അസഹിഷ്ണുതയെക്കുറിച്ചു പറയുന്നതു പോലും അസഹിഷ്ണുതയാവുകയാണെന്നു ശശികുമാര്‍; യുവതലമുറയെ ആകര്‍ഷിക്കല്‍ മാധ്യമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി

കോഴിക്കോട്: അസഹിഷ്ണുതയെക്കുറിച്ചു പറയുന്നതു പോലും അസഹിഷ്ണുതയാവുകയാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍. സാങ്കേതിക രംഗത്തെ മാറ്റങ്ങളും യുവതലമുറയെ ആകര്‍ഷിക്കലും ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ മാധ്യമങ്ങളുടെ വര്‍ത്തമാനം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ എല്ലാ കോണുകളിലും പ്രശ്‌നങ്ങളുണ്ടെന്നും മാധ്യമങ്ങളെ തള്ളിപ്പറഞ്ഞ് ലോകത്തിനു മുന്നോട്ടുപോകാനാവില്ലെന്നും കൈരളി ടിവി ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് ഡയറക്ടര്‍ എന്‍.പി ചന്ദ്രശേഖരന്‍ പറഞ്ഞു.

പുതിയ കാലത്ത് മാധ്യമങ്ങള്‍ നല്ലൊരു ഉല്‍പന്നമായി മാറി. ഗൂഗിളും ആമസോണുമാണ് ഇപ്പോള്‍ എന്തു വായിക്കണമെന്നു തീരുമാനിക്കുന്നത്. ഗൂഗിളിന്റെ ആദ്യത്തെ പേജില്‍ വരുന്നതാണ് വാര്‍ത്ത എന്ന പൊതുബോധം സൃഷ്ടിക്കാന്‍ ഈ ഭീമന്‍മാര്‍ക്കു കഴിഞ്ഞിരിക്കുന്നു. അതു നിശ്ചയിക്കുന്നത് ഈ സ്ഥാപനങ്ങള്‍ തയാറാക്കിയ അല്‍ഗോരിതമാണ്. മുമ്പ് മാധ്യമങ്ങള്‍ക്ക് കൂടുതല്‍ സാമൂഹിക ഉത്തരവാദിത്തം ഉണ്ടായിരുന്നു. ഗാന്ധിജി സത്യഗ്രഹം എന്ന ആശയം രൂപീകരിച്ചതു പോലും അദ്ദേഹം പത്രാധിപരായിരുന്ന ഇന്ത്യ ഒപ്പീനിയന്‍ എന്ന മാധ്യമത്തിലൂടെയായിരുന്നു. നിലവില്‍ ജനാധിപത്യപരമായ വെല്ലുവിളി കൂടി മാധ്യമങ്ങള്‍ നേരിടുന്നുണ്ട്. എന്തു കാണണം എന്തു വായിക്കണം എന്നു വലിയ തെരഞ്ഞെടുപ്പിനുള്ള സാഹചര്യമാണ് ഡിജിറ്റല്‍ മാധ്യമങ്ങളുടെ വികാസം സൃഷ്ടിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ എങ്ങനെ വീക്ഷിക്കണമെന്ന മാര്‍ഗനിര്‍ദേശം കുട്ടികള്‍ക്കു നല്‍കാന്‍ കഴിയണം. മാധ്യമപ്രവര്‍ത്തനം ഒരിക്കലും മരിക്കില്ലെന്നും മാധ്യമങ്ങള്‍ക്കു മാത്രമാണ് കാലാനുസൃതമായ മാറ്റം സംഭവിക്കുക. ഇന്നു പത്രവായനയില്‍ വലിയ കുറവു വന്നിട്ടുണ്ട്. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ പത്രം വായിക്കുന്നതിനേക്കാള്‍ വിവരം പുതിയ തലമുറയ്ക്കു കിട്ടുന്നുണ്ട്. താന്‍ നടത്തുന്ന ഏഷ്യന്‍ കോളജ് ഓഫ് ജേണലിസത്തില്‍ പഠിക്കുന്നവര്‍ ഭൂരിഭാഗവും പത്രം വായിക്കാത്തവരാണെന്നും എന്നാല്‍ ഡിജിറ്റല്‍ മാധ്യങ്ങളിലൂടെ ഇവര്‍ വിവരങ്ങള്‍ മറ്റാരേക്കാളും അധികം അറിയുന്നവരാണെന്നും ശശികുമാര്‍ പറഞ്ഞു.

നിയമനിര്‍മാണ സംവിധാനവും ബ്യൂറോക്രസിയും ജുഡീഷ്യറിയും നേരിടുന്ന അതേ മൂല്യച്യുതി ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും നേരിടുന്നുണ്ടെന്നു മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍ പറഞ്ഞു. ഇവിടെ കൂടുതല്‍ ഇടപെടുന്നത് സമൂഹമാധ്യമങ്ങളാണ്. വിജയിച്ചോ പരാജയപ്പെട്ടോ എന്ന ചര്‍ച്ചയ്ക്കപ്പുറം സമൂഹമാധ്യമങ്ങളുടെ ഏറ്റവും വലിയ നേട്ടമാണ് അറബ് വസന്തം. സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനു യുവാക്കള്‍ കൈകോര്‍ത്തപ്പോള്‍ ഏകാധിപതികളായി ഭരണാധികാരികള്‍ക്ക് ഓടിപ്പോകേണ്ടിവന്നു. ഇന്ത്യയിലും സമൂഹമാധ്യമങ്ങളുടെ ഇടപെടല്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. യുവാക്കള്‍ സമൂഹമാധ്യമങ്ങളെയാണ് ആകര്‍ഷിക്കുന്നത്. ടെലിവിഷന്‍ ചചാനലുകളുടെ റേറ്റിംഗ് കുറയുന്നുണ്ട്. താല്‍പര്യങ്ങള്‍ ഭരിക്കുന്ന സ്ഥിതി മാധ്യമങ്ങളിലുമുണ്ട്. നൈതികതയില്‍നിന്നു മാറി നടക്കാനുള്ള ശ്രമങ്ങളെ യുവാക്കള്‍ക്ക് എത്രമാത്രം പ്രതിരോധിക്കാന്‍ സാധിക്കും എന്നാണ് കാണേണ്ടത്.

തന്റെ തലമുറ പത്രത്തിന് നല്‍കിയ പ്രാധാന്യം ഇപ്പോഴത്തെ തലമുറ നല്‍കുന്നില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ നീലന്‍ പറഞ്ഞു. പത്രം വരുത്തേണ്ടതുണ്ടോ എന്നു മകന്‍ പലപ്പോഴും ചോദിക്കാറുണ്ട്. തനിക്ക് ഓണ്‍ലൈനില്‍ വായിച്ചാല്‍ തൃപ്തിയില്ല. പത്രം വായിച്ചില്ലെങ്കില്‍ ദിവസം പൂര്‍ത്തിയായില്ല എന്ന തോന്നലാണുണ്ടാവുക. എഴുത്തിന് ഒരു ശക്തിയുണ്ട്. പാശ്ചാത്യ ലോകത്ത് പത്രങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മാധ്യമത്തിന്റെ സങ്കേതങ്ങള്‍ മാറിയാലും മാധ്യമപ്രവര്‍ത്തനം ഒരിക്കലും ഇല്ലാതാകില്ലെന്നും നീലന്‍ പറഞ്ഞു.

കുഴപ്പങ്ങള്‍ ഉണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമെന്നും എവിടെയും നന്മകള്‍ നിലനിര്‍ത്തുകയും വളര്‍ത്തുകയുമാണു വേണ്ടതെന്നും വര്‍ത്തമാനകാല മാധ്യമങ്ങളില്‍ അതുവേണമെന്നും എന്‍ പി ചന്ദ്രശേഖരന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഉള്ള നരകവും മാധ്യമങ്ങള്‍ ഇല്ലാത്ത സ്വര്‍ഗവും ചൂണ്ടിക്കാട്ടി ഏതുവേണമെന്നു ചോദിച്ചാല്‍ മാധ്യമങ്ങള്‍ ഉള്ള നരകമായിരിക്കും തെരഞ്ഞെടുക്കുക. മാധ്യമങ്ങള്‍ ഉള്ള നരകം എന്നെങ്കിലും സ്വര്‍ഗമാകും. മാധ്യമങ്ങള്‍ ഇല്ലാത്ത സ്വര്‍ഗം ഒരിക്കലും സ്വര്‍ഗമാകില്ല. എന്നാല്‍ ചില പ്രശ്‌നങ്ങളുണ്ട്. പണമെറിഞ്ഞ് പണം കൊയ്യാന്‍ കഴിയുന്ന ഒരു മേഖലയായി മാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. ഒരു കാലത്തു പത്രങ്ങള്‍ക്കുണ്ടായിരുന്ന പ്രാധാന്യമാണ് ഇന്നു സോഷ്യല്‍ മീഡിയയ്ക്കുള്ളത്. പക്ഷേ, സമൂഹമാധ്യമങ്ങള്‍ ഇന്ന് ആസ്വദിക്കുന്ന സ്വാതന്ത്ര്യവും ഒരു നാളില്‍ ഇല്ലാതാകും. കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു വാര്‍ത്താ മാധ്യമങ്ങളാണ് അടച്ചുപൂട്ടിയത്. മാധ്യമമേഖലയില്‍ ചെറുകിടക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും എതിരായ നീക്കമാണ് നടക്കുന്നത്. ഞങ്ങള്‍ പറയുന്ന കാലം വരുമെന്ന് മാധ്യമഭീമന്‍മാര്‍ പറയുന്നു. പ്രമുഖ പത്രങ്ങളില്‍ പോലും തൊഴില്‍ സുരക്ഷ ഇല്ലാതായി. അത്യാചാരങ്ങള്‍ നിലനില്‍ക്കുന്ന ദുഷ്ടമേഖലയായി മാധ്യമപ്രവര്‍ത്തനം മാറിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here