മദ്യപിച്ചു കഴിഞ്ഞാല്‍ എക്‌സിനെ ഓര്‍ക്കരുത്; ഫോട്ടോയെടുക്കരുത്; ടെക്‌സ്റ്റ് ചെയ്യരുത്… അങ്ങനെ ചെയ്യാന്‍ പാടില്ലാത്ത ഏഴു കാര്യങ്ങള്‍

മദ്യപിച്ചുകഴിഞ്ഞാല്‍ പലര്‍ക്കും പല തോന്നലുകളാണ്. ചിലര്‍ക്കു വണ്ടിയോടിച്ച് ആഘോഷിക്കാന്‍ തോന്നും. ചിലര്‍ രണ്ടെണ്ണം അകത്തുചെന്നാല്‍ സുഹൃത് സ്‌നേഹികളാകും. ചിലരാകട്ടെ ദേഷ്യവും പകയുമൊക്കെ തീര്‍ക്കുന്നത് അടിച്ചുപൂസായാണ്. എന്നാല്‍ ഇതില്‍ പലതും മദ്യം ഉള്ളില്‍ ചെന്നുകഴിഞ്ഞാല്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. മദ്യപിച്ചിട്ടുണ്ടെങ്കില്‍ ചെയ്യാന്‍ പാടില്ലാത്ത ഏഴു കാര്യങ്ങള്‍.
ഡ്രൈവിംഗ്
മദ്യപിച്ചു കഴിഞ്ഞാല്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഗുരുതരമായ കാര്യമാണ് വാഹനമോടിക്കല്‍. നിങ്ങളുടെ മാത്രം ജീവനല്ല ഇതിലൂടെ അപകടത്തിലാകുന്നത്. മറ്റുള്ളവരുടെ കൂടി ജീവനാണെന്ന് ഓര്‍ക്കുക. മദ്യപിച്ചിട്ടുണ്ടെങ്കില്‍ താമസസ്ഥലത്തേക്കു പോകാന്‍ ഒരു കാബ് വിളിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ മദ്യലഹരിയിലല്ലാത്ത ഒരു സുഹൃത്തിനെ വിളിച്ചു വാഹനമോടിപ്പിക്കുക.

ഫോട്ടോയെടുപ്പും പോസ്റ്റിംഗും
ചിലര്‍ രണ്ടെണ്ണം അകത്തുചെന്നാല്‍ സെല്‍ഫി, ഫോട്ടോ പ്രിയരാകും. പിന്നെ ഒരേയൊരു ഫോട്ടെയെടുപ്പാണ്. ഗ്ലാസെടുത്തും ഇരുന്നും നിന്നും കിടന്നും ഡാന്‍സ് ചെയ്തുമെല്ലാം ഫോട്ടെയെടുക്കുന്നവരുണ്ട്. ഇതു നിങ്ങളെ അപകടത്തിലായിരിക്കും എത്തിക്കുക. പലപ്പോഴും നിങ്ങളുടെ പാര്‍ട്ടി ചിത്രങ്ങള്‍ ആദ്യം ചെന്നെത്തുക നിങ്ങളുടെ ബോസിന്റെ കൈയിലായിരിക്കും. അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കൈയിലായിരിക്കും. പണി പോകാനും പണി കിട്ടാനും ഏറ്റവും സാധ്യതയുള്ളതായതിനാല്‍ മദ്യപിച്ചുകഴിഞ്ഞാല്‍ കാമറയും മൊബൈലും ഓഫാക്കിയിടുകയായിരിക്കും ഉത്തമം

പൂസായി ടെക്‌സ്റ്റിംഗ്
പലര്‍ക്കും മദ്യം തലയ്ക്കു പിടിച്ചുകഴിഞ്ഞാല്‍ എസ്എംഎസും എഫ്ബി മെസേജും വാട്‌സ്ആപ്പ് മെസേജും ഒക്കെ അയയ്ക്കുന്നത് ഒരു ശീലമാണ്. പലരും പൂസിന്റെ മുകളില്‍ പലതും പറഞ്ഞു മനസങ്ങു തുറന്നുകളയും. അതു പിന്നെ വലിയ കുഴപ്പങ്ങളായിരിക്കും സൃഷ്ടിക്കുക.

അപരിചിതരോടു ശൃംഗാരം
മദ്യപിച്ചു കഴിഞ്ഞാല്‍ പലര്‍ക്കും ശൃംഗാരം ഉണരും. ചിലപ്പോള്‍ ആദ്യം കാണുന്നവരോടോ ആദ്യം സംസാരിക്കുന്നവരോടോ ഒക്കെ നിലവിട്ടങ്ങും പെരുമാറിക്കഴിയും. പിറ്റേന്നു കെട്ടിറങ്ങിക്കഴിഞ്ഞായിരിക്കും തലേന്നു സംഭവിച്ചതെന്താണെന്നു മനസിലാവുക. സുബോധത്തില്‍ എത്ര ക്ഷമ പറഞ്ഞാലും അതിന്റെ നാണക്കേടു മാറില്ല.

എക്‌സിനോട് ഒന്നും വേണ്ട
പലരും രണ്ടെണ്ണം അടിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ വൈകാരികമായി ഉഷാറാവും. പിന്നെ നേരെ എക്‌സിനെ വിളിക്കുകയാവും ചെയ്യുക. ആ പ്രലോഭനം വിദഗ്ധമായി ചെറുക്കുകയാണു വേണ്ടത്. എക്‌സുമായി ഭാവിയിലെപ്പോഴെങ്കിലും നല്ലൊരു ബന്ധം സ്ഥാപിക്കാനുള്ള സാധ്യതയാണ് രണ്ടണ്ണം അടിച്ചു സംസാരിച്ചാല്‍ നഷ്ടമാവുകയെന്നും ഓര്‍ക്കുക. അതുകൊണ്ട് അടിച്ചുകഴിഞ്ഞാല്‍ എക്‌സിനെ ഓര്‍ക്കുകയേ വേണ്ട.

ഓഫീസ് കാര്യങ്ങള്‍ക്ക് അവധി
ഓഫീസും മദ്യവും തമ്മില്‍ കൂട്ടിക്കലര്‍ത്തരുത്. മദ്യപിച്ചിരിക്കുമ്പോള്‍ ഓഫീസ് ആവശ്യത്തിനുള്ള ഒരു ഇമെയില്‍ പോലും അയക്കരുത്. നമ്മള്‍ എത്ര ബോധത്തോടെയാണ് എന്നു കരുതുന്നുണ്ടെങ്കിലും മദ്യം ഭാഷയില്‍ മാറ്റം വരുത്തും. പലപ്പോഴും അതു മേലധികാരിക്കു മനസിലാവുകയും ചെയ്യും.

അടിയുണ്ടാക്കരുത്
മദ്യപിച്ചിരിക്കുമ്പോള്‍ തര്‍ക്കങ്ങള്‍ക്കും അടികൂടാനും പോകരുത്. ഈ സമയത്തു നീതിയേക്കാള്‍ സ്വന്തം വാശിക്കായിരിക്കും പ്രാധാന്യം നല്‍കുക. വാക് തര്‍ക്കങ്ങള്‍ കൈയാങ്കളിയിലെത്തുകയും ചെയ്യും. അടി കൂടുന്നത് ചിലപ്പോള്‍ നല്ലൊരു സൗഹൃദം തകര്‍ക്കുകയായിരിക്കും ചെയ്യുക. അതുകൊണ്ട് അടിച്ചുകഴിഞ്ഞാല്‍ അടിവയ്ക്കാതെ നോക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News