ആര്‍എസ്എസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പെണ്‍കുട്ടികളെ തല്ലിച്ചതച്ചു; അക്രമികളില്‍ പുരുഷ പൊലീസും സംഘപരിവാറുകാരും; വീഡിയോ കാണാം

ദില്ലി: രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ആര്‍എസ്എസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. ദില്ലി ഝാന്‍ദേവാലനിലെ ആര്‍എസ്എസ് ഓഫീസിലേക്കാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ തന്നെ പൊലീസ് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവിട്ടു. പൊലീസുകാര്‍ മാത്രമല്ല അല്ലാത്തവരും വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചിട്ടുണ്ട്. യൂണിഫോം ഇടാത്ത അക്രമികള്‍ സംഘപരിവാറുകാരാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

പുരുഷ പൊലീസുകാരാണ് പെണ്‍കുട്ടികള്‍ അടങ്ങിയ പ്രക്ഷോഭകരെ ക്രൂരമായി തല്ലിച്ചതച്ചത്. പെണ്‍കുട്ടികളെ തല്ലിയ പൊലീസിനെ പിടിച്ചു മാറ്റി സംഘപരിവാര്‍ ഗുണ്ടകള്‍ മര്‍ദനം ഏറ്റെടുത്തു. സംഘപരിവാറുകാര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതു കണ്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ല. സംഘപരിവാറുകാര്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് മാര്‍ച്ച് നടത്തിയത്. എന്നാല്‍, ദൃശ്യങ്ങള്‍ ഇപ്പോള്‍ മാത്രമാണ് പുറത്തുവന്നത്.

മാര്‍ച്ചില്‍ മാധ്യമപ്രവര്‍ത്തകരെയും പൊലീസ് തല്ലിച്ചതച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും മര്‍ദ്ദിക്കുകയായിരുന്നു. കാമറയും നശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here