മുംബൈ: ആവേശപ്പോരാട്ടത്തില്‍ രണ്ടുവിക്കറ്റിന് വിദര്‍ഭയെ തോല്‍പിച്ചിട്ടും മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ ഫൈനല്‍ കാണാതെ കേരളം പുറത്തായി. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് കേരളം പുറത്തായത്. മുംബൈയെ തോല്‍പിച്ച ബറോഡ നെറ്റ്‌റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഫൈനലിലെത്തി. 106 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ടു പന്തും രണ്ടു വിക്കറ്റും ശേഷിക്കെ ലക്ഷ്യം മറികടന്നു. ടോസ് നേടിയ കേരളം വിദര്‍ഭയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ മുംബൈയെ ഒരു വിക്കറ്റിനാണ് ബറോഡ തോല്‍പിച്ചത്.

ഫൈനലില്‍ കടക്കണമെങ്കില്‍ കേരളത്തിന് 15.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കണമായിരുന്നു. എങ്കില്‍ മാത്രമേ മുംബൈയുടെ നെറ്റ്‌റണ്‍റേറ്റിനൊപ്പമെത്താന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഓപ്പണര്‍ സഞ്ജു സാംസണെ തുടക്കത്തില്‍ തന്നെ പൂജ്യത്തിന് നഷ്ടമായ കേരളത്തിന് പിന്നീട് നിഖിലേഷ് സുരേന്ദ്രനും രോഹന്‍ പ്രേമുമാണ് പിടിച്ചുനില്‍ക്കാനുള്ള ശക്തി നല്‍കിയത്. നിഖിലേഷ് 21ഉം പ്രേം 34ഉം റണ്‍സെടുത്തു. നായകന്‍ സച്ചിന്‍ ബേബി 3 റണ്‍സെടുത്തും റൈഫി വിന്‍സെന്റ് ഗോമസ് 8 റണ്‍സെടുത്തും ഫാബിദ് അഹമ്മദ് ഒരു റണ്‍സെടുത്തും പുറത്തായി. എട്ടുവിക്കറ്റ് നഷ്ടത്തിലാണ് കേരളം 18 ഓവറില്‍ ലക്ഷ്യം മറികടന്നത്.

അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ മുംബൈയെ ഒരു വിക്കറ്റിനാണ് ബറോഡ തോല്‍പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. മറുപടി ബാറ്റു ചെയ്ത ബറോഡ 9 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ദീപക് ഹൂഡയുടെ അര്‍ധസെഞ്ച്വറിയും ഹര്‍ദിക് പാണ്ഡ്യ അടക്കമുള്ളവരുടെ മികച്ച ബാറ്റിംഗുമാണ് ബറോഡയ്ക്ക് ജയം സമ്മാനിച്ചത്. ഹൂഡ 53ഉം ഹര്‍ദിക് പാണ്ഡ്യ 28ഉം റണ്‍സെടുത്തു. മുംബൈയ്ക്കു വേണ്ടി സൂര്യകുമാര്‍ യാദവ് പുറത്താകാതെ 57 റണ്‍സെടുത്തു.