ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നിയമ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; ചുമത്തിയത് രാജ്യദ്രോഹക്കുറ്റം; സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയമ നടപടി തുടങ്ങി. അനുസ്മരണം നടത്തിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം പൊലീസ് ചുമത്തി. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കന്‍ഹായ് കുമാറിനെ പട്യാല കോടതി 3 ദിവസത്തേക്ക് ദില്ലി പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.

അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ജെഎന്‍യുവില്‍ അരങ്ങേറിയത് രാജ്യദ്രോഹ നടപടികള്‍ ആണെന്നും ഇത് വച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് പറഞ്ഞു. സാധ്യമായ ഏറ്റവും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

സംഭവത്തില്‍ ഡീന്‍ കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത ശേഷം നടപടിയെടുക്കും എന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍ പറഞ്ഞു. നടന്നത് അന്വേഷിക്കാന്‍ ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചതായും വിസി പറഞ്ഞു. സംവാദത്തിന് സര്‍വകലാശാലയില്‍ ഇടമുണ്ട്. എന്നാല്‍ അത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്നു എന്നും വിസി പറഞ്ഞു.

എന്നാല്‍ വിവിധ വിഷയങ്ങളിന്മേല്‍ എബിവിപി വിദ്യാര്‍ത്ഥികളെ ശിക്ഷയ്ക്ക് ലക്ഷ്യമിടുന്നുവെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് പറഞ്ഞു. രോഹിത് വെമുല വിഷയം, തെരഞ്ഞെടുപ്പ് തോല്‍വി എന്നിവ എബിവിപിക്ക് അംഗീകരിക്കാനാവുന്നില്ല. അവര്‍ വെമുലയെ കൊനന്ത് പോലെ ഞങ്ങളെയും വേട്ടയാടുകയാണ്. എല്ലാ പ്രവര്‍ത്തനങ്ങളെയും ദില്ലി പൊലീസ് വേട്ടയാടുകയാണ്. ജെഎന്‍യു അടച്ചുപൂട്ടുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യം എന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് നടന്നതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ജെഎന്‍യുവില്‍ നടക്കുന്നത് എന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കാമ്പസില്‍ പൊലീസ് കയറുന്നു. ഹോസ്റ്റലുകളില്‍ നിന്ന് വരെ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഇതാണ് അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് സംഭവിക്കുന്നത് എന്നും സീതാറാം യെച്ചൂരി പറഞ്ഞു.

സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയതതില്‍ സിപിഐഎം പോളിറ്റ് ബ്യുറോ അപലപിച്ചു. സംഘപരിവാര്‍ ശബ്ദം ഉയര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നേരം പക പോക്കുകയാണെന്നും വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനെ വിട്ടയക്കണമെന്നും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡി ആവശ്യപ്പെട്ടു. സിപിഐ നേതാവ് ഡി രാജ ജെഎന്‍യുവില്‍ എത്തി വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പാര്‍ലമെന്റ് ആക്രമണകേസുമായി ബന്ധപ്പെട്ട് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഫെബ്രുവരി 9നാണ് ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ പരിപാട് സംഘടിപ്പിച്ചത്. അഫ്‌സല്‍ ഗുരുവിനും തൂക്കിലേറ്റപെട്ട ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് മക്ക്ബൂല്‍ ഭട്ടിന്റേയും അനുസമരണ പരിപാടിയാണ് സംഘടിപ്പിച്ചത്. അഫ്‌സല്‍ ഗുരു ഭരണഗൂഡാലോചനയുടെ ഇരയാണെന്ന് ആരോപിച്ചായിരുന്നു അനുസ്മരണ പരിപാടി.

ആദ്യം പരിപാടിക്ക് അനുമതി നല്‍കിയ സര്‍വ്വകലാശാല അധികൃതര്‍ എബിവിപി നല്‍കിയ പരാതിയെ തുടര്‍ന്ന് റദ്ദാക്കി. ഇതിനെതിരെ പ്രകടനം നടത്തിയതിനാണ് വിദ്യാര്‍ഥി ചെയര്‍മാന്‍ കന്‍ഹായിയെ ദില്ലി പോലീസ് അറസ്റ്റ് ചെയതത്. രാജ്യവിരുദ്ധ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്ന ഒരാളെയും വെറുതെ വിടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു പോലീസ് നടപടി. കന്‍ഹായിയെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ ആധാരമാക്കിയാണ് അറസ്‌റ്റെന്ന് പോലീസ് അറിയിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് രാജ്യദ്യോഹം, ക്രിമിനല്‍ ഗൂഡാലോചന ഉള്‍പ്പടെയുള്ള കടുത്ത വകുപ്പുകളാണ് വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന് എതിരെ ചുമത്തിയത്. ബിജെപി എംപി മഹേഷ് ഗിരിയുടേയും എബിവിപിയുടേയും പരാതിയില്‍ കണ്ടാല്‍ തിരിച്ചറിയാവുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയും പോലീസ് സമാനകേസ് എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here