കതിരൂര്‍ മനോജ് വധക്കേസ്; പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തലശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി.കെ അനില്‍കുമാറാണ് ജാമ്യാപേക്ഷ തള്ളിയത്. വ്യാഴാഴ്ച വാദം പൂര്‍ത്തിയാക്കിയ ഹര്‍ജിയില്‍ രാവിലെ കേസ് പരിഗണിച്ചയുടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതായി കോടതി അറിയിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ജയരാജന്റെ ജാമ്യഹര്‍ജി തലശേരി ജില്ലാ സെഷന്‍സ് കോടതി തളളുന്നത്.

നേരത്തെ രണ്ടുതവണ ജയരാജന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പ്രതിയല്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാല്‍ കേസില്‍ സിബിഐ പ്രതിചേര്‍ത്ത സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി ജയരാജന്‍ മൂന്നാമതും കോടതിയെ സമീപിച്ചത്.

കേസില്‍ ഒന്നാം പ്രതിയായ വിക്രമന്‍ തന്റെ ഡ്രൈവര്‍ ആയിരുന്നില്ലെന്ന് പി. ജയരാജന്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ കേന്ദ്രനിര്‍ദ്ദേശമുണ്ടായിരുന്നെന്നും പി.ജയരാജന്‍ പറഞ്ഞിരുന്നു. ഒന്നരവര്‍ഷം നീണ്ട അന്വേഷണത്തില്‍ പി. ജയരാജനെതിരേ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും രാഷ്ട്രീയപരമായ പകപോക്കല്‍ മാത്രം ലക്ഷ്യമിട്ടാണ് ജയരാജനെ സിബിഐ കേസില്‍ പ്രതിചേര്‍ത്തതെന്നും പി. ജയരാജനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here