അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ടു; കേന്ദ്രഭരണത്തിന് രാഷ്ട്രപതിയുടെ അനുമതി

ദില്ലി: അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. അരുണാചല്‍ പ്രദേശില്‍ കേന്ദ്രഭരണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അനുമതി നല്‍കി. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തുകയും ചില അന്വേഷണങ്ങള്‍ ഇതുസംബന്ധിച്ച് നടത്തുകയും ചെയ്ത ശേഷമാണ് കേന്ദ്രഭരണത്തിനുള്ള ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അനുമതി നല്‍കിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം ശുപാര്‍ശ ചെയ്തത്. സംസ്ഥാനത്ത് ഭരണഘടനാ അനിശ്ചിതത്വം ഉണ്ടായതു കൊണ്ടാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തതെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം.

അതേസമയം, ഗവര്‍ണറാണ് സംസ്ഥാനത്ത് ഇത്തരം ഒരു പ്രതിസന്ധിയുണ്ടാക്കിയതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിനിധി രാഷ്ട്രപതിയെ കണ്ടിരുന്നു. സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി കോണ്‍ഗ്രസ് പ്രതിനിധി വിശദീകരിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച നിവേദനത്തില്‍ അടുത്ത ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അടിയന്തര വാദം കേള്‍ക്കും. ശിപാര്‍ശ അംഗീകരിച്ചാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് സംസ്ഥാനം ഭരിച്ചിരുന്നത്.

കഴിഞ്ഞ മാസം പതിനാറിന് കോണ്‍ഗ്രസ് വിട്ട 21 എംഎല്‍എമാരും പതിനൊന്ന് ബിജെപി എംഎല്‍എമാരും രണ്ടു സ്വതന്ത്രരും ചേര്‍ന്ന് നിയമസഭാ സ്പീക്കര്‍ നബം റെബിയയെ ഇംപീച്ച് ചെയ്തതായി പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തു രാഷ്ട്രീയപ്രതിസന്ധി രൂപപ്പെട്ടത്. നിലവിലുള്ള സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചുവിടുകയും ജനുവരി 24 നു ചേരേണ്ട നിയമസഭാ സമ്മേളനം പതിനാറിനു വിളിച്ചു ചേര്‍ക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്തു നിയമസഭാ സ്പീക്കര്‍ നിയമസഭാ മന്ദിരം അടച്ചിട്ടു. തുടര്‍ന്നാണ് കമ്യൂണിറ്റി ഹാളില്‍ സഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ വിമതര്‍ക്ക് അനുമതിനല്‍കിയത്.

തുടര്‍ന്നാണ് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞവരും ബിജെപി, സ്വതന്ത്ര എംഎല്‍എമാരും നിയമസഭാ മന്ദിരത്തിനു പുറത്തൊരു കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന് സ്പീക്കറെ ഇംപീച്ച് ചെയ്തത്. ഡെപ്യൂട്ടി സ്പീക്കര്‍ ടി നോര്‍ബു തോംഗ്‌ഡോക്കും വിമതര്‍ക്കൊപ്പമാണ്. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ബദലായി എംഎല്‍എമാര്‍ സമ്മേളനം ചേര്‍ന്നത്.

അറുപതംഗ നിയമസഭയില്‍ മുഖ്യമന്ത്രി അടക്കം 27 പേര്‍ ബദല്‍സഭയില്‍നിന്നു വിട്ടുനിന്നു. സ്പീക്കറെ ഇംപീച്ച് ചെയ്തതായി പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം വിമതരും ബിജെപി, സ്വതന്ത്ര എംഎല്‍എമാരും ഒരു ഹോട്ടലില്‍ ഒത്തുചേര്‍ന്നു മുഖ്യമന്ത്രിയെ പുറത്താക്കി കോണ്‍ഗ്രസ് വിമത എംഎല്‍എമാരില്‍ ഒരാളെ തല്‍സ്ഥാനത്തു നിയോഗിക്കുകയും ചെയ്‌തെങ്കിലും ഇതു പിന്നീട് ഗുവാഹത്തി ഹൈക്കോടതി തടഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News