കേരളത്തിന്റെ നെല്ലറയെ ചുവപ്പിച്ച് നവകേരള മാര്‍ച്ച്;പാലക്കാട് ജില്ലയില്‍ പര്യടനം ആരംഭിച്ചു; ജനനായകന് ഊഷ്മള വരവേല്‍പ്

പാലക്കാട്: കേരളത്തിന്റെ നെല്ലറയായ പാലക്കാടിനെ ചെമ്പട്ടു പുതപ്പിച്ച് നവകേരള മാര്‍ച്ചിന്റെ ജില്ലയിലെ ആദ്യദിനം. സ്വീകരണം നല്‍കിയ നാലു കേന്ദ്രങ്ങളിലും അത്യുജ്വല സ്വീകരണമാണ് മാര്‍ച്ചിനു ലഭിച്ചത്. മാര്‍ച്ചിന്റെ 13-ാം ദിവസമാണ് പാലക്കാട്ട് പര്യടനം ആരംഭിച്ചത്. രാവിലെ ജില്ലാഅതിര്‍ത്തിയായ പുലാമന്തോള്‍ പാലത്തിനു സമീപം ജാഥയെ നേതാക്കള്‍ സ്വീകരിച്ചു. കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്‍, ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍, സംസ്ഥാന സമിതി അംഗങ്ങളായ എം ചന്ദ്രന്‍ എംഎല്‍എ, എന്‍.എന്‍ കൃഷ്ണദാസ്, പി ഉണ്ണി എന്നിവരുടെ നേതൃത്വത്തില്‍ ആദ്യ സ്വീകരണ കേന്ദ്രമായ തൃത്താല മണ്ഡലത്തിലെ കൂറ്റനാട് ഒരുക്കിയ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു.

ഊഷ്മളമായ വരവേല്‍പാണ് ജനനായകന് കൂറ്റനാട്ടെ ജനങ്ങള്‍ നല്‍കിയത്. ആയിരങ്ങള്‍ രാവിലെ മുതല്‍ സ്വീകരണ കേന്ദ്രത്തില്‍ തടിച്ചു കൂടിയിരുന്നു. ഉച്ചയോടെ മാര്‍ച്ച് പട്ടാമ്പിയിലെ സ്വീകരണ കേന്ദ്രത്തിലേക്കെത്തി. കടുത്ത ഉച്ചവെയിലിനെ അവഗണിച്ചും തടിച്ചു കൂടിയിരുന്ന ജനങ്ങളെ നോക്കി പിണറായിയുടെ പ്രസംഗം. ഇതിനിടെ പുറത്തുവന്ന സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന പ്രസംഗം. ഇടയ്ക്ക് സ്വീകരണത്തിന് എത്തിച്ച ആന ഒന്നു തലയാട്ടിയപ്പോള്‍ ഉമ്മന്‍ചാണ്ടിയെന്ന പേര് ആനയെയും ഇളയ്ക്കുന്നെ് പിണറായിയുടെ തമാശ.

പട്ടാമ്പിയില്‍ നിന്നും ചെര്‍പുളശ്ശേരിയിലേക്ക്. അവിടെയും അത്യുജ്വല സ്വീകരണം ജനനായകനെ കാത്തിരിപ്പുണ്ടായിരുന്നു. ചെര്‍പുളശ്ശേരിയിലെ സ്വീകരണത്തിനു ശേഷം ഒറ്റപ്പാലത്ത് പാലക്കാട് ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം അവസാനിച്ചു. നാളെ മണ്ണാര്‍ക്കാട് നിന്നാണ് മാര്‍ച്ച് പര്യടനം ആരംഭിക്കുന്നത്. തുടര്‍ന്ന് കോങ്ങാട്, ബിപിഎല്‍ കൂട്ടുപാത എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം പാലക്കാട് ചെറിയ കോട്ടമൈതാനിയില്‍ സമാപിക്കും.

രാവിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത നിരഞ്ജന്‍ കുമാറിന്റെ വീടു സന്ദര്‍ശിച്ചു. ഭാര്യയും കുഞ്ഞുമാണ് അവിടെയുണ്ടായിരുന്നത്. കുടുംബാംഗങ്ങളെ പിണറായി വിജയന്‍ ആശ്വസിപ്പിച്ചു. നിരഞ്ജന്റെ ചിത്രത്തിനു മുന്നില്‍ പ്രണാമം അര്‍പ്പിച്ചു. അതിനുശേഷം പട്ടാമ്പിക്കടുത്ത് കൊപ്പത്ത് ഒരു അനാഥ മന്ദിരം സന്ദര്‍ശിച്ച പിണറായി അവിടത്തെ സൗകര്യങ്ങള്‍ നോക്കിക്കണ്ടു. പെരിന്തല്‍മണ്ണയില്‍ രാവിലെ ഭിന്നശേഷിക്കാരുടെ സംഗമത്തില്‍ പങ്കെടുത്തിരുന്നു. കൂറ്റനാട്ടെ സ്വീകരണത്തിനു മുന്നോടിയായി കൂറ്റനാട് തൃത്താല മനസ്സ് എന്ന നവമാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിത്തിറക്കല്‍ പരിപാടിയിലും പിണറായി പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News