ആലപ്പുഴയില്‍ വാഹനപരിശോധനയ്‌ക്കെത്തിയ ഏമാന്‍മാര്‍ക്കു കാലുറച്ചില്ല; ചോദിച്ചപ്പോള്‍ ഉന്തും തള്ളും; നാട്ടുകാര്‍ക്കെതിരേ കേസ്; വീഡിയോ കാണാം

ആലപ്പുഴ: മദ്യലഹരിയിലായപ്പോള്‍ കാക്കിയിട്ട ഏമാന്‍മാര്‍ക്കു മോഹം റോഡിലിറങ്ങി വാഹനപരിശോധന നടത്താന്‍. പിന്നെ അമാന്തിച്ചില്ല, ഏമാന്‍മാര്‍ ആലപ്പുഴയിലെ കാട്ടൂരില്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു. വഴിയില്‍ കണ്ട വാഹനയാത്രികരെയൊക്കെ പിടിച്ചുനിര്‍ത്തി പരിശോധനയോടു പരിശോധന. പെറ്റിയെഴുത്തിനും കുറവില്ല. എല്ലാ രേഖയുണ്ടെങ്കിലും പെറ്റിയോടു പെറ്റി. നാട്ടുകാര്‍ക്കു കാര്യം മനസിലായപ്പോള്‍ അവിടെ നടന്ന കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കാനാവില്ല. കണ്ടുതന്നെ അറിയണം.

കഴിഞ്ഞ ക്രിസ്മസ് ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം വാട്‌സ് ആപ്പില്‍ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെ പൊലിസുകാരാണ് പൂസായി റോഡിലിറങ്ങിയത്. വാഹനപരിശോധന നടത്തുമ്പോള്‍ പൊലീസുകാരെ മദ്യം മണത്തപ്പോഴാണ് കാര്യം വ്യക്മായത്. തുടര്‍ന്ന് ആളുകള്‍ കാര്യം ചോദിച്ചപ്പോള്‍ പൊലീസുകാര്‍ കയര്‍ക്കുകയും സംഘര്‍ഷമാവുകയുമായിരുന്നു.

പൊലീസുകാരെ മടക്കി അയച്ച നാട്ടുകാര്‍ പക്ഷേ, എട്ടിന്റെ പണിയാണു കാത്തിരിക്കുന്നതെന്നു കരുതിയില്ല. മദ്യപിച്ച പൊലീസുകാരെ മര്‍ദിച്ചെന്നും ജോലി തടസപ്പെടുത്തിയെന്നും ആരോപിച്ച് നാട്ടുകാര്‍ക്കെതിരേ പൊലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here