മുംബൈ: മുഷ്താഖ് അലി ട്രോഫി ട്വന്റി-20 സൂപ്പര്‍ ലീഗിലെ രണ്ടാം പോരാട്ടത്തില്‍ കേരളത്തിന് ആവേശോജ്വല ജയം. ഇന്ത്യന്‍ താരങ്ങളടക്കം അടങ്ങിയ ബറോഡയെ നാലുവിക്കറ്റിനാണ് കേരളം തോല്‍പിച്ചത്. 161 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ടു പന്തും നാലുവിക്കറ്റും ശേഷിക്കെ ലക്ഷ്യം മറികടന്നു. തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം മധ്യനിരയില്‍ നിഖിലേഷ് സുരേന്ദ്രനും സച്ചിന്‍ ബേബിയും റൈഫി വിന്‍സെന്റ് ഗോമസും നടത്തിയ ചെറുത്തുനില്‍പാണ് കേരളത്തിന് ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബറോഡ ആറു വിക്കറ്റു നഷ്ടത്തില്‍ 160 റണ്‍സെടുത്തു.

കേരളത്തിന് തുടക്കം ഒട്ടും ആശാസ്യമായിരുന്നില്ല. ഓപ്പണര്‍മാരായ ജഗദീഷിനെ ഒരു റണ്‍സെടുത്തും സഞ്ജു സാംസണെ പൂജ്യത്തിനും നഷ്ടമായി. തൊട്ടുപിന്നാലെ ആറു റണ്‍സെടുത്ത രോഹന്‍ പ്രേം ആറു റണ്‍സെടുത്തും പവലിയനില്‍ തിരിച്ചെത്തിയതോടെ കേരളം വിയര്‍ത്തു. എന്നാല്‍, നിഖിലേഷ് സുരേന്ദ്രനും നായകന്‍ സച്ചിന്‍ ബേബിയും ചേര്‍ന്ന് കേരളത്തെ മുന്നോട്ടു നയിച്ചു. 32 പന്തില്‍ 6 ബൗണ്ടറികളുടെ സഹായത്തോടെ 36 റണ്‍സെടുത്ത നിഖിലേഷ് പുറത്തായ ശേഷം വന്ന റൈഫിയുമായും ചേര്‍ന്ന് സച്ചിന്‍ ബേബി രക്ഷാപ്രവര്‍ത്തനം തുടങ്ങി. സച്ചിന്‍ 35 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറും അടക്കം 44 റണ്‍സെടുത്തു പുറത്തായി. റൈഫി 21 പന്തില്‍ മൂന്നു ബൗണ്ടറിയും മൂന്നു സിക്‌സറും അടക്കം 47 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നേടിയ കേരളാ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിലെ സഹോദര താരങ്ങളായ യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനും ഉള്‍പ്പെട്ട ബറോഡ നിരയ്‌ക്കെതിരെ ഭേദപ്പെട്ട പ്രകടനമാണ് കേരള ബോളര്‍മാര്‍ നടത്തിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കണ്ടെത്തിയ കേരളാ താരങ്ങള്‍ ബറോഡയെ 160 റണ്‍സില്‍ ഒതുക്കി. 18 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സുമുള്‍പ്പെടെ 35 റണ്‍സെടുത്ത് ഇര്‍ഫാന്‍ പത്താനാണ് ബറോഡയുടെ ടോപ് സ്‌കോറര്‍. ദീപക് ഹൂഡ 32ഉം ഹാര്‍ദിക് പാണ്ഡ്യ 16ഉം കേദാര്‍ ദേവ്ദര്‍ 31ഉം യൂസഫ് പത്താന്‍ 18ഉം റണ്‍സെടുത്തു. കേരളത്തിനായി പ്രശാന്ത് പത്മനാഭന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ടും, മനു കൃഷ്ണന്‍, ഫാബിദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

വിജയം കേരളത്തിന്റെ സെമി പ്രതീക്ഷകള്‍ക്കും ബലമായി. ഇന്നലെ മുംബൈക്കെതിരെ നടന്ന ആദ്യ സൂപ്പര്‍ലീഗ് പോരാട്ടത്തില്‍ കേരളം പരാജയപ്പെട്ടിരുന്നു.