തമ്പാനൂര്‍ രവിയും ബെന്നിബെഹന്നാനുമായിരുന്നു ഗോഡ്ഫാദര്‍മാര്‍; ഇപ്പോഴും സമ്മര്‍ദം തുടരുന്നു; കേസുണ്ടാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു; സരിതയുടെ പുതിയ വെളിപ്പെടുത്തലുകള്‍ പീപ്പിള്‍ ടിവിയിലൂടെ

saritha-banner

ആലപ്പുഴ: വാങ്ങിയ പണം തിരികെ നല്‍കാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെന്നു സരിത എസ് നായര്‍. കേസില്‍നിന്നു രക്ഷപ്പെടുത്താമെന്നു തന്നോടും അമ്മയോടും ഉമ്മന്‍ചാണ്ടി വാക്കു പറഞ്ഞിരുന്നെന്നും പീപ്പിള്‍ ടിവി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരനു നല്‍കിയ അഭിമുഖത്തില്‍ സരിത പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകളാണ് സരിത പീപ്പിള്‍ ടിവിയിലൂടെ നടത്തിയത്.

സോളാര്‍ കേസില്‍ പലയിടങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും ബന്ധുക്കളെ ഫോണില്‍ കൂടി സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സരിത പറയുന്നു. രണ്ടു വര്‍ഷത്തിലധികമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അടുത്തറിയാം. കോഴ കൊടുത്തത് നിക്ഷേപകരുടെ പണമാണ്.
പലയിടത്തും കോണ്‍ഗ്രസിന് അനുകൂലമായി സംസാരിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു.

കേസുണ്ടാകില്ലെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ആറ്റുകാല്‍ പൊങ്കാല ദിവസമായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. എന്നിട്ടും അറസ്റ്റുണ്ടായി. കേസുണ്ടാകില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി കേസിനെ ഈ ഘട്ടത്തിലെത്തിച്ചു. പിന്നെങ്ങനെ പണം തിരികെ നല്‍കുമെന്ന വാക്കെങ്ങനെ പാലിക്കുമെന്നു താന്‍ ചോദിച്ചു. രണ്ടുഘട്ടങ്ങളിലായി മുഖ്യമന്ത്രിക്ക് 1.90 കോടിയും ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപയുമാണ് നല്‍കിയത്. വക്കീല്‍ ഫീസായി തമ്പാനൂര്‍ രവി ഫെനി ബാലകൃഷ്ണന് അഞ്ചു ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിക്കു വേണ്ടിയായിരുന്നു ഇത്. ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിഎ പ്രദീപന്‍ വഴിയാണ് പണം നല്‍കിയത്.

കേസുകളില്‍ വളരെ കുറഞ്ഞ കേസുകള്‍ മാത്രമാണ് തീര്‍ന്നിട്ടുണ്ട്. പതിനാറു ലക്ഷം രൂപയുടെ കേസുകള്‍ മാത്രമേ തീര്‍ന്നിട്ടുള്ളൂ. ഇരുപത്തഞ്ചോളം കേസുകള്‍ ഇനിയും തീരാനുണ്ട്. തന്റെ ബന്ധുക്കളാണ് കേസ് തീര്‍ക്കാന്‍ സഹായിച്ചത്. അവരില്‍ പലരും വിദേശത്താണ്. വളരെക്കാലം മുമ്പുമുതലേ ഉള്ള സുഹൃത്തുക്കളും പണം നല്‍കി. കോണ്‍ഗ്രസുകാരെ പിന്തുണയ്ക്കുന്നതുകൊണ്ട് പ്രതിഫലം അല്ല ചോദിച്ചത്. നല്‍കിയ പണം തിരികെ നല്‍കാന്‍ മാത്രമാണ് ചോദിച്ചത്.

തമ്പാനൂര്‍ രവിയും ബെന്നി ബെഹന്നാനുമാണു വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താനും പറയാനുള്ള കാര്യങ്ങളും നിര്‍ദേശിച്ചിരുന്നത്. തമ്പാനൂര്‍ രവിയും ബെന്നി ബെഹന്നാനുമായിരുന്നു തന്റെ ഗോഡ്ഫാദര്‍മാര്‍. പ്രാതലിനു മുമ്പു താന്‍ എന്നും ഇവരെ വിളിച്ചിരുന്നു. എന്തെങ്കിലും നടക്കുമോ സാര്‍ എന്നാണു ചോദിച്ചിരുന്നത്. താന്‍ പറയുന്ന കാര്യങ്ങള്‍ ചെറിയ വിഷയമല്ല എന്നറിയാം. സ്വാധീന ശക്തിയുള്ള ആളുകളെക്കുറിച്ചാണു താന്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്.

മുഖ്യമന്ത്രിയടക്കമുള്ള കാര്യങ്ങള്‍ നിഷേധിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നു തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഡിജിറ്റലായി തന്റെ കൈയിലുണ്ട്. രണ്ടാഴ്ച മുമ്പും മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. മുഖ്യമന്ത്രിക്കും തനിക്കും ഇടനിലക്കാരായി നിന്നിരുന്നവരെ വിളിക്കുമ്പോള്‍ പിന്നീട് വിളിക്കൂ എന്നായിരുന്നു പറയുക. ഫോണ്‍ ചെയ്യുമ്പോള്‍ രണ്ടു മണിക്കു വിളിക്കാന്‍ പറയും. രണ്ടിനു വിളിക്കുമ്പോള്‍ ഏഴിനു വിളിക്കാന്‍ പറയും. അപ്പോള്‍ വിളിക്കുമ്പോള്‍ ഫോണെടുക്കില്ല. ഒമ്പതു മണിയാകും ഫോണെടുക്കാന്‍. അപ്പോള്‍ ഏറെ വൈകിയെന്നും നാളെ വിളിക്കാനും പറയും. ഇങ്ങനെ വലിച്ചുനീട്ടിക്കൊണ്ടുപോയപ്പോഴാണ് മുഖ്യമന്ത്രിയെ വിളിച്ചത്. സെക്രട്ടറി വസുദേവശര്‍മയുടെ ഫോണിലാണ് വിളിച്ചത്.

വളരെ തരംതാണ ഒരു സ്്ത്രീയേക്കാള്‍ മോശമായാണ് തന്നെ ചിത്രീകരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പു തന്നെ ഈ നിലയില്‍ എത്തിച്ചത് അവരാണ്. വെള്ളപൂശി ചിരിക്കുന്നവരാണ് അവര്‍. നമ്മളെ കാണുമ്പോള്‍ നല്ല രീതിയില്‍ പെരുമാറും. നമ്മളുമായി അടുത്തുനില്‍ക്കുന്നവരെ കാണുമ്പോള്‍ നമ്മളെ മോശമായി സംസാരിക്കും. ഇതാണ് രീതി. കേസുകള്‍ തീര്‍ക്കുക എന്നതുമാത്രമായിരുന്നു തന്റെ ആവശ്യം.

മുഖ്യമന്ത്രിയെ വിളിച്ചപ്പോള്‍ പണം കിട്ടിയില്ല എന്നാണ് അദ്ദേഹത്തോടു പറഞ്ഞു. രവിയെ കോണ്‍ടാക്ട് ചെയ്തില്ലേ എന്നു ചോദിച്ചു. ബെന്നി ഇങ്ങനയാണു സംസാരിക്കുന്നതെന്നു മറുപടി പറഞ്ഞു. എറണാകുളത്തു കാണാമെന്നാണു പറഞ്ഞത്. രാവിലെ മുതല്‍ പാതിരാത്രിവരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ കാത്തുനിന്നു. രാത്രി വരെ അവിടെനിന്നിട്ടും ബെന്നി ബെഹന്നാന്‍ ഫോണ്‍ എടുത്തില്ല. വിളിക്കുമ്പോള്‍ ഏതെങ്കിലും ചടങ്ങില്‍ പങ്കെടുക്കുന്ന സമയം കേള്‍പ്പിക്കും. വൈകിട്ട് ഏഴു മണിയാകുമ്പോള്‍ വിളിക്കുമ്പോള്‍ പറയും പണം ശരിയായിട്ടില്ല. തിരുവനന്തപുരത്തു രവി ശരിയാക്കും. അങ്ങനെ മടങ്ങിപ്പോരും.

എല്ലാം തുറന്നുപറഞ്ഞാല്‍ കേരളം നടുങ്ങുമെന്നു പറഞ്ഞതു സഹികെട്ടാണ്. തനിക്കു തരാനുള്ള പണം തരാതായപ്പോഴാണ് അങ്ങനെ പറയേണ്ടിവന്നത്. അബ്ദുള്ളക്കെട്ടിക്കെതിരേ തനിക്കു പരാതിയുണ്ടെന്നു പറഞ്ഞത് തമ്പാനൂര്‍ രവിയോടും ബെന്നി ബെഹന്നാനോടും മാത്രമാണ്. അബ്ദുള്ളക്കുട്ടിക്കെതിരേ കേസ് കൊടുത്തത് തമ്പാനൂര്‍ രവിയും ബെന്നി ബെഹന്നാനും പറഞ്ഞിട്ടാണ്. ഇതോടെയാണ് തന്റെ മുഖം ചീത്തയായത്. അതൊരു ഗൂഢാലോചനയായിരുന്നുവെന്നും സരിത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel