്ങളുള്ള ഒരു സല്ലാപമേഖല. നല്ലൊരു വരാന്ത. ഒരു ഹാള്‍, ഏതാനും മുറികള്‍, കസേര, മേശ, വായിക്കാന്‍ പത്രവാരികകള്‍, ലഗേജും മറ്റും സൂക്ഷിക്കാന്‍ ഒരു ക്ലോക്ക് റൂം, ടോയ്‌ലറ്റ്, ആണ്‍ – പെണ്‍ – ഉഭയലിംഗ സൗഹൃദമായ അന്തരീക്ഷം, പതിഞ്ഞ പാട്ട് ഒക്കെ ആലോചനക്കാര്‍ വിഭാവനം ചെയ്യുന്നു. മറ്റെന്തൊക്കെ വേണമെന്നും പൊതുവിടത്തിന്റെ പേര് എന്തായിരിക്കണമെന്നുമൊക്കെ ജനാധിപത്യരീതില്‍ തീരുമാനിക്കും.

പൊതു ഇടത്തിന്റെ സുഗമമായ പ്രയാണത്തിന് ഭംഗം വരാതിരിക്കാന്‍ ചില നിബന്ധനകളും ആലോചനക്കാര്‍ മുന്നോട്ടുവയ്ക്കുന്നു. പൊതു ഇടത്തിന്റെ സാര്‍വ്വജനീനതയ്ക്കു ഭംഗം വരുത്തുന്ന ഒന്നും ചെയ്യരുത്. പുകവലിക്ക് നിയന്ത്രണമുണ്ട്. ഇതുപോലുള്ള പൊതുവായ കാര്യങ്ങള്‍ പാലിക്കണം. ഇത്രമാത്രമാണ് ആലോചനക്കാര്‍ പറയുന്ന നിബന്ധന.

സ്ഥിരം ഭാരവാഹികളും നടത്തിപ്പുകാരും ഒന്നുമില്ലാത്ത സമ്പൂര്‍ണ്ണമായും ജനാധിപത്യപരമായ, മതനിരപേക്ഷമായ, വിശാലമാനങ്ങളുള്ള സംവിധാനമായി കരുപ്പിടിപ്പിക്കുന്നതു കൂടിയാവും പൊതു ഇടം. ഇത് മറ്റു നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും മാതൃകയും പ്രചോദനവും ആകുമെന്നാണ് ഈ ആശയത്തിന്റെ ആലോചനക്കാരുടെ പ്രതീക്ഷ. ജനുവരി 17 ഞായറാഴ്ച രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അനക്‌സിന് സമീപം കെജിഒഎ ഹാളിലാണ് ആലോചനാ യോഗം. പൊതു ഇടത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് എല്ലാം പങ്കെടുക്കാം.

Leave a Reply

Your email address will not be published.

To Top