സിക വൈറസ് ഭീതി: റിയോ ഒളിമ്പിക്‌സ് പ്രതിസന്ധിയിലേക്ക്; ഒളിംപിക്‌സില്‍ നിന്ന് അമേരിക്ക വിട്ടുനിന്നേക്കും

ന്യൂയോര്‍ക്ക്: സിക വൈറസ് ഭീതി റിയോ ഡി ജനീറോ ഒപിംപിക്‌സിനെയും ബാധിച്ചേക്കും. സിക വൈറസ് പടരുന്നതിനിടെ പ്രഭവ കേന്ദ്രമായ ബ്രസീലില്‍ നടക്കുന്ന ഒളിംപിക്‌സില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം അമേരിക്കന്‍ അത് ലറ്റുകള്‍ ആലോചിക്കുന്നു. ആരോഗ്യപരമായ സുരക്ഷ കണക്കിലെടുത്ത് വിട്ടുനില്‍ക്കുന്ന കാര്യം പരിഗണനയിലാണ് എന്ന് യുഎസ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ അധികൃതര്‍ സൂചിപ്പിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ അധികൃതര്‍ യുഎസ് ഒളിംപിക് കൗണ്‍സിലിനെ അറിയിച്ചു. സിക വൈറസ് ബാധ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്ന കഴിഞ്ഞ മാസം അവസാനം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നത് എങ്കില്‍ വിട്ടുനില്‍ക്കേണ്ടിവരും എന്നകാര്യം യുഎസിലെ വിവിധ കായിക സംഘടനകളെയും ഫെഡറേഷന്‍ അറിയിച്ചു. ഈ വര്‍ഷം ആഗസ്റ്റില്‍ റിയോഡി ജനീറോയിലാണ് ഒളിംപിക്‌സ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്‌നമായതിനാല്‍ പങ്കെടുക്കാന്‍ അത്‌ലറ്റുകള്‍ക്കും വലിയ താല്‍പര്യമില്ല എന്നാണ് ഫെഡറേഷന്‍ അധികൃതര്‍ നല്‍കുന്ന സൂചന.

ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ ദേശീയ ഒളിംപിക് കമ്മിറ്റികള്‍ക്കും നല്‍കിയിട്ടുണ്ടെന്നാണ് വിവരം. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ഡോക്ടര്‍മാര്‍ ഇക്കാര്യം പരിശോധിക്കുകയാണ് എന്നും ദേശീയ ഒളിംപിക് കമ്മിറ്റികളെ അറിയിച്ചിട്ടുണ്ട്. സിക വൈറസ് മാരകമായി പടര്‍ന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഒളിംപിക്‌സില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നിലപാടെടുത്തേക്കും. കൂടുതല്‍ രാജ്യങ്ങള്‍ പ്രതികൂല തീരുമാനമെടുത്താല്‍ റിയോ ഒളിംപിക്‌സ് തന്നെ പ്രതിസന്ധിയിലാകും.

സിക രോഗബാധ സ്ഥിരീകരിച്ച ബ്രസീല്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പല രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്. കൊതുകു ജന്യമായ സിക രോഗം ബാധിച്ച ഗര്‍ഭിണികള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ തലയുടെ മുകള്‍ഭാഗം ചെറുതായിരിക്കുന്നതാണ് പ്രധാന ലക്ഷണം. ഇതിന്റെ മറ്റ് ദൂഷ്യവശങ്ങള്‍ എന്തൊക്കെ എന്ന കാര്യം ലോകാരോഗ്യ സംഘടന ഉള്‍പ്പടെയുള്ള സംഘടനകള്‍ പരിശോധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News