ശ്രീലങ്കയെ തോല്‍പിച്ച് ദ്രാവിഡിന്റെ ‘കുട്ടികള്‍’ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍; ഇന്ത്യയുടെ ജയം 97 റണ്‍സിന്

മിര്‍പുര്‍: ശ്രീലങ്കയെ തോല്‍പിച്ച് ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. 97 റണ്‍സിനാണ് ദ്രാവിഡിന്റെ കുട്ടികള്‍ ശ്രീലങ്കയെ തോല്‍പിച്ചത്. 268 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയെ 42 ഓവറില്‍ 170 റണ്‍സിന് ഇന്ത്യ എറിഞ്ഞു വീഴ്ത്തി. 39 റണ്‍സെടുത്ത കമിന്ദു മെന്‍ഡിസും 38 റണ്‍സെടുത്ത ഷമ്മു അഷാനും മാത്രമാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെടുത്തു. അന്‍മോല്‍പ്രീത് സിംഗിന്റെയും സര്‍ഫറാസ് ഖാന്റെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 7 റണ്‍സെടുത്ത നായകന്‍ ഇഷാന്‍ കിഷനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. കഴിഞ്ഞ കളിയിലെ താരമായിരുന്ന റിഷഭ് പന്ത് 14 റണ്‍സെടുത്തും പുറത്തായി. പിന്നീടു വന്ന അന്‍മോല്‍പ്രീതും സര്‍ഫറാസ് ഖാനും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇരുവരും ഒരറ്റത്ത് ഉറച്ചുനിന്നതോടെ സ്‌കോര്‍ മുന്നോട്ടു ചലിച്ചു. ഇതിനിടെ ഇരുവരും അര്‍ധസെഞ്ചുറിയും തികച്ചു. സിംഗ് 92 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത് പുറത്തായി. സര്‍ഫറാസ് 71 പന്തു നേരിട്ട് 59 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദര്‍ 43 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് 2 റണ്‍സെടുത്ത ഓപ്പണര്‍ ബന്ദാരയെയും 4 റണ്‍സെടുത്ത ഫെര്‍ണാണ്ടോയെയും തുടക്കത്തില്‍ തന്നെ നഷ്ടമായി. മെന്‍ഡിസ് ഒരറ്റത്ത് ഉറച്ചുനിന്നപ്പോഴും നായകന്‍ അസലങ്കയെ 6 റണ്‍സിന് നഷ്ടമായി. പിന്നീട് വന്ന അഷാനാണ് മെന്‍ഡിസിനു തുണയായത്. മെന്‍ഡിസ് 39ഉം അഷാന്‍ 38ഉം വിഷാദ് രണ്‍ഡിക സില്‍വ 28ഉം ദമിത സില്‍വ 24ഉം റണ്‍സെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here