എസ്പി സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പിന്നിലെന്ത്; തെളിവ് മൂല്യമില്ലാത്ത ശബ്ദരേഖ ആയുധമായതെങ്ങനെ; ശങ്കര്‍ റെഡ്ഢി ഡയറക്ടറായതിന്റെ ഗുട്ടന്‍സ്

ബാര്‍ കേസ് അന്വേഷിച്ച എസ്പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശിച്ചാണ് വിജിലന്‍സ് ഡയറക്ടറും, വെറും എഡിജിപിയുമായ ശങ്കര്‍ റെഡ്ഡിയുടെ തമാശ. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം തന്നെചില പത്രങ്ങളില്‍ ഇത് പ്രധാന വാര്‍ത്തയാകുമെന്ന് ശങ്കര്‍ റെഡ്ഡിയും ആഭ്യന്തര മന്ത്രിയുടെ ഓഫീസും ഉറപ്പുവരുത്തി. 2012 ഡിസംബറില്‍ ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖയാണ് സുകേശനും, ബിജുരമേശിനുമെതിരായ കേസിനാധാരം.

കെഎം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിന് തെളിവു നല്‍കാന്‍ ബിജു രമേശ് ഹാജരാക്കിയതായിരുന്നു ഈ ശബ്ദരേഖയടങ്ങിയ സി ഡി. ഇത് എഡിറ്റഡ് സിഡി ആണെന്നും ശബ്ദരേഖയ്ക്ക് തെളിവുമൂല്യം ഇല്ലെന്നുമായിരുന്നു നാളിതുവരെയും വിജിലന്‍സിന്റെ വാദം. കോടതി മുറിയില്‍ വിജിലന്‍സ് അഭിഭാഷകര്‍ നൂറുവട്ടം ഇക്കാര്യം ആവര്‍ത്തിച്ചു പറയുകയും ചെയ്തു. പിന്നെ എങ്ങിനെയാണ് ഈ സിഡിയിലെ മറ്റൊരു സംഭാഷണ ശകലം അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും പ്രതിയാക്കുന്നതിനുള്ള ആധികാരിക രേഖയായി മാറിയത്.

ഇപ്പോഴാണ് മൂന്ന് ഡിജിപിമാര്‍ ചുമതലയിലിരിക്കെ ഒരു എഡിജിപിയെ വിജിലന്‍സ് ഡയറക്ടറാക്കിയതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിച്ചതിന്റെ തൊട്ടടുത്ത ദിവസം അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിയാക്കാന്‍ നിര്‍ദേശിക്കുന്നതിന് വിടുപണി എന്നുവിളിക്കാമോ എന്തോ…?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here