ഐഎന്‍എസ് വിക്രാന്തിന്റെ ഉരുക്കില്‍ നിന്ന് ബജാജിന്റെ പുതിയ ബൈക്ക്; V 150യുടെ ടീസര്‍ പുറത്തിറങ്ങി

1971-ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് ഇന്ത്യയുടെ യുദ്ധമുഖത്തെ താരമായിരുന്ന ഐഎന്‍എസ് വിക്രാന്ത് എന്ന പടക്കപ്പല്‍ പുനര്‍ജനിക്കുന്നു. പടക്കപ്പലായിട്ടല്ല. ബൈക്കിന്റെ രൂപത്തിലാണെന്നു മാത്രം. ബജാജിന്റെ പുതിയ ബൈക്കിന് അസംസ്‌കൃത വസ്തുവാകുന്നത് ഡീകമ്മീഷന്‍ ചെയ്ത ഐഎന്‍എസ് വിക്രാന്തിന്റെ ഉരുക്കാണ്. V 150 എന്ന പേരിലായിരിക്കും ബജാജിന്റെ പുതിയ വാഹനം അറിയപ്പെടുക. വി എന്നാല്‍ വിക്രാന്ത് എന്നായിരിക്കും. ഇന്ത്യയുടെ ആദ്യത്തെ വിമാന വാഹിനി പടക്കപ്പലായിരുന്ന വിക്രാന്ത് 2014-ലാണ് ഡീകമ്മീഷന്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം അവസാനം V 150 ടെസ്റ്റ് ഡ്രൈവ് നടത്തിയിരുന്നു.

ബൈക്കിന്റെ ടീസര്‍ വീഡിയോ ഇതിനകം തന്നെ പലരുടെയും പുരികം വളച്ചിട്ടുണ്ട്. എങ്ങനെയായിരിക്കും V 150 എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇരുചക്ര വാഹനപ്രേമികള്‍. ടീസറില്‍ കാണുന്നതു പോലെയാണെങ്കില്‍ ഒരു സ്‌പോര്‍ടി സ്‌റ്റൈല്‍ ആയിരിക്കും വാഹനത്തിനെന്നു വേണം കരുതാന്‍. പ്രത്യേക രീതിയില്‍ ബോര്‍ഡര്‍ വരച്ച് അലംകൃതമാക്കിയ ഇന്ധനടാങ്കും അല്‍പം കര്‍വ് ആയിട്ടുള്ള സിംഗിള്‍ സീറ്റും വാഹനത്തിന് പ്രത്യേക ഭംഗി നല്‍കുന്നു.

Bajaj V150 Badge

പള്‍സര്‍ ആര്‍എസ് 200-ല്‍ നിന്ന് കടമെടുത്ത മള്‍ട്ടി സ്‌പോക് അലോയ് വീല്‍ ആയിരിക്കും ഉണ്ടായിരിക്കുക. ടെലിസ്‌കോപിക് ഫ്രണ്ട് ആയിരിക്കും V 150ക്ക്. പുറകില്‍ ഇരട്ട ഷോക്ക് അബസോര്‍ബറും ഉണ്ടായിരിക്കും. ഇത് പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖം നല്‍കും. വിക്രാന്തിന്റെവി ബാഡ്ജും ഇന്ധന ടാങ്കില്‍ ആലേഖനം ചെയ്തിരിക്കും. 150 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിന്‍ വാഹനത്തിന് കരുത്തു പകരും. 14 ബിഎച്ച്പി കരുത്തില്‍ 12.75 എന്‍എം ടോര്‍ക്ക് സൃഷ്ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് ആയിരിക്കും വാഹനത്തിന്റേത്.

ഒരു സ്‌പെഷ്യല്‍ മറൈന്‍ ബാഡ്ജ് ആയിരിക്കും മറ്റൊരു സവിശേഷത. ഐഎന്‍എസ് വിക്രാന്തിന്റെ മെറ്റലില്‍ നിന്ന് നിര്‍മിച്ചത് എന്ന് ബാഡ്ജില്‍ ആലേഖനം ചെയ്തിരിക്കും. രണ്ടു വര്‍ഷത്തോളം ശ്രമിച്ച് ബൈക്ക് നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂരിഭാഗം മെറ്റലും ഐഎന്‍എസ് വിക്രാന്തില്‍ നിന്നാണ് ബജാജ് സ്വീകരിച്ചത്. വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 1ന് വാഹനം ഔദ്യോഗികമായി പുറത്തിറക്കുമ്പോള്‍ മാത്രമായിരിക്കും വിശദാംശങ്ങള്‍ പുറത്തുവിടുക. വാഹനത്തിന്റെ വില പ്രീമയം ബൈക്കായ ഡിസ്‌കവറിനേക്കാള്‍ അല്‍പം കുറവായിരിക്കും എന്നും അറിയുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് റോയല്‍ നേവിയിലാണ് ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനി പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്തത്. യുദ്ധം കഴിഞ്ഞ ശേഷമാണ് കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 1957-ല്‍ ഇന്ത്യ പടക്കപ്പല്‍ വാങ്ങി. 1961-ല്‍ വിക്രാന്ത് ആദ്യമായി സേനയുടെ ഭാഗമായി. 1971-ല്‍ ഇന്ത്യാ-പാക് യുദ്ധത്തില്‍ വിക്രാന്തും ഭാഗഭാക്കായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here