ഉമ്മന്‍ചാണ്ടിയും ആര്യാടനും രാജി വയ്ക്കണമെന്ന് കോടിയേരി: ആരോപണവിധേയര്‍ അധികാരത്തില്‍ തുടരുന്നത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും അധികാരത്തില്‍ തുടരാന്‍ പാടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോപണവിധേയര്‍ അധികാരത്തില്‍ തുടരുന്നത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ധാര്‍മികതയ്ക്ക് പ്രാധാന്യം നല്‍കിയ വ്യക്തി ഇപ്പോള്‍ മനസാക്ഷിയെ കൂട്ടുപിടിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ആരോപണ വിധേയര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് വിജിലന്‍സിനെ സമ്മര്‍ദ്ദത്തിലാക്കും. മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ കെഎം മാണി ശ്രമം നടത്തുന്നുണ്ട്. അതിന് വേണ്ടിയുള്ള വിലപേശല്‍ ആരംഭിച്ചിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണുമെന്ന മാണിയുടെ പ്രസ്താവന ഉമ്മന്‍ചാണ്ടിയെ സമ്മര്‍ദ്ദത്തിലാക്കാനാണെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നും കോടിയേരി പറഞ്ഞു.

സരിതാ നായരുടെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ നശിപ്പിച്ചത് ഐജി ആണെന്ന് ഡിജിപി സെന്‍കുമാര്‍ സോളാര്‍ കമ്മീഷനു മുമ്പില്‍ പറഞ്ഞു. തിരിച്ചെടുക്കാനാവാത്ത വിധം ആ തെളിവുകള്‍ നശിപ്പിച്ചത് ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയാണ്. തെളിവുകള്‍ നശിപ്പിച്ച ഐജിയെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ടിപി ശ്രീനിവാസനെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കാമെന്ന് എസ്എഫ്‌ഐ തീരുമാനിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെതിരെയുള്ള കേസ് കോണ്‍ഗ്രസ്-ബിജെപി ഒത്തുക്കളിയാണെന്നും രാജ്‌നാഥ് സിംഗും രമേശ് ചെന്നിത്തലയും ഭായ് ഭായ്മാരാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News