പൂരങ്ങളുടെ നാട്ടില്‍ പൂരപ്രതീതിയുണര്‍ത്തി നവകേരള മാര്‍ച്ച്; തൃശ്ശൂര്‍ ജില്ലയില്‍ ആദ്യദിവസം ജനനായകന് അത്യുജ്വല വരവേല്‍പ്

തൃശ്ശൂര്‍: അഴിമതിക്കെതിരെ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് തൃശ്ശൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചു. ആദ്യദിനം വെടിക്കെട്ടിന്റെ അകമ്പടിയോടെ അത്യുജ്വല സ്വീകരണമാണ് തൃശ്ശൂരില്‍ ഒരുക്കിയിരുന്നത്. നാലു കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. പൂരങ്ങളുടെ നാട് പൂരപ്രതീതിയുണര്‍ത്തുന്ന സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും ജനനായകനു ഒരുക്കിയിരുന്നത്. ഓരോ കേന്ദ്രങ്ങളിലും ഒരു പൂരത്തിനുള്ള ആളുകള്‍ നിറഞ്ഞിരുന്നു. ആവേശത്തോടെ മുദ്രാവാക്യം വിളികളോടെയാണ് പിണറായിയെ ജനം വരവേറ്റത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും ജാഥാലക്ഷ്യം വിവരിച്ചും ആയിരങ്ങളെ അഭിസംബോധന ചെയ്ത് പിണറായിയുടെ പ്രസംഗം.

രാവിലെ പതിവു വാര്‍ത്താസമ്മേളനത്തിനു ശേഷമാണ് തൃശ്ശൂര്‍ ജില്ലയിലേക്ക് ജാഥ പ്രവേശിച്ചത്. ജില്ലാ അതിര്‍ത്തിയായ പ്ലാരിയില്‍ ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരണം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍, ജില്ലാ സെക്രട്ടറി എ.സി മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജാഥയെ സ്വീകരിച്ചത്. തുടര്‍ന്ന് ആദ്യസ്വീകരണ കേന്ദ്രമായ ചേലക്കരയിലേക്ക്. ഉച്ചയോടടുത്ത കടുത്ത വെയിലിനെ അവഗണിച്ച് പിണറായിയെ ചേലക്കരയില്‍ കാത്തുനിന്നത് ആയിരങ്ങളായിരുന്നു.

ഉച്ചയ്ക്കു ശേഷം ജാഥ പര്യടനം തുടര്‍ന്നു. വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ ഓട്ടുപാറയിലായിരുന്നു അടുത്ത സ്വീകരണം. ഓട്ടുപാറയില്‍ നിന്ന് നേരെ കുന്ദംകുളത്തേക്ക്. കുന്ദംകുളത്തെത്തുമ്പോള്‍ സമയം നാലു കഴിഞ്ഞിരുന്നു. തൃശ്ശൂര്‍ ടൗണിലായിരുന്നു ആദ്യദിവസത്തെ സമാപനം. വെടിക്കെട്ടിന്റെ അകമ്പടിയോടെയാണ് തൃശ്ശൂര്‍ ടൗണിലേക്ക് ജനനായകനെ സ്വീകരിച്ചത്. രണ്ടു ദിവസം കൂടി ജാഥ ജില്ലയില്‍ പര്യടനം നടത്തും.

ഇന്നലെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ് ജാഥ സമാപിച്ചത്. രാവിലെ വടക്കഞ്ചേരിയില്‍ കായിക മേഖലയില്‍ ഉള്ളവരും യുവജന സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കായികമേഖലയിലെയും മറ്റു പ്രധാന വിഷയങ്ങളും പിണറായി ഇവരുമായി ചര്‍ച്ച ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News