മുഖ്യമന്ത്രിക്കെതിരേ ജേക്കബ് തോമസ്; ഓഫീസില്‍ വെബ്കാം വച്ചു സുതാര്യകേരളം നടത്തിയാല്‍ അഴിമതി ഇല്ലാതാകില്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ സത്യസന്ധര്‍ 10% മാത്രം

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഡിജിപി ജേക്കബ് തോമസ്. ഓഫീസില്‍ വെബ്കാമറ സുതാര്യകേരളം നടത്തിയതുകൊണ്ടു മാത്രം കേരളത്തില്‍ അഴിമതിയില്ലാതാകില്ലെന്നും കേരളം മുഴുവന്‍ കാമറ വയ്‌ക്കേണ്ട സാഹചര്യമാണുള്ളതെന്നും ജേക്കബ് തോമസ് പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ് മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമവിദ്യാര്‍ഥികള്‍ക്കുമായി മാധ്യമശില്‍പശാലയില്‍ അഴിമതിയും മാധ്യമജാഗ്രതയും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

എവിടെ വച്ചാണ് കൈക്കൂലി കൊടുക്കുന്നതെന്നു പറയാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍. ഓഫീസില്‍ വെബ്കാം വയ്ക്കുന്നതു ചെപ്പടി വിദ്യമാത്രമാണ്. ജനപ്രതിനിധികള്‍ ആണെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ എത്ര നിര്‍ബന്ധിച്ചാലും ഉദ്യോഗസ്ഥര്‍ അനുവദിക്കേണ്ട കാര്യമില്ല. മുപ്പതു വര്‍ഷത്തിനിടയ്ക്കു മുപ്പുതു സ്ഥലത്തേക്കു മാറ്റുന്ന രീതിക്കു മാറ്റം വരണം- അദ്ദേഹം പറഞ്ഞു.

ഒരു സ്ഥാപനം നന്നായി പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ നശിപ്പിക്കാനുള്ള പ്രവര്‍ത്തനവും തുടങ്ങും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൗരാവകാശങ്ങളുണ്ട്. അഴിമതി ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ പ്രതികരിക്കുക തന്നെ വേണം. നിലവിലുള്ള സാഹചര്യം അനുസരിച്ചു ഒരാളെ പ്രതിയാക്കാനും പ്രതിയാക്കാതിരിക്കാനും അന്വേഷണം നടത്താം.അതു നല്ലതല്ല. പ്രതിയെ രക്ഷിക്കാന്‍ വേണ്ടി പരാതിക്കാരെക്കുറിച്ച് അന്വേഷിക്കരുത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പത്തു ശതമാനം മാത്രമേ സത്യസന്ധരുള്ളൂവെന്നും ജേക്കബ് തോമസ് പറഞ്ഞു.

പ്രമുഖ മാധ്യമപ്രവര്‍ത്തകരായ എസ് ഹരികൃഷ്ണന്‍, ഡി ദിലീപ്, സി ഗൗരീദാസന്‍ നായര്‍ എന്നിവരും ശില്‍പശാലയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel