ഭൂമിയുണ്ടായത് കൂട്ടിയിടിയില്‍; 450 കോടി വര്‍ഷം മുമ്പു രണ്ടു ഗ്രഹങ്ങള്‍ കൂട്ടിയിടിച്ച് ഭൂമിയുണ്ടായി; ചന്ദ്രനുണ്ടായതും ഈ കൂട്ടിയിടിയുടെ ഫലമെന്നു ശാസ്ത്രജ്ഞര്‍

ഫ്‌ളോറിഡ: ഭൂമിയുണ്ടായത് നാനൂറ്റമ്പതു കോടി വര്‍ഷം മുമ്പു രണ്ടു ഗ്രഹങ്ങള്‍ കൂട്ടിയിടിച്ചാണ് രൂപപ്പെട്ടതെന്നു ശാസ്ത്രജ്ഞര്‍. ഇന്നത്തെ നിലയില്‍ എത്തുന്നതിനു മുമ്പു പതിനായിരം ലക്ഷം വര്‍ഷം പഴക്കമുള്ള സമയത്താണ് ഭൂമിയുമായി മറ്റൊരു ഗ്രഹമായ തെയ കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ രണ്ടു ഗ്രഹങ്ങളും ചേര്‍ന്ന് ഒന്നായെന്നാണ് കലിഫോര്‍ണിയ, ലൊസ് ആഞ്ചല്‍സ് സര്‍വകലാശാലകളിലെ ശാസ്ത്രസംഘത്തിന്റെ പുതിയ കണ്ടെത്തല്‍.

കൂട്ടിയിടിയില്‍ ഭൂമിയില്‍നിന്നു വിഘചടിച്ചുപോയ ഒരു ഭാഗമാണ് ചന്ദ്രനായി മാറിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചാന്ദ്രപര്യവേഷണത്തിന്റെ ഭാഗമായി പഠിച്ച ചന്ദ്രനിലെ ശിലകളെക്കുറിച്ചുള്ള വിശകലനങ്ങള്‍ ഈ സാധ്യതയ്ക്കു ബലം വര്‍ധിപ്പിക്കുന്നെന്നും ഇവര്‍ പറയുന്നു. ഹവായിലും അരിസോണയിലും കാണപ്പെടുന്ന ശിലകളുമായി സമാനമാണ് ചന്ദ്രനില്‍ കാണപ്പെട്ടവയും. ശിലകളുടെ രാസഘടനയിലും കാണപ്പെട്ട ഓക്‌സിജന്‍ ഐസോട്ടോപ്പുകളിലും വ്യത്യാസമുണ്ടായിരുന്നില്ല.

ഭൂമിയിലെയും ചന്ദ്രനിലെയും ഓക്‌സിജന്‍ ഐസോടോപ്പുകള്‍ വേര്‍തിരിച്ചറിയാത്തവിധം സമാനമാണെന്നു സര്‍വകലാശാലയിലെ ജിയോകെമിസ്ട്രി പ്രൊഫസര്‍ എഡ്വാര്‍ഡ് യംഗ് ചൂണ്ടിക്കാട്ടുന്നു. തെയയുടെ ഭാഗങ്ങള്‍ ചന്ദ്രനിലുമുണ്ട്. ഒരു ഗ്രഹമായി വികസിക്കുന്ന ഘട്ടത്തിലാണ് തെയ ഭൂമിയുമായി കൂട്ടിയിടിച്ചത്. ഭ്രൂണഗ്രഹം എന്നറിയപ്പെടുന്ന ഗണത്തിലാണ് തെയയുണ്ടായിരുന്നതെന്നും യംഗ് ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here