വൈദ്യശാസ്ത്രത്തെയും അത്ഭുതപ്പെടുത്തി 12 വയസുകാരി ശ്രേയ; ചെവിയില്‍ കൂടുകെട്ടി താമസിക്കുന്നത് ഡസന്‍ കണക്കിന് വലിയ ഉറുമ്പുകള്‍

അഹമ്മദാബാദ്: ബന്‍സ്‌കാന്തയിലെ ദീശ ടൗണില്‍ നിന്നുള്ള 12 വയസ്സുകാരി ശ്രേയ ദര്‍ജി വൈദ്യശാസ്ത്രത്തെയും അത്ഭുതപ്പെടുത്തുകയാണ്. ശ്രേയയുടെ ചെവി വലിയ ഉറുമ്പുകള്‍ തങ്ങളുടെ വീടാക്കിയിരിക്കുകയാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും ദിവസേന 10 മുതല്‍ 15 ഉറുമ്പുകള്‍ വരെ ശ്രേയയുടെ ചെവിയില്‍ നിന്ന് പുറത്തു വരുന്നുണ്ട്. ശ്രേയയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. വൈദ്യശാസ്ത്ര ചരിത്രത്തില്‍ ഇന്നുവരെ ഇത്തരമൊരു സംഭവം കേട്ടിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, ഉറുമ്പുകളുടെ സാന്നിധ്യം ശ്രേയയുടെ ചെവിയില്‍ ഒരു വേദനയും ഉണ്ടാക്കുന്നില്ലെന്നതു ശ്രദ്ധേയമാണ്. ലാപ്രോസ്‌കോപിക് കാമറ വഴി ശ്രേയയുടെ ചെവി പരിശോധിച്ച ഡോക്ടര്‍മാര്‍ പക്ഷേ, ചെവിയില്‍ മുട്ടയിട്ടിരിക്കുന്ന റാണി ഉറുമ്പിനെ കണ്ടിട്ടുമില്ല.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ശ്രേയയ്ക്ക് ആദ്യമായി പ്രശ്‌നം അനുഭവപ്പെടുന്നത്. ചെവി വല്ലാതെ കടിക്കുന്നതായി ശ്രേയ രക്ഷിതാക്കളോട് പറഞ്ഞു. ശ്രേയയുടെ ചെവി പരിശോധിച്ച അച്ഛന്‍ ചെവിയില്‍ ഉറുമ്പുണ്ടെന്നു മനസ്സിലാക്കി. തൊട്ടടുത്ത ഇഎന്‍ടി സ്‌പെഷ്യലിസ്റ്റിനെ കാണിക്കുകയും ഡോക്ടര്‍ 10 ഉറുമ്പുകളെ അന്നുതന്നെ ചെവിയില്‍ നിന്ന് എടുത്തു കളയുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും അതേ പ്രശ്‌നം തന്നെ. വീണ്ടും ഡോക്ടര്‍ പത്തോളം ഉറുമ്പുകളെ ചെവിയില്‍ നിന്ന് എടുത്തു കളഞ്ഞു. സംഭവം ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരായി.

ഇതോടെ ദീശയിലെയും അഹമ്മദാബാദിലെയും പഠാനിലെയും മികച്ച ഇഎന്‍ടി ഡോക്ടര്‍മാരുടെ അടുത്ത് ശ്രേയയെ കൊണ്ടുപോയി. പക്ഷേ, ഈ അത്ഭുത പ്രതിഭാസത്തിന്റെ കാരണം മാത്രം ആര്‍ക്കും കണ്ടെത്താനായില്ല. 32 വര്‍ഷം നീണ്ട തന്റെ ഡോക്ടര്‍ ജീവിതത്തിനിടയില്‍ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ലെന്നാണ് ഡോ.ജവഹര്‍ ടാല്‍സാനിയ പറഞ്ഞത്. ഉറുമ്പുകള്‍ കുട്ടിയെ കടിക്കുന്നുണ്ടായിരിക്കും. പക്ഷേ അവള്‍ക്ക് വേദനയുണ്ടാകുന്നില്ലെന്നത് അത്ഭുതമാണെന്നും ഡോക്ടര്‍ പറഞ്ഞു. ഉറുമ്പുകള്‍ പുറത്തുവരുന്നത് തുടരുകയാണെങ്കില്‍ കുട്ടിയെ വീഡിയോ നിരീക്ഷണത്തില്‍ വയ്ക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. പല ഡോക്ടര്‍മാരെയും കണ്ടിട്ടും ഫലമൊന്നും കണ്ടില്ലെന്ന് ശ്രേയയുടെ പിതാവ് സഞ്ജയ് ദര്‍ജി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News