ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണവും മുഖ്യമന്ത്രിയുടെ കുബുദ്ധി; ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രി പറഞ്ഞിട്ടെന്ന് നോബി

ആലപ്പുഴ: ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുബുദ്ധിയില്‍ വിരിഞ്ഞതാണെന്ന് വെളിപ്പെടുത്തല്‍. തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച നോബി തന്നെയാണ് കൈരളി പീപ്പിളിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തെറ്റയിലിനെതിരെ ഇത്തരത്തില്‍ വിവാദം ഉണ്ടാക്കിയത്. ഇതിന് ബെന്നി ബഹനാന്‍ എംഎല്‍എയും കൂട്ടുനിന്നിരുന്നു. സോളാര്‍ അഴിമതിക്കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പരാതി കൊടുക്കാന്‍ പറഞ്ഞത്. ഇതനുസരിച്ചാണ് എസ്പിക്ക് പരാതി കൊടുത്തതെന്നും നോബി പീപ്പിളിനോട് വെളിപ്പെടുത്തി. താന്‍ അന്നു പരാതി കൊടുത്തില്ലായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ഇന്നു മുഖ്യമന്ത്രിക്കസേരയില്‍ കാണില്ലായിരുന്നെന്നും നോബി പറഞ്ഞു.

സോളാര്‍ വിഷയത്തില്‍ നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം കത്തിപ്പടരുന്ന സമയത്താണ് ജോസ് തെറ്റയിലിനെതിരെ പരാതി കൊടുത്തത്. ഇതിനായി പലതവണ മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ വച്ചും പുതുപ്പള്ളിയില്‍ വച്ചും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിട്ടറിയാമെന്നും നോബി പീപ്പിളിനോട് പറഞ്ഞു. എസ്പിക്ക് പരാതി കൊടുക്കാന്‍ പറഞ്ഞതും അത് ഒരു മണിക്കൂര്‍ കഴിഞ്ഞ് പിന്‍വലിക്കാന്‍ പറഞ്ഞതും മുഖ്യമന്ത്രിയായിരുന്നു. കേസ് സെറ്റില്‍ ചെയ്യാമെന്നാണ് തന്നോടു പറഞ്ഞത്. എന്നാല്‍, അത് രാഷ്ട്രീയമായി ഉപയോഗിക്കാനാണെന്ന് അറിയില്ലായിരുന്നു.

രാഷ്ട്രീയക്കാരുടെ വെള്ളവസ്ത്രം മാത്രമേ നമ്മള്‍ കാണുന്നുള്ളു. അതിനു പിന്നിലെ കറുത്ത മനസ്സ് കാണുന്നില്ല. അതാണു തന്റെ അവസ്ഥയിലൂടെ മനസ്സിലാകുന്നത്. മുഖ്യമന്ത്രി ഇന്നു ആ കസേരയില്‍ ഇരിക്കുന്നത് തന്റെ കാരുണ്യം കൊണ്ടാണ്. അതേ തനിക്കുതന്നെ മുഖ്യമന്ത്രിയെ ആ കസേരയില്‍ നിന്ന് താഴെയിറക്കാനും സാധിക്കുമെന്നും നോബി പറഞ്ഞു. തന്നെ ശരിക്കും ചതിയില്‍ പെടുത്തുകയായിരുന്നെന്നും നോബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here