കര്‍മങ്ങളും പൂജകളും മാത്രം പോരാ പിതാവിന്റെ ഓര്‍മകള്‍ സൂക്ഷിക്കാന്‍; പിതൃസ്മരണയ്ക്ക് മരം നട്ടുവളര്‍ത്തുന്ന ഒരു മകനുണ്ടിവിടെ, നാട്ടുകാരും

മാള: മരണത്തോടെ ചുമരിലെ ഒരു ചിത്രത്തിലേക്കൊതുക്കേണ്ടതല്ല പിതാവിന്റെ സ്മരണയെന്നുറച്ചുവിശ്വിസിക്കുന്ന ഷാം കൃഷ്ണനു വേറൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. തനിക്കു തണലായിരുന്ന അച്ഛന്റെ ഓര്‍മകള്‍ നാടിനാകെ തണലാകണമെന്നു ഷാം മനസില്‍ കുറിച്ചു. അച്ഛന്റെ ഓര്‍മ നാടുമുഴുവന്‍ നിലനില്‍ക്കാന്‍ വൃക്ഷത്തൈ വച്ചുപിടിപ്പിക്കുന്ന ഉദ്യമത്തിലാണ് ആര്‍കിടെക്ടായ ശ്യാം ഇപ്പോള്‍.

മാള സ്വദേശിയും പ്രശസ്ത ബാലസാഹിത്യകാരനുമായ ഐ ആര്‍ കൃഷ്ണന്‍ മാസ്റ്റര്‍ ഞായറാഴ്ചയാണ് അന്തരിച്ചത്. നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന മാസ്റ്റര്‍, അജ്ഞാതവാഹനമിടിച്ചു പരുക്കേറ്റ് ആശുപത്രിയില്‍ ജീവനോടു മല്ലിട്ടാണ് മരണത്തിനു കീഴടങ്ങിയത്. മാസ്റ്റര്‍ വിട്ടുപിരിഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്താന്‍ എന്തു ചെയ്യണമെന്നായിരുന്നു ഭാര്യ ഉഷാദേവി ടീച്ചറും മക്കളും ആലോചിച്ചത്. അങ്ങനെയാണ് അച്ഛന്റെ ഓര്‍മയ്ക്കു മരം നട്ടുപിടിപ്പിക്കാന്‍ മകന്‍ ഷാം കൃഷ്ണന്‍ തീരുമാനിച്ചത്.

ഗ്രീന്‍ വെയിന്‍ സംവിധാനന്ദിന്റെ നിര്‍ദേശമായിരുന്നു അത്. ഇന്ത്യയൊട്ടാകെ മരങ്ങള്‍ നട്ടുവളര്‍ത്തുന്ന ഗ്രീന്‍വെയ്ന്‍ എന്ന സംഘടനയുടെ സംസ്ഥാന കോര്‍ഡിനേറ്ററുമാണ് ഷാം. 78 വയസായിരുന്നു കൃഷ്ണന്‍മാസ്റ്റര്‍ക്ക്. അതുകൊണ്ട് 78 വൃക്ഷത്തൈകളാണ് ആദ്യം വച്ചത്. ഇന്നലെ രാവിലെത്തന്നെ മരം നട്ടുതുടങ്ങി. ആദ്യമരം നട്ടത് ഷാം കൃഷ്ണന്റെ മക്കള്‍തന്നെയായിരുന്നു.

മാള, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലകളില്‍ വിദ്യാഭ്യാസ ഓഫീസര്‍ ആയിരുന്നു കൃഷ്ണന്‍ മാസ്റ്റര്‍. ബാലസാഹിത്യ സമിതി വൈസ് പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡന്റ്, അഡ്വ മേഘനാദന്‍ സ്മാരക ഗ്രന്ഥശാലയുടെ സംഘാടകന്‍ എന്നീ നിലകളില്‍ നാട്ടുകാര്‍ക്കു പ്രിയങ്കരനായിരുന്നു അദ്ദേഹം. ആമിയും നന്ദുവും, പാടി രസിക്കാം, കമലമന്ത്രം, കുട്ടി ഡോക്ടര്‍, സ്വര്‍ഗവാതില്‍ പക്ഷി, ഗ്രീന്‍ ആര്‍മി, ശ്രീനാരായണഗുരു കഥകളിലൂടെ, മഹാഭാരതത്തിലെ മനുഷ്യമുഖങ്ങള്‍ എന്നീ പുസ്‌കങ്ങള്‍ എഴുതിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here