ഉദയംപേരൂര്‍ ഐഒസിയിലെ കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു; സേവന വേതന കരാര്‍ പരിഷ്‌കരണം ആവശ്യം; പാചക വാതക ക്ഷാമം രൂക്ഷമാകും

കൊച്ചി: ഉദയംപെരൂര്‍ ഐഒസി പ്ലാന്റിലെ കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സേവന – വേതന കരാര്‍ പുതുക്കി നിശ്ചിയക്കണമെന്നാവശ്യപ്പെട്ടാണ് ഐഒസി ഉദയംപെരൂര്‍ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റിലെ കരാര്‍ തൊഴിലാളികള്‍ പണിമുടക്കുന്നത്. പണിമുടക്ക് തുടങ്ങുന്നതോടെ സംസ്ഥാനം കടുത്ത പാചക വാതക ക്ഷാമത്തിലേക്ക് നീങ്ങും.

ജനുവരി 28 മുതല്‍ പ്ലാന്റില്‍ കരാര്‍ തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമരം നടത്തി വരികയാണ്. ഇതേ തുടര്‍ന്ന് 140 ലോഡ് സിലിണ്ടര്‍ പോകേണ്ട സ്ഥാനത്ത് നേര്‍പകുതി ലോഡ് മാത്രമാണ് വിതരണത്തിനായി പോകുന്നത്. കരാര്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുന്നതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കും. അത് സംസ്ഥാനത്ത് പാചകവാതക ക്ഷാമത്തിനും ഇടയാക്കും.

എന്നാല്‍ കമ്പനി മാനേജ്‌മെന്റ് വിഷയം ഗൗരവത്തിലെടുക്കാത്തതാണ് പണിമുടക്കിലേക്ക് നീങ്ങാന്‍ കാരണമായതെന്നാണ് യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നത്. റീജിയണല്‍ ലേബര്‍ കമ്മിഷണറുമായി സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിനിധ്കള്‍ വെള്ളിയാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കരാര്‍ തൊഴിലാളികള്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്.

പ്ലാന്റിലെ ഹൗസ് കീപ്പിംഗ്, ലോഡിംഗ് – അണ്‍ ലോഡിംഗ് വിഭാഗം തൊഴിലാളികളാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here