മനുഷ്യരെ മാറ്റുന്ന മരണ കുറിപ്പുകള്‍; രോഹിത്, ഒരിക്കല്‍ നിന്റെ മരണകുറിപ്പ് രാജ്യത്തിന്റെ ജനന കുറിപ്പുകൂടിയായി വായിക്കപ്പെടും

മതേതര ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തിന് അത്യധികം വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ടത്. ചിലര്‍ അതിനെ ആത്മഹത്യയെന്ന് വിളിക്കാനായിരിക്കും ഇഷ്ട്ട്ടപ്പെടുക. ഇന്ത്യന്‍ നിയമ ഭാഷയില്‍ ആത്മഹത്യയെന്ന് തന്നെയാണ് രോഹിത് വെമുലയുടെ മരണം വിളിക്കപ്പെടുക. പക്ഷേ രാഷ്ട്രീയമായി അതൊരു കൊലപാതകമാണ്. ഇഷ്ട്ടമുള്ള വഴി തിരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെയെങ്ങനെയാണ് സഞ്ചാരിയാവുക. സ്വപ്‌നങ്ങളെ യാതാര്‍ത്ഥ്യമാക്കാന്‍ അനുവദിക്കാത്തവര്‍ക്കൊപ്പം എങ്ങനെയാണ് സ്വപ്‌നങ്ങള്‍ കാണുക. രോഹിത്തിന്റെ വഴിയും പ്രതീക്ഷയും കവര്‍ന്നെടുത്തവരാണ് അവനെ അവസാനിപ്പിച്ചത്.

വിദ്യാര്‍ത്ഥികള്‍ ജനതയുടെ ഇന്നിനെകുറിച്ചും നാളെയെകുറിച്ചും പുലര്‍ത്തുന്ന സങ്കല്‍പ്പങ്ങളാണ് രാജ്യങ്ങളെ രൂപപ്പെടുത്തുക. അവരുടെ കുറിപ്പുകള്‍ക്കും സംസാരങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മറ്റുപലരുടേതിനേക്കാളും പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ രോഹിതിന്റെ മരണകുറിപ്പ് രോഹിതിന്റേതു മാത്രമല്ല. കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ ഇരകളായി ജീവിക്കുന്നവരും മരിക്കുന്നവരുമായ സകലമനുഷ്യരുടേതുമാണ്.
മരണകുറിപ്പ് രണ്ടുദിനം ചര്‍ച്ചചെയ്‌തൊടുക്കേണ്ടതല്ല. മരണകുറിപ്പുകള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി പഠിപ്പിക്കപ്പെടേണ്ടതാണ്. അതാകട്ടെ മരണ കുറിപ്പുകള്‍ എഴുതാനല്ല, മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യര്‍ക്ക് ജീവന്‍ നല്‍കാന്‍.


മരണകുറിപ്പില്‍ മലീമസമാക്കപ്പെട്ട രാഷ്ട്രീയകാലവസ്ഥയെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. മതവിദ്വേഷത്തിലൂടെയും വര്‍ഗീയതയിലൂടെയും വിഷമറ സൃഷ്ടിച്ച് ലോകത്താകെ കോര്‍പ്പറേറ്റ് രാഷ്ട്രീയ നയങ്ങള്‍ നടപ്പിലാക്കുകയാണ്. കോര്‍പ്പറേറ്റുകളെ കൂടുതല്‍ സമ്പന്നമാക്കുന്നു. ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുന്നു. വിദ്യാഭ്യാസ മേഖല കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ഭീഷണാവസ്ഥയെ നേരിടേണ്ടിവന്നിരിക്കുന്നു. ദരിദ്രരുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസമെന്നത്് കേവല സ്വപ്‌നം മാത്രമായി രൂപപ്പെട്ടിരിക്കുന്നു. കോര്‍പ്പറേറ്റുകളുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നവരൊക്കെയും വേട്ടയാടപ്പെടുകയാണ്. സര്‍വ്വകാലാശാലകളുടേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും തലപ്പത്ത് അവരുടെ പിണിയാളുകള്‍ നിയമിക്കപ്പെടുകയാണ്. കോര്‍പ്പറേറ്റുകള്‍ക്കായി സൗകര്യങ്ങള്‍ പതിച്ച് നല്‍കാന്‍ വെമ്പുകയാണ് ഭരണാധികാരികള്‍.

രാജ്യത്തിന്റെ സര്‍വ്വമേഖലകളേയും അവര്‍ കൈയ്യടക്കുകയാണ്. അധികാരവും പദവിയും അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കുമാത്രമുള്ള ഇടങ്ങളായി രൂപപ്പെടുത്തുകയാണ്. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ശബ്ദത്തിന് ഇടം നഷ്ടപ്പെടുത്തുകയാണ്. തൊഴിലാളിക്കും ദരിദ്രനും അവരുടെ കുട്ടികള്‍ക്കുമായി ശബ്ദിക്കുന്നവരെ മേല്‍വിലാസമില്ലാത്തവരാക്കി മാറ്റുകയാണ്. ദരിദ്രര്‍ ഭൂരിപക്ഷമാകുമ്പൊഴും അവര്‍ക്കുവേണ്ടി കൈയുയര്‍ത്തുന്നവര്‍ ന്യൂനപക്ഷമാണ്. അവരാകട്ടെ ഒരു ന്യൂനപക്ഷത്തിലെ ന്യൂനപക്ഷം മാത്രമായി നില്‍ക്കുകയാണെന്നത് വസ്തുതയുമാണ്.

നിശബ്ദരാക്കപ്പെട്ട മനുഷ്യരെ മാത്രമല്ല അവരുടെ ആശയങ്ങളെയും ഉന്മൂലനം ചെയ്യാന്‍ വിദഗ്ധന്‍മാര്‍ നിയമിക്കപ്പെട്ടിരിക്കുകയാണ്. കോര്‍പ്പറേറ്റുകളുടെ കണക്കപ്പിള്ളമാര്‍ സാമ്പത്തിക ശാസ്ത്ര പണ്ഡിതരായി അവതരിപ്പിക്കപ്പെടുന്നു. അഴിമതിക്കാരും വട്ടിപ്പലിശക്കാരും സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശകരായി കടന്നുവരുന്നു. അറിവെന്നത് മനുഷ്യരെ കൊള്ളയടിക്കാനുള്ള ഉപായമായി രൂപപ്പെടുത്തുന്നു.

വ്യക്തിയുടെ ജീവന്‍ രക്ഷാ മരുന്നുകളുടെ വിലയായി കുടുംബങ്ങളുടെ കൂട്ട ആത്മഹത്യകള്‍ മാറുന്നു. വിദ്യാഭ്യാസ കച്ചവടക്കാര്‍ വിദ്യാഭ്യാസ വിചക്ഷണന്‍മാരായാണ് അറിയപ്പെടുന്നത്. അപരനെ എത്രമേല്‍ സ്‌നേഹിക്കാം എന്നതിനു പകരം എത്രമേല്‍ ചൂഷണം ചെയ്യാം എന്നതിലേക്ക് സിലബസുകള്‍ മാറ്റപ്പെടുന്നു. സാമ്പത്തിക ശാസ്ത്രം സമ്പനരുടെ ശാസ്ത്രമായി മാറ്റിയിരിക്കുന്നു. ചരിത്രത്തിന്റെ സ്ഥാനത്തേക്ക് മിത്തുകളെ പ്രതിഷ്ടിക്കുന്നു. ശാസ്ത്ര ബോധത്തിനു പകരം ഭരണാധികാരികള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു. അടിസ്ഥാന ശാസ്ത്രങ്ങള്‍ അവഗണിക്കപ്പെടുന്നു. വിദ്യാഭ്യാസം വിപണി നിലവാര പട്ടികയിലേക്ക് മാറ്റപ്പെടുന്നു.

വിദ്യാഭ്യാസം അടിസ്ഥാനപരമായി ഒരു നല്ല മനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയയായിരിക്കണം. മനുഷ്യ സ്‌നേഹമായിരിക്കണം അതിന്റെ കേന്ദ്ര ബിന്ദു. സിലബസുകള്‍ ലക്ഷ്യം വയ്‌ക്കേണ്ടത് സഹജീവികളുടെ സന്തോഷത്തില്‍ ആനന്ദം കണ്ടെത്തുന്നവരുടെ സൃഷ്ടിയായിരിക്കണം. സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥി അന്വേഷിക്കേണ്ടത് വിഭവങ്ങളെ സര്‍വ്വമനുഷ്യരുടേയും നന്മക്കായി എങ്ങനെ വിനിയോഗിക്കാം എന്നതായിരിക്കണം. ചരിത്ര വിദ്യാര്‍ത്ഥി പ്രചരിപ്പിക്കേണ്ടത് ് അധികാരത്തിന് കൈമണികൊട്ടി കാര്യം നേടിയ വിരുതന്‍മാരുടെ കഥയായിരിക്കരുത്. സാമൂഹ്യ സ്വപ്‌നങ്ങളുമായി ആത്മത്യാഗത്തിന്റെ ഗാഥകള്‍ രചിച്ചിട്ടും ചരിത്രത്തില്‍ ഇടംലഭിക്കാതെ പോയ വര്‍ഗത്തിന്റെയും സാമൂഹ്യമാറ്റത്തിന്റെയും ചരിതമായിരിക്കണം.

ശാസ്ത്ര ജ്ഞാനത്തെ പേറ്റന്റു നേടനായിരുന്നില്ല പേവിഷബാധയുടെ മരുന്നു കണ്ടെത്താനായിരുന്നു ലൂയി പാസ്റ്റര്‍ വിനിയോഗിച്ചത്. ജോഹ്നാസ് സാല്‍ക്ക് പോളിയെ വാക്‌സിന് പേറ്റന്റ് സമ്പാദിച്ച് ശതകോടികള്‍ കരസ്ഥമാക്കിയില്ല. പേറ്റന്റിലൂടെ ലഭിക്കുമായിരുന്ന എഴുന്നൂറു കോടി അമേരിക്കന്‍ ഡോളറാണ് അദ്ദേഹം വേണ്ടെന്ന് വച്ചത്. ശാസ്ത്രം മനുഷ്യ നന്മക്കായിരിക്കണമെന്ന വികാരമാണ് അതിലേക്ക് നയിച്ചത്.

മനുഷ്യ സ്‌നേഹത്തിന്റെ സന്ദേശവാഹകര്‍ കൂട്ടമായി കൊല്ലപ്പെടുകയാണ്. അതില്‍ ചിലത് സാങ്കേതികമായി ആത്മഹത്യകളായിരിക്കാം. പക്ഷേ അതെല്ലാം കോര്‍പ്പറേറ്റ് രാഷ്ട്രീയ കൊലപാതകമാണ്. കോര്‍പ്പറേറ്റ് ഭരണകൂടത്തിന്റെ ഇരകളായി പിടഞ്ഞവസാനിക്കുന്ന മനുഷ്യരുടെ ദൈന്യമുഖങ്ങള്‍കൊണ്ട് ലോകം നിറയുകയാണ്. ദക്ഷിണ കൊറിയയിലെ കര്‍ഷക നേതാവ് ലീക്വാങ് ഹു മുതല്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുലവരെ കോര്‍പറേറ്റ് ഗൂഢാലോചനയുടെ ഇരകളാണ്. കോര്‍പറേറ്റ് രാഷ്ട്രീയത്തിന് പേരിലും രൂപത്തിലും ദേശ വ്യത്യാസങ്ങളുണ്ടാകാം. കൊലപ്പെടുത്തിയതിനുശേഷം സഹായ ധനവുമായി അവര്‍തന്നെ കടന്നുവരും. രാഹുല്‍ ഗാന്ധി പൂനെയിലും ഹൈദരാബാദിലും പോകുമ്പോള്‍ തീര്‍ച്ചയായും ഇതോര്‍ക്കുകതന്നെ വേണം.

നിശബദരാക്കപ്പെട്ട മനുഷ്യരുടെ മനസില്‍ ആശയങ്ങളുണ്ട്, സ്വപ്‌നങ്ങളുണ്ട്, ആത്മഹത്യ കുറിപ്പുകളായി അവയെ അവസാനിപ്പിക്കാനാണ് കോര്‍പറേറ്റു രാഷ്ട്രീയം ആഗ്രഹിക്കുന്നത്. മരണ കുറിപ്പുകള്‍ക്ക് മഹാഗ്രന്ഥങ്ങളെക്കാള്‍ മനുഷ്യരെ മാറ്റാന്‍ കഴിയുമെന്ന്, ഇളക്കി വിടാന്‍ കഴിയുമെന്ന് അവര്‍ അറിയാതെ പോകുന്നു. മരണത്തിലൂടെയും ജീവിക്കുന്ന രാഷ്ട്രീയത്തിന്റെ കലയറിയുന്നവര്‍ക്കാണ് അതുമനസിലാക്കാനാകുക.

കീഴാളന്റെ സ്വപ്‌നങ്ങള്‍ക്ക് എങ്ങനെ ചിതയൊരുക്കാമെന്നതാണ് കോര്‍പ്പറേറ്റുകളുടെ പ്രധാന ഗവേഷണ മേഖല. മാനവീകതയെന്നത് മേലാളരായ മനുഷ്യ രൂപങ്ങളില്‍ നിന്നും പ്രതീക്ഷിക്കരുത്. സുക്കര്‍ ബര്‍ഗും ബില്‍ഗേറ്റ്‌സും മര്‍ഡോക്കും സംഭവനകളായി കോടികള്‍ കൊടുക്കുമ്പോള്‍ അവര്‍തന്നെ അതാഘോഷിക്കുന്നു. നിങ്ങളുടെ പണം ഞങ്ങളുടെ രാഷ്ട്രീയത്തെയാണ് കൊല്ലാന്‍ വരുന്നതെന്നത് ഞങ്ങള്‍ മനസിലാക്കുന്നു. നിങ്ങളോക്കെയെങ്ങനെ ഇത്രമേല്‍ സമ്പന്നരായെന്നത് ഞങ്ങളന്വേഷിക്കുന്നു. കോര്‍പ്പറേറ്റുകളുടെ ചാരിറ്റി പ്രവര്‍ത്തനം കൊടിയകൊലപാതകങ്ങള്‍ മറച്ചുവെക്കാനുള്ള വേലകള്‍ മാത്രമെന്ന് ക്ലാസ് മുറിയില്‍ പഠിക്കുന്നില്ല, പഠിപ്പിക്കുന്നുമില്ല. എന്നിട്ടും ഞങ്ങളതറിയുന്നു. കൊടിയ ദുരയില്‍ അവസാനിച്ചുപോയ പതിതരുടെ പിന്മുറക്ക് കലാലയങ്ങളും ക്ലാസ്മുറികളും നിഷേധിക്കപ്പെട്ടേക്കാം. പക്ഷേ സ്പാര്‍ട്ടാക്കസിന്റെ പിന്‍മുറ അനുഭവങ്ങളുടെ ആള്‍താരയില്‍ അറിവിന്റെ കിരണങ്ങളെ സൃഷ്ട്ടിക്കും. അനുഭവങ്ങളെ കുഴിച്ചു മൂടുക അസാധ്യമാണ്.

വിവേചനങ്ങളുടെ വര്‍ത്തമാനങ്ങളാണ് കലാലയങ്ങളിലെവിടെയും. കമ്പോളവല്‍ക്കരണത്തിന്റെ ഭാഗമായി കലാലയങ്ങളും വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്ന് സമ്പന്നരുടേത്, മറ്റൊന്ന് ദരിദ്രരുടേത്. വേറൊന്ന് സമ്പന്നരും ദരിദ്രരും ക്ലാസ് മുറികളിലുള്ള കേന്ദ്ര സര്‍വ്വകലാ ശാലകളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും. അവിടെയും രണ്ട് വിഭാഗമാണ്. ഒന്ന് ഓഡി കാറിലോടുന്നവര്‍, മറ്റൊന്ന് റോഡിലും കാല്‍നടയിലും തടസ്സങ്ങളുള്ളവര്‍. കാല്‍നടയാത്രക്കാര്‍ ദരിദ്രരാണ്, ദളിതരാണ്. എന്തുകൊണ്ടാണ് യോഗ്യതയുള്ള എല്ലാ ദരിദ്രകിടാങ്ങളും അവിടങ്ങളിലെത്താതെന്നത് അന്വേഷണം ആവശ്യമായ വിഷയം തന്നെ. ക്ലാസിലും ഹോസ്റ്റലിലും അവര്‍ അപമാനിതരാകുന്നു. വന്‍കിടക്കാരന്റെ മക്കളോട് സ്‌നേഹവും പരിലാളനയും നല്‍കുന്നവരാണ് ഉന്നതര്‍. പദവിയില്‍ ഔന്നത്യം ഉണ്ടാവുകയും മനസില്‍ കുനിഷ്ട്ട് നിറയുകയും ചെയ്തവരാണ് വാഴ്‌സിറ്റികള്‍ വാഴുന്നവരിലേറെയും. വിവേചനങ്ങള്‍ക്കെതിരെ ശബ്ദിച്ചാല്‍ അവരെ വിഘടനവാദികളായാണ് അവതരിപ്പിക്കപ്പെടുക.

തങ്ങളുടെ സ്ഥാപനത്തിന് യോഗ്യനായ മേധാവിയെ വേണമെന്നാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ അവരെയും ദേശവിരുദ്ധരായാണ് അവതരിപ്പിച്ചത്. അക്കാഡമിക് നിലവാരത്തിനായി ശബ്ദിച്ചാല്‍ ദേശവിരുദ്ധരാകുന്ന രാജ്യം. ചെന്നെ ഐഐടി വിദ്യാര്‍ത്ഥികള്‍ പെരിയാറിന്റെയും അബേദ്ക്കറിന്റെയും ജീവിത സന്ദേശമാണ് പ്രചരിപ്പിച്ചത്. അവിടെ അവര്‍ക്ക് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിദേശ സാമ്പത്തിക സഹായമുണ്ടെന്നാണ് പ്രചരിപ്പിച്ചത്.

സര്‍വ്വകലാശാലയില്‍ സിനിമാ പ്രദര്‍ശനം നടത്തുന്നത് അക്കാഡമിക് പ്രവര്‍ത്തനമല്ലെന്ന് പ്രഖ്യാപിക്കുക, ഇന്നലെ ‘പര്‍സാനിയ’ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇന്ന് ‘മുസഫാര്‍ നഗര്‍ ബാക്കി ഹെ’ പ്രദര്‍ശിപ്പിച്ചപ്പോള്‍. പുസ്തകം വായിക്കുന്നതും ചര്‍ച്ചചെയ്യുന്നതും അപകടകരമാണത്രെ. എകെ രാമാനുജന്റെ മുന്നൂറ് രാമായണങ്ങളും പെരുമാള്‍ മുരുകന്റെ മതോരു ഭാഗനും വായിച്ചവര്‍ ക്ലാസെടുത്തവര്‍ അക്രമിക്കപ്പെടുന്നു. ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ യൂണിവേഴ്‌സിറ്റിതന്നെ ഇതിനൊക്കെ വേദിയായി. നാളെ കേരളത്തില്‍ വള്ളത്തോളിനെ വായിക്കരുത് വയലാര്‍ കൃതികള്‍ പഠിപ്പിക്കരുതെന്നുമുള്ള കല്‍പ്പനകളായി ഇതിന് വകഭേദങ്ങള്‍ വരും.


ദളിതരായതിനാല്‍ ദരിദ്രരായതിനാല്‍ അപമാനിതരാകുന്നവര്‍ക്ക് മോചനം സംഘശക്തിയിലൂടെ മാത്രമായിരിക്കും. ദരിദ്രരുടെ കീഴാളരുടെ ഐക്യത്തെ കോര്‍പ്പറേറ്റു രാഷ്ട്രീയം ഭയക്കുന്നു. കലാലയങ്ങളില്‍ അവരുടെ കുട്ടികളും ഒന്നിച്ചു കൂടെന്നാണ് അവരാഗ്രഹിക്കുന്നത്. മതരാഷ്ടവാദത്തെ കലാലയങ്ങളില്‍ പ്രചരിപ്പിക്കുകയാണവര്‍. മതരാഷ്ട്രവാദം സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ, കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ ഉപോല്‍പന്നമെന്ന് അറിയുക. ജനതയെ തമ്മിലടിപ്പിച്ച് ഉറ്റിവീഴുന്ന ചോരയിലാണ് കൊളോണിയല്‍ വാഴ്ച്ചയും കോര്‍പ്പറേറ്റു വാഴ്ചയും വളര്‍ന്നതും പന്തലിച്ചതും.

മനുഷ്യരുടെ ജീവനെയും ലാഭനഷ്ട്ടകണക്കുകള്‍ ചേര്‍ത്തുവച്ചാണ് അവര്‍ കണക്കുകൂട്ടുകയെന്ന് ചരിത്രം പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ ദരിദ്രരുടെ ജീവന് പണക്കാരന്റെ മുടിയിഴകളുടെ വിലപോലും കല്‍പ്പിക്കപ്പെടില്ല. അത്തരമൊരു ലോകത്തില്‍ എങ്ങനെയാണ് നാം മനുഷ്യരെന്ന മേല്‍വിലാസവും പേറി ജീവിക്കുക. കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ മനസ് സംഘര്‍ഷ ഭരിതമാണ്. കാര്യം കാണാനായി മുട്ടിലിഴയുന്ന വിസര്‍ജ്യങ്ങള്‍ ഭക്ഷിക്കുന്ന മനുഷ്യ രൂപികളോട് നമുക്ക് സഹതപിക്കാം. പ്രതികരണത്തിന്റെ രാഷ്ട്രീയം ഹൃദയത്തില്‍ ഏറ്റുവാങ്ങാം. പാതകങ്ങളുടെ പെരുമഴയ്ക്ക് അവസാനം കുറിക്കാന്‍ ജനത സനദ്ധമാകുന്ന ദിനമേതെന്ന് മുന്‍പേ പ്രവചിക്കുക അസാധ്യമാണ്. അതുകൊണ്ടുതന്നെ പ്രിയപ്പെട്ട രോഹിത് ഒരിക്കല്‍ നിന്റെ മരണകുറിപ്പ് ജനതയുടെ രാജ്യത്തിന്റെ ജനന കുറിപ്പുകൂടിയായി വായിക്കപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News