വിമതര്‍ ഭരണം ‘പിടിച്ചെടുത്ത’ അരുണാചലില്‍ രാഷ്ട്രപതിഭരണത്തിന് ശിപാര്‍ശ; അംഗീകരിച്ചാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നു കോണ്‍ഗ്രസ്

ദില്ലി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭായോഗം ശിപാര്‍ശ ചെയ്തു. സംസ്ഥാനത്തു രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. ശിപാര്‍ശ അംഗീകരിച്ചാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം പതിനാറിന് കോണ്‍ഗ്രസ് വിട്ട 21 എംഎല്‍എമാരും പതിനൊന്ന് ബിജെപി എംഎല്‍എമാരും രണ്ടു സ്വതന്ത്രരും ചേര്‍ന്ന് നിയമസഭാ സ്പീക്കര്‍ നബം റെബിയയെ ഇംപീച്ച് ചെയ്തതായി പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തു രാഷ്ട്രീയപ്രതിസന്ധി രൂപപ്പെട്ടത്. നിലവിലുള്ള സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചുവിടുകയും ജനുവരി 24 നു ചേരേണ്ട നിയമസഭാ സമ്മേളനം പതിനാറിനു വിളിച്ചു ചേര്‍ക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്തു നിയമസഭാ സ്പീക്കര്‍ നിയമസഭാ മന്ദിരം അടച്ചിട്ടു. തുടര്‍ന്നാണ് കമ്യൂണിറ്റി ഹാളില്‍ സഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ വിമതര്‍ക്ക് അനുമതിനല്‍കിയത്.

തുടര്‍ന്നാണ്. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞവരും ബിജെപി, സ്വതന്ത്ര എംഎല്‍എമാരും നിയമസഭാ മന്ദിരത്തിനു പുറത്തൊരു കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന് സ്പീക്കറെ ഇംപീച്ച് ചെയ്തത്. ഡെപ്യൂട്ടി സ്പീക്കര്‍ ടി നോര്‍ബു തോംഗ്‌ഡോക്കും വിമതര്‍ക്കൊപ്പമാണ്. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ബദലായി എംഎല്‍എമാര്‍ സമ്മേളനം ചേര്‍ന്നത്.

അറുപതംഗ നിയമസഭയില്‍ മുഖ്യമന്ത്രി അടക്കം 27 പേര്‍ ബദല്‍സഭയില്‍നിന്നു വിട്ടുനിന്നു. സ്പീക്കറെ ഇംപീച്ച് ചെയ്തതായി പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം വിമതരും ബിജെപി, സ്വതന്ത്ര എംഎല്‍എമാരും ഒരു ഹോട്ടലില്‍ ഒത്തുചേര്‍ന്നു മുഖ്യമന്ത്രിയെ പുറത്താക്കി കോണ്‍ഗ്രസ് വിമത എംഎല്‍എമാരില്‍ ഒരാളെ തല്‍സ്ഥാനത്തു നിയോഗിക്കുകയും ചെയ്‌തെങ്കിലും ഇതു പിന്നീട് ഗുവാഹത്തി ഹൈക്കോടതി തടഞ്ഞിരുന്നു.

വിതമതരും കൂട്ടാളികളും വീണ്ടും ഒത്തുചേരുകയും ഡെപ്യൂട്ടി സ്പീക്കര്‍ ടി നോര്‍ബു തോങ്‌ഡോക്കിന്റെ നേതൃത്വത്തില്‍ 33 അംഗങ്ങള്‍ വിമത കോണ്‍ഗ്രസ് എംഎല്‍എ ആയ കാലിഖോ പുലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി നബം തുകി സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആവശ്യപ്പെട്ടത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ രണ്ടു ദിവസം അരുണാചല്‍ വിഷയത്തില്‍ സഭാ നടപടികള്‍ തടസപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News