കൃത്രിമക്കാലാണുള്ളതെന്ന് തെളിയിക്കാന്‍ ജീന്‍സ് ഊരിക്കാണിക്കാന്‍ ഇരുപത്തിനാലുകാരിയോട് വിമാനത്താവള അധികാരികള്‍; സുരക്ഷാ കാരണങ്ങളാലാണെന്നു വിശദീകരണം

മുംബൈ: കൃത്രിമക്കാലുമായി ജീവിക്കുന്ന ഇരുപത്തിനാലുകാരിയോട് അതു തെളിയിക്കാന്‍ ജീന്‍സ് ഊരിക്കാണിക്കാന്‍ വിമാനത്താവള അധികാരികള്‍. പരാതിപ്പെട്ടപ്പോള്‍ സുരക്ഷാ കാരണങ്ങളാലാണെന്നു കാട്ടി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരെ രക്ഷിക്കാന്‍ സിഐഎസ്എഫിന്റെ ശ്രമം. മുംബൈ വിമാനത്താവളത്തില്‍ ജനുവരി മുപ്പതിനാണ് സംഭവം.

മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട് അപ്പിന്റെ ഡയറക്ടറായ അന്താര തെലങ്കിനാണ് വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍നിന്നു ദുരനുഭവമുണ്ടായത്. മുംബൈയില്‍നിന്നു ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ബംഗളുരുവിലേക്കു പോകാന്‍ വന്നതായിരുന്നു അന്താര. സാധാരണ വിമാനത്താവളങ്ങളില്‍ ഇത്തരം അവസ്ഥകള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടെന്നും മുംബൈയില്‍ മാത്രം ഇതില്ലെന്നും പലതവണ താന്‍ ഇത്തരം അപമാനത്തിന് ഇരയായിട്ടുണ്ടെന്നും സംഭവത്തിന് ശേഷം അന്താര ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അന്തരയെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന നടത്തിയപ്പോള്‍ കാലിന്റെ ഭാഗത്തുവച്ച് പ്രത്യേക ശബ്ദം പുറപ്പെടുവിച്ചിരുന്നു. ഇത് കൃത്രിമക്കാലിന്റെയാണെന്നും പതിനെട്ടാം വയസില്‍ ഒരു അപകടത്തില്‍ തനിക്കു കാല്‍ നഷ്ടപ്പെട്ടതാണെന്നും അതിനു ശേഷം കൃത്രിമക്കാലുമായാണ് ജീവിക്കുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥരോടു പറഞ്ഞു. ഇതു കേള്‍ക്കാന്‍ കൂട്ടാക്കാതെ തൊട്ടടുത്ത മുറിയിലേക്കു കൊണ്ടുപോയി ജീന്‍സ് അഴിച്ച് അതു തെളിയിക്കാനാണ് അന്താരയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. താന്‍ സ്ഥിരമായി വിമാനയാത്ര ചെയ്യുന്നയാളാണെന്നും ബംഗളുരു വിമാനത്താവളത്തില്‍ എക്‌സ്‌പ്ലോസീവ് ട്രേസ് ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് പരിശോധനയെന്നും എന്തുകൊണ്ട് അതു മുംബൈയില്‍ സ്ഥാപിച്ചിട്ടില്ലെന്ന ചോദ്യവും അന്താര ഉയര്‍ത്തുന്നുണ്ട്.

അതേസമയം, സംഭവം വിവാദമായപ്പോള്‍ മനപൂര്‍വം ചെയ്തതല്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് അന്താരയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് വിമാനത്താവളത്തിലെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്എഫിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News