പൊലിഞ്ഞ ഈ ജീവനു മറുപടി പറയുമോ പൊലീസേ…; തലസ്ഥാനത്തു വാഹനാപകടത്തില്‍ പരുക്കേറ്റു മണിക്കൂറോളം നടുറോഡില്‍ കിടന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് അനാസ്ഥകാട്ടിയ വൃദ്ധന്‍ മരിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റു നടുറോഡില്‍ കിടക്കുന്നതു കണ്ടിട്ടും ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് അനാസ്ഥ കാട്ടിയ വൃദ്ധന്‍ മരിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് സംഭവം. രാവിലെ പത്തരയോടെയാണു തമിഴ്‌നാട് സ്വദേശിയായ ജ്ഞാനശീലനാണ് അപകടത്തില്‍ പെട്ടത്. തിരക്കിനിടയില്‍ വാഹനമിടിച്ചു റോഡില്‍ വീണ ഇയാള്‍ രക്തം വാര്‍ന്നു കിടക്കുന്നതു പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം അടക്കമുള്ള പൊലീസുകാര്‍ കണ്ടിട്ടും അനങ്ങാതെനില്‍ക്കുകയായിരുന്നു.

ആംബുലന്‍സ് വരട്ടെ എന്നു പറഞ്ഞാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ചത്. പൊലീസ് വാഹനമുണ്ടായിട്ടും ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിനു തയാറാകാതിരിക്കുകയായിരുന്നു. കാലുകളിലൂടെ വാഹനം കയറി ഇറങ്ങിയാണ് അപകടമുണ്ടായത്. മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞ് ആംബുലന്‍സ് എത്തി ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കാലുകള്‍ രണ്ടും മുറിച്ചു മാറ്റേണ്ട നിലയിലായിരുന്നു.

അപകടമുണ്ടായപ്പോള്‍തന്നെ സമീപത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇവിടെയെത്തുകയും വാഹനഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. എന്നാല്‍ റോഡില്‍ വീണുകിടക്കുന്ന ഇയാളെ ആശുപത്രിയിലേക്കെത്തിക്കാന്‍ ഇവര്‍ ഒട്ടും താല്‍പര്യം കാണിച്ചില്ല. നാട്ടുകാര്‍ പലരും ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടും തയാറായില്ല. അര കിലോമീറ്റര്‍ പരിധിയില്‍ മൂന്ന് ആശുപത്രികളുള്ള പ്രദേശമാണ് ഇത്.

ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്തം വാര്‍ന്നതിനാല്‍ രക്ഷിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ട്രാഫിക് നിയന്ത്രണം മാത്രമാണ് തങ്ങളുടെ ജോലി എന്നായിരുന്നു സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരുടെ വാദം. ഇത്തരത്തില്‍ ദാരുണ സംഭവമുണ്ടായിട്ടും സംസ്ഥാന പൊലീസ് മേധാവി തനിക്ക് ആശ്ചര്യം തോന്നുന്നു എന്നു മാത്രമാണ് പറഞ്ഞത്. പ്രദേശത്തെ അശാസ്ത്രീയമായ നഗരവികസനം മൂലം ഇവിടെ നിരവധി അപകടങ്ങളാണ് പതിവാകുന്നത്. തലസ്ഥാന നഗരത്തിലുണ്ടായ ദാരുമായ സംഭവം കടുത്ത പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here