പരിചയപ്പെടുത്തിയത് പുതിയ സാഹിത്യ സംസ്‌കാരം; കേരള സാഹിത്യോത്സവത്തിന് കോഴിക്കോട് സമാപനം

കോഴിക്കോട്: കേരളത്തിന് പുതിയൊരു സാഹിത്യസംസ്‌കാരം പരിചയപ്പെടുത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കൊടിയിറങ്ങി. കോഴിക്കോട് ബീച്ചിലെ പ്രധാന വേദിയായ എഴുത്തോലയില്‍ നടന്ന ചടങ്ങില്‍ ടി പത്മനാഭന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഐഎഎസ് വിതരണം ചെയ്തു.

സമാപന ചടങ്ങില്‍ കോഴിക്കോട് മേയര്‍ വികെസി മമ്മദ് കോയ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ഐഎഎസ്, എംഎല്‍എമാരായ അബ്ദുള്‍ സമദ് സമദാനി, എ പ്രദീപ് കുമാര്‍, സംവിധായകന്‍ മധുപാല്‍, ഡോ. ബി ഇക്ബാല്‍, ഫെസ്റ്റിവല്‍ ഡയറക്ടടര്‍ കെ സച്ചിദാനന്ദന്‍, കെ ജയകുമാര്‍, ലളിത പ്രഭ തുടങ്ങിയവര്‍ പങ്കെടുത്തു. രവി ഡിസി സ്വാഗതവും, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെവി ശശി നന്ദിയും പറഞ്ഞു. ദീദി ദാമോദരന്‍, എന്‍പി ഹാഫിസ് മുഹമ്മദ്, കെ മുഹമ്മദ് ഷരീഫ്, എവി ശ്രീകുമാര്‍ എന്നിവര്‍ ഫെസ്റ്റിവല്‍ അനുഭവങ്ങള്‍ പങ്കുവച്ചു. അടുത്ത വര്‍ഷത്തെ മേളയുടെ പ്രഖ്യാപനം കോഴിക്കോട് മേയര്‍ വികെസി മമ്മദ് കോയ നിര്‍വഹിച്ചു.

ഫെബ്രുവരി 4മുതല്‍ 7വരെ കോഴിക്കോട് ബീച്ചിലെ എഴുത്തോല, വെള്ളിത്തിര, തൂലിക, അക്ഷരം എന്നീ നാല് വേദികളിലായാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അരങ്ങേറിയത്. നാല് ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തില്‍ തസ്‌ലിമ നസ്‌റിന്‍, പ്രതിഭാ റായ്, എംടി വാസുദേവന്‍ നായര്‍, ടി പത്മനാഭന്‍, അനിത നായര്‍, ജയശ്രീ മിശ്ര, അടൂര്‍ ഗോപാലകൃഷ്ണന്‍, ഗിരീഷ് കാസറവള്ളി തുടങ്ങി സാഹിത്യ – സാംസ്‌കാരിക – രംഗങ്ങളിലെ ഇരുനൂറോളം പ്രതിഭകള്‍ പങ്കെടുത്തു. വിവിധ സെഷനുകളിലായി നടന്ന ചര്‍ച്ച, സംവാദം, കലാസായാഹ്നം തുടങ്ങിയവയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.

അടുത്ത വര്‍ഷം ഫെബ്രുവരി രണ്ടു മുതല്‍ അഞ്ചു വരെ കോഴിക്കോട് രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കും. മലയാളത്തിന്റെ സാഹിത്യ ലോകം ഒന്നിക്കുന്ന ഈ വേദിയില്‍ വീണ്ടും കാണാം എന്ന് ചൊല്ലിയാണ് സാഹിത്യാസ്വാദകര്‍ പിരിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here