മുഖ്യമന്ത്രിക്ക് വരാനിരിക്കുന്നത് അലോസരത്തിന്റെ ദിനങ്ങളാണെന്നു പിണറായി; അടിച്ചമര്‍ത്തിയാല്‍ കൂടുതല്‍ ശക്തമാകും

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി വരാനിരിക്കുന്ന അലോസത്തിന്റെ ദിനങ്ങളാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയാല്‍ അതു ശക്തിപ്പെടുമെന്നും നവകേരള യാത്രയുടെ ഭാഗമായി എറണാകുളത്തു വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.

തങ്ങള്‍ നിയമത്തിന് അതീതരാണെന്ന കോണ്‍ഗ്രസുകാരുടെ നിലപാടിനേറ്റ തിരിച്ചടിയാണ് കെ സി ജോസഫിനെതിരായ ക്രിമനല്‍ കോടതിയലക്ഷ്യക്കേസെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ അടുത്തയാളായിട്ടാണ് കെ സി ജോസഫ് നിലകൊള്ളുന്നത്. മാണിക്കും ബാബുവിനും എതിരായതുപോലുള്ള പരാതികള്‍ ജോസഫിനെതിരായി ഉയര്‍ന്നുവന്നതായി അറിയില്ല. അതേസമയം, ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ തന്റെ നിലവിട്ടു രംഗത്തുവന്നതാണ് ജഡ്ജിക്കെതിരായ പരാമര്‍ശങ്ങള്‍. ഇതിന്റെതെളിവാണ് ഹൈക്കോടതി ജഡ്ജിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ്. ജഡ്ജിയെ ആക്ഷേപിക്കുന്ന നിലപാടാണ് ജോസഫിന്റേത്.

ജോസഫിന്റെതന്നെ വാചകത്തില്‍ ജഡ്ജിയുടെ പൂര്‍വകാലചരിത്രം അടക്കം ആക്ഷേപിക്കുന്നുണ്ട്. നേരത്തേ ഉമ്മന്‍ചാണ്ടിക്കെതിരേ പാമോലിന്‍ കേസില്‍ ശരിയായി അന്വേഷിക്കാന്‍ ആവശ്യപ്പെട്ട ജഡ്ജിക്കെതിരേ അത്രയും കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഇപ്പോള്‍ ഒരു വിജിലന്‍സ് ജഡ്ജി ഉമ്മന്‍ചാണ്ടിക്കെതിരേ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിനെതിരേ പ്രകടനം നടത്തുകയും മോശം ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്തു. ഇതു കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ്. തങ്ങള്‍ നിയമത്തിന് അതീതരാണ്. തങ്ങളെക്കുറിച്ച് ആരും പറയാന്‍ പാടില്ല. അതിനാലാണ് കെ സി ജോസഫിനെതിരേയുള്ള ഈ നടപടി ശ്രദ്ധിക്കപ്പെടുന്നത്.

സരിതയുടെ ആരോപണങ്ങളിലൂടെ പുറത്തുവന്നത് കോണ്‍ഗ്രസിനുണ്ടായ അപചയമാണ് ഉമ്മന്‍ചാണ്ടിയുടെ അടുത്തയാളാണ് ബെന്നി ബെഹന്നാന്‍. അദ്ദേഹം വഴി സ്വീകരിച്ച പണത്തിന്റെ കാര്യങ്ങളും സംസാരങ്ങളും എല്ലാം പുറത്തുവന്നിരിക്കുകയാണ്. പണം ശേഖരിക്കേണ്ട ഘട്ടത്തില്‍ അത്. സ്വാധീനിക്കേണ്ട ഘട്ടത്തില്‍ അതും നടന്നു. മുഖ്യമന്ത്രി ഉദാരമനസ്‌കനാണ്. താന്‍ തന്നെ എല്ലാം വാങ്ങേണ്ട. കൂടെ നില്‍ക്കുന്നവരും വാങ്ങിക്കോട്ടെ എന്ന നിലപാടുകാരനാണ്. എല്ലാക്കാര്യങ്ങളും നിഷേധിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അതേസമയം, സരിതയുടെ ആരോപണങ്ങള്‍ ആരും നിഷേധിച്ചിട്ടില്ല. രവി പറഞ്ഞത് താന്‍ അങ്ങോട്ടു വിളിച്ചിട്ടില്ല, തന്നെ വിളിച്ചതാണെന്നാണ്. സംസാരിച്ചില്ല എന്നു പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല.

നമ്മുടെ നാട്ടില്‍ വ്യവസായം തുടങ്ങാന്‍ വന്ന ഒരു സ്ത്രീയുടെ മാനവും പണവും കവര്‍ന്നതു കോണ്‍ഗ്രസ് പാര്‍ട്ടിക്കാരാണെന്നു വരുമ്പോള്‍ അതു പരിശോധിക്കാനുള്ള ബാധ്യത ആ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിനുണ്ട്. ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരണമാണ്. കോണ്‍ഗ്രസുകാരുടെ പേര് സരിതയുടെ കത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നു വ്യക്തമായി. സരിതയുടെ കമ്പനിയുടെ വരുമാനത്തിന്റെ വിഹിതം പറ്റാന്‍ ഉമ്മന്‍ചാണ്ടി തയാറായി എന്നാണ് പരാതി വന്നത്. ഇതൊക്കെ പുറത്തുവരുമ്പോള്‍ അക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി തയാറാകേണ്ടേ. രണ്ടു മാസത്തേക്ക് ഉമ്മന്‍ചാണ്ടിക്ക് അലോസരങ്ങളുണ്ടാകരുതെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് ഇനി അലോസരങ്ങളുടെ ദിവസങ്ങള്‍ മാത്രമായിരിക്കും.

സ്വാഭാവികമായും പ്രതിഷേധം ഉണ്ടാകും. ആ പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നതെങ്കില്‍ പ്രതിഷേധം ശക്തമാകും. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി രാജിവച്ചുപോവുകയാണ് ചെയ്യേണ്ടത്. മുഖ്യമന്ത്രിക്കെതിരായ എതിര്‍പ്പ് ചെറുതായിരിക്കാന്‍ വഴിയില്ല. സരിത രാഷ്ട്രീയമുള്ള സ്ത്രീയാണ്. ഉമ്മന്‍ചാണ്ടിയെ പിതൃതുല്യയായി കാണുന്ന കോണ്‍ഗ്രസുകാരിയാണെന്ന് അവര്‍തന്നെ പറഞ്ഞിട്ടുണ്ട്. സിപിഐഎമ്മിന് നെറികേടുകള്‍ കാണിച്ചു ശീലമില്ല. വളഞ്ഞ ബുദ്ധിയിലൂടെ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യമല്ല. സംസ്ഥാനത്തു നടക്കുന്ന പ്രക്ഷോഭങ്ങളുടെ പ്രതിഫലനം ശക്തമായി നിയമസഭയിലും ഉണ്ടാകാറുണ്ടെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here