മുംബൈ ഭീകരാക്രമണം ഐഎസ്‌ഐ പദ്ധതിപ്രകാരം; ഭീകരര്‍ക്ക് പരിശീലനം നല്‍കിയത് ഐഎസ്‌ഐ; പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നും ഹെഡ്‌ലിയുടെ മൊഴി

ദില്ലി: മുംബൈ ഭീകരാക്രമണം നടത്തിയത് പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദേശത്തില്‍ എന്ന് സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ഐഎസ്‌ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ആക്രമണം നടത്തിയ ലഷ്‌കറെ തയിബ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത് എന്നും ഹെഡ്‌ലി മുംബൈ ടാഡാ കോടതിയില്‍ വെളിപ്പെടുത്തി. ദില്ലിയിലും ബംഗ്ലൂരിലും മുംബൈയിലെ ആരാധനായലയത്തിലും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നെന്നും ഹെഡ്‌ലി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കോടതിയില്‍ മൊഴി നല്‍കി.

പാക്ക് സൈന്യവും, ചാരസംഘടനയായ ഐഎസ്‌ഐയും ഭീകരസംഘടനകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കിയായിരുന്നു അഞ്ചരമണിക്കൂര്‍ നീണ്ട ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിനായി ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജ്ജാഹിദീന്‍, ഹര്‍ക്കത്ത് ഉള്‍ മൊഹ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകള്‍ യൂണൈറ്റഡ് ജിഹാദ് എന്ന പേരില്‍ പാകിസ്ഥാനില്‍ പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്നും ഹെഡ്‌ലി വെളിപ്പെടുത്തി.

ഇന്ത്യന്‍ കരസേനയിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താനുള്ള നിര്‍ദേശം മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥനായ മേജര്‍ അബ്ദുള്‍ റഹ്മാന്‍ പാഷ ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയിദ് മുഖാന്തരം നല്‍കി. ഇതിന് സഹായികളാകുന്ന സൈനിക ഉദ്യഗോസ്ഥരെ കണ്ടെത്താനുള്ള മാര്‍ഗ്ഗവും നിര്‍ദേശിച്ചിരുന്നെന്നും ഹെഡ്‌ലി കോടതിയില്‍ മൊഴി നല്‍കി. ഐഎസ്‌ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ലഷ്‌കറെ തയിബ അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് പരിശീലനം നല്‍കുന്നതെന്നും ഹെഡ്‌ലി അറിയിച്ചു.

മുന്‍ ഐഎസ്‌ഐ തലവന്‍ മേജ്ജര്‍ ഇഖ്ബാല്‍ പാഷയാണ് മുംബൈ ഭീകരാക്രമണത്തിലെ 10 ഭീകരര്‍ക്കും പരിശീലനം നല്‍കിയത്. പ്രതിരോധ ശാസ്ത്രജ്ഞര്‍ ടാജ് ഹോട്ടലില്‍ നടത്തിയ യോഗത്തിലും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നു. മുംബൈയിലെ നേവല്‍, എയര്‍ഫോഴ്‌സ് സ്‌റ്റേഷനുകളുടേയും മഹാരാഷ്ട്ര പോലീസ് ആസ്ഥാനത്തിന്റേയും പ്രധാന ആരാധനാലയങ്ങളുടേയും ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.

ആക്രമണം നടത്തിയ താജ് ഹോട്ടലില്‍ ഭാര്യ ഫൈസയ്ക്ക് ഒപ്പം ബിസിനസ് ആവശ്യങ്ങള്‍ക്ക് എന്ന് പറഞ്ഞാണ് താമസിച്ചത്. സുപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ ഐഎസ്‌ഐ തലവന്‍ കൂടിയായിരുന്ന മേജര്‍ അബ്ദുള്‍ റഹ്മാന്‍ പാഷയക്കാണ് കൈമാറിയതെന്നും ഹെഡ്‌ലി മൊഴി നല്‍കി. ആക്രമണത്തിന് പിന്നിലെ പാക്ക് ബന്ധം വ്യക്തമാക്കി സൂത്രധാരന്‍ തന്നെ നല്‍കിയ മൊഴി ഇന്ത്യ പാക്കിസ്ഥാന് കൈമാറി നടപടി ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News