വേദനയോടെ, വിശ്വസിച്ചുകൊണ്ട്…

ഒഎന്‍വി മലയാളിക്കു മഹാകവിയാണ്; സാംസ്‌കാരികപ്രതിനിധി മുതല്‍ പ്രവാചകപ്രതീകം വരെയാണ്.

എനിക്കോ, ബഹുമാനപുരസരം മാത്രം ഓര്‍ക്കാനാവുന്ന ഈയുള്ളവന്റെ അവതാരകനാണ്. എന്റെ, ഒരു നവാഗതന്റെ കന്നിക്കവിതാ പുസ്തകം മലയാളികള്‍ക്കു മുമ്പാകെ അവതരിപ്പിക്കാന്‍ സന്നദ്ധനായ വലിയകവിയാണ്.

ചന്ദ്രശേഖരന്റെ കവിതകള്‍ പുസ്തകമാക്കണമെന്നുറപ്പിച്ചതു പ്രഭാവര്‍മയാണ്. വര്‍മ തന്ന ധൈര്യത്തിലാണ് ആ കൈക്കുറ്റപ്പാടുകള്‍ ഒഎന്‍വി സാറിന് എത്തിച്ചത്. പിന്നെ ഞാനതു കണ്ടു- കേട്ടുകേള്‍വിയിലെ മുന്‍ ശുണ്ഠിക്കാനായ മനുഷ്യനല്ല, അനുഗാമികളോട് അലിവുള്ള ഹൃദയാലുവാണ് അദ്ദേഹമെന്ന്. ‘സമ്പന്നമായ ഒരു സഞ്ചിത സംസ്‌കാരമുള്ള കവി’ എന്ന ഒഎന്‍വിയുടെ സാക്ഷ്യത്തോടെയാണ് എന്റെ ‘പച്ച വറ്റുമ്പോഴും‘ പുറത്തിറങ്ങിയത്. ഏഴാച്ചേരി രാമചന്ദ്രനിലൂടെ, എന്‍ബിഎസിലൂടെ…

അതായിരുന്നു ഒഎന്‍വി. താന്‍ തൂലികയെടുത്തതിനു പിന്നാലെ എഴുതിയ എല്ലാ തലമുറയുടേയും വിദൂരഗുരു. സമീപസ്ഥനായ രക്ഷകന്‍. ശരാശരി മലയാളീ, നിനക്കു നഷ്ടപ്പെട്ടത് നിന്റെ മനഃസാക്ഷിയുടെ സാഗരശബ്ദമാകാം. ഞങ്ങള്‍ക്ക്, കവിതയെഴുതുന്ന മലയാളികള്‍ക്ക്, അസ്തമിച്ചത് അരികത്തുണ്ടായിരുന്ന ആകാശനക്ഷത്രം.

ഇനി ഒഎന്‍വിയില്ലാത്ത മലയാളം. ഓര്‍മിപ്പിക്കുവാന്‍, ഒരുക്കുവാന്‍ ആ ഒറ്റയാളില്ലാത്ത മലയാളക്കര.

‘മൃതി കുടീരത്തില്‍ നീയുറങ്ങുമ്പോഴും ഇവിടെ നിന്‍വാക്കുറങ്ങാതിരിക്കുന്നു’ എന്ന് എഴുതിയത് ഒഎന്‍വിയാണ്, ഹൈഗേറ്റില്‍ കാള്‍ മാര്‍ക്‌സിന്റെ അന്ത്യവിശ്രമസ്ഥലത്തുനിന്ന്. ഒഎന്‍വിയുടെ ഒരുങ്ങാനിരിക്കുന്ന ചിതയ്ക്കു മുന്നില്‍നിന്ന് ഇപ്പോള്‍ മൂന്നരക്കോടി മലയാളികളും അതേറ്റുപാടുന്നു. വേദനയോടെ, പക്ഷേ വിശ്വസിച്ചുകൊണ്ട്. ‘നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും’ എന്നു വിശ്വസിക്കുന്ന ജീവിതപ്പാടത്തുനിന്ന്, ‘കുന്നിമണി മാല ചാര്‍ത്തി നില്‍ക്കുമ്പം നിന്നഴക് പൂവിനില്ല, പൊന്നിനില്ല’ എന്നു പ്രണയിക്കുന്ന ജീവിതപ്പാതയില്‍നിന്ന്.

‘വരിക ഗന്ധര്‍വഗായകാ വീണ്ടും വരിക കാതോര്‍ത്തുനില്‍ക്കുന്നു കാലം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here