നവകേരള മാര്‍ച്ചിനെ ഹൃദയപക്ഷത്ത് ചേര്‍ത്ത് മലപ്പുറം; ജില്ലയുടെ ചരിത്രത്തില്‍ പുത്തന്‍ അധ്യായം രചിച്ച് പര്യടനം പൂര്‍ത്തിയാക്കി

മലപ്പുറം: ഓരോ തെരുവീഥികളെയും ചുവപ്പണിയിച്ച് ഐതിഹ്യപ്പെരുമയുടെയും പോരാട്ട വീറിന്റെയും സംഗമഭൂമിയില്‍ പുത്തന്‍ ചരിത്രം രചിച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച്. മാര്‍ച്ചിന്റെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി. നാലുദിവസമാണ് മാര്‍ച്ച് ജില്ലയില്‍ പര്യടനം നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറിച്ച മലപ്പുറത്തിന്റെ മണ്ണ് കൂടുതല്‍ ചുവക്കുകയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓരോ സ്വീകരണവും. അണികള്‍ അലകടലായി ആര്‍ത്തിരമ്പിയെത്തി. മലയോര മേഖലയിലായിരുന്നു അവസാന ദിവസത്തെ പര്യടനം. മലപ്പുറത്തെ പര്യടനം പൂര്‍ത്തിയാക്കി മാര്‍ച്ച് പാലക്കാട് ജില്ലയിലേക്ക് കടന്നു.

നാലിടങ്ങളിലാണ് അവസാന ദിവസം മാര്‍ച്ചിന് പര്യടനം നിശ്ചയിച്ചിരുന്നത്. അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ഇന്ന് ജാഥയ്ക്ക് സ്വീകരണം നല്‍കി. അരീക്കോട് ആയിരുന്നു ആദ്യത്തെ സ്വീകരണ കേന്ദ്രം. തെരുവിനെ ചുവപ്പണിയിച്ച വമ്പന്‍ പ്രകടനത്തോടെ ആയിരങ്ങള്‍ ജനനായകനു സ്വീകരണം നല്‍കി. ആയിരങ്ങള്‍ പങ്കെടുത്ത പൊതുയോഗത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും യുഡിഎഫിനെയും നിശിതമായി വിമര്‍ശിച്ച് പിണറായിയുടെ പ്രസംഗം. അരീക്കോടിന്റെ മണ്ണില്‍ നിന്നും മാര്‍ച്ച് പോയത് നിലമ്പൂരിലേക്കായിരുന്നു. തുടര്‍ന്ന് വണ്ടൂരിലും സ്വീകരണം നല്‍കി. പെരിന്തല്‍മണ്ണയിലായിരുന്നു അവസാന സ്വീകരണം. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ജനസഹസ്രങ്ങള്‍ അണിനിരന്ന ഊഷ്മള വരവേല്‍പാണ് ജാഥാ നായകന്‍ പിണറായി വിജയന് ലഭിച്ചത്.

മലപ്പുറത്തെ മണ്ണിനെ ഇളക്കിമറിച്ച ഐതിഹാസിക സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ജാഥ ഇനി പാലക്കാട്ടേക്ക് കടന്നു. ആദ്യദിവസം നാലു സ്ഥലങ്ങളിലാണ് പാലക്കാട് ജില്ലയില്‍ സ്വീകരണം ഒരുക്കിയിട്ടുള്ളത്. കൂറ്റനാടാണ് ആദ്യ സ്വീകരണ കേന്ദ്രം. തുടര്‍ന്ന് പട്ടാമ്പി, ചെര്‍പുളശ്ശേരി, ഒറ്റപ്പാലം എന്നിവിടങ്ങളിലും മാര്‍ച്ചിനു സ്വീകരണം നല്‍കാന്‍ വമ്പന്‍ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.

രാവിലെ കായികമേഖലയിലെ പ്രമുഖരുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മലപ്പുറത്തിന്റെ പ്രിയതാരവും കേരള ടീം അംഗവുമായ ആസിഫ് സഹീര്‍ അടക്കമുള്ള താരങ്ങള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ മലപ്പുറത്തെ ഫുട്‌ബോളിന്റെ മികവിന്റെ കേന്ദ്രമാക്കി മാറ്റാമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇതിന് കോച്ചുമാരുടെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണം ആവശ്യമാണ്. കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഫ് ളഡ്‌ലൈറ്റുകള്‍ സ്ഥാപിക്കുന്നതടക്കം എല്ലാ കാര്യങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തവര്‍ പിണറായി വിജയനോട് ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News