ചന്ദ്രബോസ് വധക്കേസ്; നിസാമിന് ജീവപര്യന്തവും 24 വര്‍ഷവും തടവുശിക്ഷ; 80 ലക്ഷം പിഴ; ഭാര്യ അമലിനെതിരെയും കേസ് – Kairalinewsonline.com
Big Story

ചന്ദ്രബോസ് വധക്കേസ്; നിസാമിന് ജീവപര്യന്തവും 24 വര്‍ഷവും തടവുശിക്ഷ; 80 ലക്ഷം പിഴ; ഭാര്യ അമലിനെതിരെയും കേസ്

ജീവപര്യന്തത്തിനു പുറമേ 24 വര്‍ഷം കഠിന തടവും കോടതി ശിക്ഷ വിധിച്ചു.

തൃശ്ശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊന്ന കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിന് ജീവപര്യന്തം തടവു ശിക്ഷ. ജീവപര്യന്തത്തിനു പുറമേ 24 വര്‍ഷം കഠിന തടവും കോടതി ശിക്ഷ വിധിച്ചു. തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 80 ലക്ഷത്തി 30,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിനു കൊടുക്കാനും കോടതി വിധിച്ചു. കള്ളസാക്ഷി പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് നിസാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കാനും കോടതി വിധിച്ചു.

ഐപിസി 302-ാം വകുപ്പു പ്രകാരമാണ് ജീവപര്യന്തം തടവു വിധിച്ചിട്ടുള്ളത്. ഇതിനു പുറമെയാണ് വിവിധ വകുപ്പുകളിലായി 24 വര്‍ഷം ശിക്ഷ വിധിച്ചിട്ടുള്ളത്. ഓരോ വകുപ്പുകളിലായി 24 വര്‍ഷത്തെ തടവ് വേറെ തന്നെ അനുഭവിക്കണം. ഇതിനു ശേഷമാണ് ജീവപര്യന്തം തടവ് ആരംഭിക്കുന്നത്. ഇത് അതാതു കാലത്തെ ജയില്‍ നിയമങ്ങള്‍ക്ക് അനുസരിച്ച് ശിക്ഷ അനുഭവിക്കണം. പാശ്ചാത്യ രാഷ്ട്രങ്ങളിലെ പോലെ ജീവപര്യന്തം എന്നാല്‍ ജീവിതകാലം മുഴുവന്‍ എന്ന നിയമം വരുമ്പോള്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടതായി വരും. വ്യത്യസ്ത വകുപ്പുകളിലായാണ് 80 ലക്ഷത്തി 30,000 രൂപ പിഴയും വിധിച്ചിട്ടുള്ളത്.

സെഷന്‍സ് കോടതി ജഡ്ജ് കെ.പി സുധീറാണ് ശിക്ഷ വിധിച്ചത്. നിസാം കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. നിസാമിനെതിരെ കൊലപാതകം ഉള്‍പ്പടെ ഒന്‍പത് കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ആഡംബര കാറുകൊണ്ടിടിച്ചും, ആക്രമിച്ചും പരുക്കേല്‍പ്പിച്ചത്. തുടര്‍ന്ന് അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് ഉച്ചയ്ക്ക് ചന്ദ്രബോസ് മരിച്ചു. പേരാമംഗലം സി.ഐ പി.സി ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 79 ദിവസത്തെ വിചാരണക്കൊടുവില്‍ ഇക്കഴിഞ്ഞ 12നാണ് കേസില്‍ വാദം പൂര്‍ത്തിയായത്.

താന്‍ വിഷാദരോഗത്തിന് ചികിത്സ തേടുന്നയാളാണെന്നും ചന്ദ്രബോസ് തന്നെയാണ് ആക്രമിച്ചത്, വാഹനത്തിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നുമാണ് നിസാം കോടതിയില്‍ വാദിച്ചത്. എന്നാല്‍ നിസാം ചന്ദ്രബോസിനെ കാറുകൊണ്ടിടിക്കുകയും ആക്രമിക്കുകയും ചെയ്തതിന് ദൃക്‌സാക്ഷി മൊഴികളും, സാഹചര്യ ശാസ്ത്രീയ തെളിവുകളുമുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

Leave a Reply

Your email address will not be published.

To Top