കേന്ദ്രമന്ത്രിസ്ഥാനം വേണമെന്നു തുഷാര്‍ വെള്ളാപ്പള്ളി; അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി; സഖ്യം ചര്‍ച്ച ചെയ്യാന്‍ കുമ്മനവും ദില്ലിയില്‍

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേരണമെങ്കില്‍ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസിന് കേന്ദ്രമന്ത്രി സ്ഥാനം വേണമെന്നു പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കു മുമ്പിലാണ് തുഷാര്‍ ഉപാധിയുന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ്-ബിജെപി സഖ്യം ചര്‍ച്ച ചെയ്യാന്‍ ദില്ലിയിലെത്തിയതായിരുന്നു തുഷാര്‍. തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യം പരിഗണിക്കാമെന്ന് അമിത്ഷാ പറഞ്ഞു.

തീരുമാനം തെരഞ്ഞെടുപ്പിനു മുമ്പു വേണമെന്നും തുഷാര്‍ ആവശ്യപ്പെട്ടിരുന്നു. സഖ്യ ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ദില്ലിയിലുണ്ട്. അമിത്ഷായുമായി കുമ്മനവും കൂടിക്കാഴ്ച നടത്തിയിരുന്നു. കുമ്മനം-അമിത്ഷാ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു തുഷാറുമായുള്ള കൂടിക്കാഴ്ച. വെള്ളാപ്പള്ളി നടേശന്‍ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചിച്ചപ്പോള്‍തന്നെ ബിജെപിയുമായി സഖ്യം ചേരാനാണെന്നു സൂചനയുണ്ടായിരുന്നു.

നേരത്തേയും അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ സഖ്യം ലക്ഷ്യമിട്ടുള്ളതല്ല കൂടിക്കാഴ്ചകള്‍ എന്നാതായിരുന്നു അന്നു വെള്ളാപ്പള്ളിയുടെയും ബിജെപിയുടെയും നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News