വിദേശത്തേക്കാള്‍ നാട്ടിലെ ഗ്രാമങ്ങളെ സ്‌നേഹിച്ച കല്‍പന; ‘മിയാമിഡെയ്‌സ്’ എന്ന തലക്കെട്ടില്‍ കല്‍പന ‘നൊസ്റ്റാള്‍ജിയ’ മാസികയില്‍ എഴുതിയ ലേഖനം

മിയാമി ഡേയ്‌സ്

പുളിമൂടുള്ള വീടുമുതല്‍ കിഴക്കേ കോട്ട ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വരെയുള്ള സ്ഥലമാണ് ഇന്ത്യ എന്നു വിചാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. അക്കാലത്താണ് അച്ഛന്റെ നാടായ ചവറയിലേക്കുള്ള യാത്രകള്‍.. അപ്പോള്‍ തോന്നി ഇന്ത്യയ്ക്ക് ചവറവരെയും ദൂരമുണ്ടെന്ന്. അതും കഴിഞ്ഞ് 1979ല്‍, എനിക്ക് എട്ടുവയസുള്ളപ്പോഴാണ് ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി നടത്തിയ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം വാങ്ങാന്‍ കൊച്ചിയിലെത്തുന്നത്. ബ്രൊഡ്‌വേയിലായിരുന്നു സമ്മാനദാന ചടങ്ങ്. 101 രൂപയാണ് സമ്മാനം. രാത്രി ഏറെ വൈകിയാണ് തിരുവനന്തപുരത്തുനിന്നും വണ്ടി കയറുന്നത്. പുലര്‍ച്ചെ കൊച്ചിയിലെത്തി. കണ്ണുതുറന്ന് നോക്കിയപ്പോള്‍ ബ്രോഡ്‌വേ മറ്റേതോ രാജ്യമാണെന്നായിരുന്നു എന്റെ വിചാരം. തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്കുള്ള ദൂരം.. അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ദീര്‍ഘയാത്ര.

ഇന്നും ഓര്‍മയില്‍ ഏറ്റവും പ്രിയം ആ യാത്ര തന്നെയാണ്. അന്ന് കൂടെ കലച്ചേച്ചിയും പൊടിമോളുമൊന്നും ഉണ്ടായിരുന്നില്ല. ആ സങ്കടമുണ്ടായിരുന്നെങ്കിലും അച്ഛനും അമ്മയ്ക്കുമൊപ്പം തനിച്ച് യാത്ര ചെയ്യാന്‍ കിട്ടിയ അവസരം ഉള്ളില്‍ സന്തോഷം നിറച്ചു. അതുപോലെ പ്രിയങ്കരമാണ് അതേവര്‍ഷം ഞങ്ങള്‍ അച്ഛനും അമ്മയും മക്കളും ഒരുമിച്ച് മദ്രാസിലേക്ക് നടത്തിയ യാത്ര. കലച്ചേച്ചിയുടെ ശബ്ദത്തിന് ചെറിയൊരു പ്രശ്‌നമുണ്ടായിരുന്നു. അതിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു മദ്രാസ് യാത്ര. മദ്രാസിലെ വിജയ ആശുപത്രിയില്‍ രംഗറാവു എന്ന ഡോക്ടറായിരുന്നു ചേച്ചിയെ ചികിത്സിച്ചിരുന്നത്. മെയ് 26നാണ് ഡോക്ടരുടെ അപ്പോയ്ന്റ്‌മെന്റ്. ഞങ്ങള്‍ 21ാം തിയതി തന്നെ സ്ഥലത്തെത്തി. പിന്നീട് ആറുമാസം അവിടെ വീടെടുത്ത് താമസമാക്കി. അതായിരുന്നു എല്ലാവരും ഒരുമിച്ച് നടത്തിയ അവസാനത്തെ യാത്ര.. പിന്നീട് കൂട്ടത്തിലുണ്ടാിയിരുന്നവരില്‍ പലരും അവരവരുടെ സ്റ്റോപ്പുകളില്‍ ഇറങ്ങിപ്പോയി.. ആദ്യം അച്ഛന്‍.. പിന്നെ അനിയന്‍..

ഇന്ത്യയിലും വിദേശത്തുമായി നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും അന്നത്തെ ആ യാത്രകള്‍ തന്ന സുഖവും സന്തോഷവും ഇന്നോളം ലഭിച്ചിട്ടില്ല. ഇന്നും കുടുംബത്തോടൊപ്പമുള്ള യാത്രകളാണ് എനിക്കിഷ്ടം. പ്രധാനമായും ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളുമൊക്കെ സന്ദര്‍ശിക്കാന്‍ ഏറെ ഇഷ്ടമാണ്. ട്രെയിനോ ബസോ വിമാനമോ ഒന്നും അല്ല, യാത്ര ചെയ്യാന്‍ സുഖം കാറ് തന്നെയാണ്. അതാകുമ്പോള്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ അടിച്ചുപൊളിപ്പാട്ടുകളൊക്കെ കേട്ടിങ്ങനെ പോകാം. ഇനിയഥവാ ഇടയ്ക്ക് വിശന്നാല്‍ എവിടേലും നിര്‍ത്തി ഭക്ഷണവും കഴിക്കാമല്ലോ.

വിദേശങ്ങളിലേക്ക്..

വിദേശയാത്രകള്‍ കുറേ നടത്തിയിട്ടുണ്ട്. അമേരിക്ക, ലണ്ടണ്‍, ജര്‍മനി, വിയന്ന, സ്വിറ്റസര്‍ലാന്‍ഡ്, സിഡ്‌നി, ദുബൈ, ഓസ്ട്രിയ, സിംഗപ്പൂര്‍, മെല്‍ബണ്‍, ബ്രിസ്ബണ്‍, കാനഡ, സൗത്ത് ആഫ്രിക്ക… പക്ഷെ ഈ സ്ഥലങ്ങളെക്കുറിച്ചൊന്നും എന്നോട് ചോദിക്കരുത്. മിക്ക യാത്രകളും സിനിമയ്‌ക്കോ മറ്റെന്തെങ്കിലും സ്‌റ്റേജ് പരിപാടികള്‍ക്കോ വേണ്ടിയാകും. മടക്കയാത്രയ്ക്ക് മുമ്പായി എല്ലവരെല്ലാം ഷോപ്പിംഗിനോ സ്ഥലംകാണാനോ പോകും. പക്ഷെ, ഞാനെന്റെ മുറി വിട്ട് പുറത്തിറങ്ങില്ല. എങ്ങനെ ഇറങ്ങാനാ.. ആ സമയത്തൊക്കെ എന്റെ മനസില്‍ ഒറ്റ ചിന്തയേ കാണൂ.. ചോറ്! എങ്ങനെയെങ്കിലും വീട്ടിലെത്തി കുറച്ച് ചോറ് കഴിക്കണം. ഏത് ഹോട്ടലില്‍ പോയാലും എനിക്ക് ചോറ് മതി. പക്ഷെ കിട്ടാറില്ല. മിക്കവാറും യാത്രക്കൊരുങ്ങുമ്പോള്‍ ചോറിനോട് ഭയങ്കര പുച്ഛമാകും. പക്ഷെ എവിടേലും എത്തിയാലോ.. പിന്നെ വായില്‍ കൊള്ളാത്ത പേരുള്ള കുറേ സാധനങ്ങളും കഴിച്ച് വിശപ്പടക്കേണ്ട ഗതികേട്. ഒരിക്കല്‍ ഒരു സംഭവമുണ്ടായി. അമ്മയും കലച്ചേച്ചിയുമായിരുന്നു യാത്രയില്‍ കൂട്ട്. റൂമിലെത്തിയപ്പോഴേക്കും എവിടുന്നെങ്കിലും ഒരല്‍പം ചോറ് കിട്ടിയാല്‍ മതി എന്നായി. പിന്നെ കലച്ചേച്ചി റൂമിലുണ്ടായിരുന്ന ഫോണില്‍ നിന്ന് എങ്ങോട്ടോ വിളിച്ച് ചോറിന് ഓര്‍ഡര്‍ കൊടുത്തു. കുറച്ച് കഴിച്ചപ്പോള്‍ ആരോ റൂമിലെ കോളിംഗ് ബെല്‍ അടിച്ചു. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ഒരാളതാ വലിയ ഉന്തുവണ്ടി പോലൊരെണ്ണമൊക്കെ പിടിച്ച് നില്‍ക്കുന്നു. വിശപ്പ് സഹിക്കാന്‍ വയ്യാതെ ഇരിക്കുകയായിരുന്നു. ഞാന്‍ വിചാരിച്ചത് ആ ഉന്തുവണ്ടിയില്‍ കയറിയിരുന്നാല്‍ അയാള്‍ ചോറുകിട്ടുന്ന എങ്ങോട്ടോ എത്തിക്കും എന്നായിരുന്നു. പക്ഷെ അയാളത് കുറച്ച് കൂടി അടുത്തേക്ക് നോക്കിയപ്പോള്‍ ദേ അതിനകത്ത് പട്ടം താണുപ്പിള്ള സാറിന്റെ തലയിലെ തൊപ്പി പോലെ വലിയൊരു സാധനം.. അത് മാറ്റിയപ്പോളാണ് അതില്‍ ചോറാണെന്ന് മനസിലായത്. കറിയാണ് എന്നെ ശരിക്കും ഞെട്ടിച്ചത്. കുറേ ജീവികള്‍ കൂട്ട ആത്മഹത്യ ചെയ്തതുപോലെ എന്തോ ഒന്ന്.. എംആര്‍എഫ് ടയര്‍ പോലെ തോന്നി ആദ്യം കണ്ടപ്പോള്‍.. പിന്നെയാണ് മനസിലായത് അത് കൊഞ്ച് കറിയാണെന്ന്. എന്തെങ്കിലുമാകട്ടെ എന്നുകരുതി ആ ചോറ് കഴിച്ചപ്പോള്‍ കിട്ടിയ ആശ്വാസം…

മമ്മൂക്കയും യൂണിവേഴ്‌സല്‍ സ്റ്റുഡിയോയും

ഒരു അമേരിക്കന്‍ യാത്ര മമ്മൂക്കയ്ക്കും സംഘത്തിനുമൊപ്പമായിരുന്നു. പിസയും ബര്‍ഗറുമൊക്കെ കഴിച്ച് മടുത്തിരിക്കുന്ന ഞാന്‍ അവിടെയെത്തിയപ്പോള്‍ ചോറ് വേണം എന്ന് പറഞ്ഞ് ബഹളം തുടങ്ങി. സത്യത്തില്‍ മമ്മൂക്ക കളിയാക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ ഒരു ഏട്ടനെ പോലെ പുള്ളി അവിടെയുള്ള സുഹൃത്തിന്റ വീട്ടില്‍ നിന്നും ചോറും പുളിശ്ശേരിയും എത്തിച്ചു തന്നു. ഹോ.. അന്നത്തെ എന്റെ സന്തോഷം.. എവിടെപ്പോയാലും എനിക്കെന്റെ അമ്മയുണ്ടാക്കുന്ന ചോറും സാമ്പാറും വേണം.

അന്ന് പിന്നെ എല്ലാവര്‍ക്കുമൊപ്പം പോയി മിയാമിയിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ കണ്ടേ പറ്റൂ എന്ന് മമ്മൂക്കയ്ക്ക് നിര്‍ബന്ധം. മടിയൊക്കെ തോന്നിയെങ്കിലും ഉണ്ട ചോറിനും പുളിശേരിക്കും നന്ദി വേണമല്ലോ.. ഞാനും പോയി കൂടെ. സത്യത്തില്‍ അതൊരു വല്ലാത്ത കാഴ്ച തന്നെയായിരുന്നു. പോയില്ലായിരുന്നെങ്കില്‍ പിന്നീടെനിക്ക് സങ്കടപ്പെടേണ്ടി വന്നേനെ. അത്രയ്ക്കും നല്ല സ്ഥലം. അവിടെ സിനിമ മാത്രമേയുള്ളൂ. എങ്ങോട്ട് തിരിഞ്ഞാലും സിനിമ. സാധിക്കുമെങ്കില്‍ എല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും അവിടെ പോകണം.. കയറിച്ചെല്ലുന്നിടത്ത് നല്ല വലിപ്പത്തില്‍ എഴുതിവെച്ചിരിക്കുന്നു യൂണിവേഴ്‌സല്‍ സ്റ്റുഡിയോ എന്ന്. ടിക്കറ്റ് കൗണ്ടറില്‍ എത്തി. എന്ത് ക്ഷമയോടെയാ ആളുകള്‍ വരി നില്‍ക്കുന്നതെന്നോ. നമ്മുടെ നാട്ടുകാര്‍ കണ്ടുപഠിക്കണം. അപ്പുറത്തും പേരെഴുതിയ ഒരു ഭീമന്‍ ഗ്ലോബ് ഉണ്ടായിരുന്നു. അതിനടിയില്‍ നിന്നും പുക പോലെ വെള്ളം ഉയരുന്നുണ്ടായിരുന്നു. പരിശോധനയൊക്കെ കഴിഞ്ഞ് അകത്ത് കയറിയപ്പോള്‍ ശരിക്കും അദ്ഭുതം തോന്നി. കയറുന്നിടത്ത് സ്വാഗതം ചെയ്യാന്‍ കുറേ കല്‍പ്രതിമകള്‍. അത് കണ്ടാല്‍ സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ എന്ന് പറയുമ്പോലെ തോന്നും.

ആദ്യം സ്റ്റുഡിയോ ടൂര്‍ ആകാമെന്ന് വച്ചു. ഇരുവശങ്ങളും തുറന്ന തീവണ്ടി പോലൊരു വണ്ടിയില്‍ കയറി നേരെ ഹോളിവുഡ് സിനിമകളുടെ സൈറ്റുകളിലേക്ക് സവാരി. വലിയ കെട്ടിടങ്ങളും വീടുകളും എന്തിന് നഗരങ്ങള്‍ തന്നെയും തലയുയര്‍ത്തി നില്‍ക്കുന്നു. അവിടുന്ന് ഇരുട്ടിലേക്കും പിന്നീട് കാട്ടിലേക്കുമൊക്കെ തീവണ്ടി ഞങ്ങളെയും കൊണ്ട് കുതിച്ചു. കാട്ടിലെത്തിയപ്പോള്‍ ചെടികളുടേയും മരങ്ങളുടേയും ഇടയില്‍ നിന്ന് പതുക്കെ നമ്മുടെ ജുറാസിക് പാര്‍ക്കിലെ കഥാപാത്രങ്ങള്‍ തല പൊക്കി. മുന്നില്‍ ഒരു ഭീമന്‍ ഡൈനോസര്‍. ആദ്യമൊന്ന് പേടിച്ചു. പിന്നെ സിനിമയുടെ ക്ലൈമാക്‌സില്‍ കാര്‍ കൊക്കയിലേക്ക് വീഴുന്ന രംഗമൊക്കെ നേരില്‍ കാണാന്‍ പറ്റി.

പിന്നെ കിംഗ് കോംഗ് സിനിമയിലെ സ്‌കള്‍ ഐലന്റിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ അതാ നില്‍ക്കുന്നു. സാക്ഷാല്‍ കിംഗ് കോംഗിന്റെ ഭീമാകാരമായ ഒരു ശില്‍പം. വണ്ടി നീങ്ങുന്നതുവരെ ഞാന്‍ അതും നോക്കി നിന്നു. അടുത്തയാത്ര സ്പില്‍ ബെര്‍ഗിന്റെ ലോകപ്രസ്തമായ വാര്‍ ഓഫ് ദി വേള്‍ഡിന്റെ സൈറ്റിലേക്കായിരുന്നു. അവിടെ കണ്ടത് വല്ലാത്തൊരു കാഴ്ചയായിരുന്നു. കുറേ വിമാനങ്ങളും മറ്റ് വാഹനങ്ങളും തകര്‍ന്നു കിടക്കുന്നു. അതിനിടയില്‍ നിന്നും ഉയരുന്ന കറുത്ത പുക… വണ്ടി മുന്നോട്ട് നീങ്ങിയിട്ടും ഞാനതില്‍ നിന്നും കണ്ണെടുത്തില്ല. ബാക്ക് ഡ്രാഫ്റ്റ് ആയിരുന്നു മറ്റൊരു ഞെട്ടിപ്പിച്ച കാഴ്ച. തീപിടുത്തം ചിത്രീകരിക്കുന്നതൊക്കെ ശരിക്കും കണ്ടു. ആളുകള്‍ തീയിലേക്ക് വീഴുന്നതും ഡ്രമ്മുകള്‍ കത്തുന്നതും. അങ്ങനെയങ്ങനെ.. കാഴ്ചകളൊക്കെ കണ്ട് രസിച്ചിരുന്നാലും പതുക്കെ വന്ന വിശപ്പിന്റെ വിളി കേട്ടില്ലെന്ന് വെക്കാന്‍ പറ്റില്ലല്ലോ..

ഇഷ്ടദേശങ്ങള്‍…

ഇത്രയേറെ വിദേശ യാത്രകള്‍ നടത്തിയെങ്കിലും എനിക്കിഷ്ടം നമ്മുടെ നാടാണ്. നഗരങ്ങളോട് എന്നും അടുപ്പമില്ല.. ഗ്രാമത്തിലെ ജീവിതത്തിന്റെ സുഖം ഒരിക്കലും നഗരങ്ങള്‍ തരില്ല. അതുകൊണ്ട് തന്നെ എന്റെ ഇഷ്ട സ്ഥലങ്ങള്‍ വയനാട്, പാലക്കാട്, ഊട്ടി ഒക്കെയാണ്. മഞ്ഞും തണുപ്പും പച്ചപ്പും പൂക്കളുമൊക്കെ മനസിനുതരുന്നത് വല്ലാത്തൊരു ഉന്മേഷമാണ്.. ഊട്ടി എനിക്ക് എത്ര കണ്ടാലും മതിയാകില്ല. മഞ്ഞില്‍ വിരിഞ്ഞ് നില്‍ക്കുന്ന പൂക്കള്‍ക്ക് എന്തുഭംഗിയാണ്‍ വയനാട്ടിലെ തിരുനെല്ലി എന്തു നല്ല സ്ഥലമാണ്. പാലക്കാട് ചൂടാണെങ്കിലും എനിക്കിഷ്ടമാണ്. നിഷ്‌കളങ്കരായ മനുഷ്യരും നല്ല സദ്യയും പാലക്കാട്ടെ പ്രത്യേകതയാണ്. പാലക്കാട്ടുകാര്‍ ചീത്തവിളിച്ചാലും അതിലൊരു സ്‌നേഹം കാണും.. ആ മനുഷ്യരെ പോലെ തന്നെ കുറേ പാവപ്പെട്ട കറികളും അവിടെയുണ്ട്. വരിക്കാശേരി മനയാണ് എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത്. അവിടെ എത്തുന്നതിന് എത്രയോ മുമ്പ് ഞാന്‍ ആ മനയും അതിനകവുമെല്ലാം സ്വപ്‌നത്തില്‍ കണ്ടിട്ടുണ്ടെന്ന് തോന്നി.. ചില സ്ഥലങ്ങള്‍ അങ്ങിനെയാണ്.. എപ്പോഴോ അവിടം കണ്ടിട്ടുണ്ടെന്ന് നമുക്ക് തോന്നും..

ഇപ്പോള്‍ യാത്ര ചെയ്യാനൊക്കെ മടിയാണ്.. യാത്ര ഇഷ്ടമില്ലെങ്കിലും യാത്രാവിവരണങ്ങള്‍ വായിക്കാന്‍ ഒരുപാടിഷ്ടമാണ്. അവിടെ പോകാതെ തന്നെ സ്ഥലത്തെക്കുറിച്ചറിയാമല്ലോ.. അല്ലെങ്കിലും ആരെങ്കിലും ഉണ്ടാക്കിത്തന്ന ഭക്ഷണം കഴിക്കാനാണ് എനിക്കിഷ്ടം. അത്രയ്ക്കും മടിച്ചിയാ ഞാന്‍. കാശിയും ബദരീനാഥുമൊക്കെ പോകണം എന്നുണ്ട്.. പിന്നെ കാണണം എന്ന് വല്ലാതെ ആഗ്രഹിച്ച രണ്ട് സ്ഥലങ്ങളുണ്ട്. ഒന്ന് ഇറ്റലിയും മറ്റൊന്ന് കൊല്‍ക്കത്തയുമാണ്.. ചെറുപ്പം തൊട്ടേയുള്ള ആഗ്രഹമാണ്. അതുകൊണ്ടാണോ എന്തോ ഇതുവരെ പോകാനും പറ്റിയിട്ടില്ല. എന്തുകൊണ്ടാണ് ഈ സ്ഥലങ്ങളോട് എനിക്കിത്ര ഇഷ്ടം എന്നറിയില്ല. അവിടുത്തെ സംസ്‌കാരത്തെക്കുറിച്ചോ, ഭൂമിശാസ്ത്രക്കെക്കുറിച്ചോ പാരമ്പര്യത്തെക്കുറിച്ചോ ഒന്നും എനിക്ക് വലിയ വിവരമില്ല. അല്ലെങ്കിലും ഇതൊക്കെ അറിഞ്ഞാണോ ആളുകള്‍ സ്ഥലം കാണാന്‍ പോകുന്നത്. കൊല്‍ക്കത്തയിലെ ദക്ഷിണേശ്വര്‍ കാളീക്ഷേത്രം, ഹൗറ പാലം, നാഷണല്‍ മ്യൂസിയം.. ഇതൊ എന്നെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്… പക്ഷെ നോക്കിക്കോ ഒരിക്കല്‍ ഞാനവിടെ എത്തും. അല്ലാതെ വെറുതെ മോഹിക്കാനൊന്നും എന്നെ കിട്ടില്ല…

കടപ്പാട്: നൊസ്റ്റാള്‍ജിയ മാസിക
http://www.nostalgiamag.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News