സീതാറാം യെച്ചൂരിക്ക് ഭീഷണിസന്ദേശം; ആംആദ്മി സേനയുടെ പേരില്‍ സന്ദേശമെത്തിയത് ദില്ലി എകെജി ഭവനിലേക്ക്; ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരാണ് ഭീഷണി മുഴക്കിയതെന്ന് യെച്ചൂരി

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഭീഷണിസന്ദേശം. ജെഎന്‍യു വിഷയത്തില്‍ യെച്ചൂരി സ്വീകരിച്ച നിലപാടിന് പിന്നാലെയാണ് ഭീഷണി സന്ദേശം. ആംആദ്മി സേനയുടെ പേരില്‍ ദില്ലി എകെജി ഭവനിലേക്കാണ് സന്ദേശമെത്തിയത്. ഫോണ്‍ സന്ദേശത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും എകെജി ഭവന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദില്ലി പൊലീസ് അറിയിച്ചു. ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരാണ് ഭീഷണി മുഴക്കിയതെന്ന് യെച്ചൂരി പ്രതികരിച്ചു.

ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ സമരത്തെ യെച്ചൂരി പിന്തുണച്ചതാണ് പ്രകോപനത്തിന് കാരണം. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ വേട്ടയാടുന്ന നടപടിക്കെതിരെ സിപിഐഎം എന്തുവിലകൊടുത്തും നിലകൊള്ളുമെന്നും യെച്ചൂരി പറഞ്ഞിരുന്നു. നിലവില്‍ ആര്‍എസ്എസ് താല്പര്യമാണ് ജെഎന്‍യുവില്‍ നടപ്പാക്കുന്നത്. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചവരല്ല അറസ്റ്റിലായതെന്നും ഗാന്ധിഘാതകരാണ് രാജ്യത്തെ മതനിരപേക്ഷകക്ഷികളെ രാജ്യദ്രോഹികളായി മുദ്ര കുത്താന്‍ ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞിരുന്നു.

സിപിഐഎമ്മിന്റെ ആസ്ഥാനമായ എകെജി ഭവന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം നടത്തിയവരും ആം ആദ്മി സേനയുടെ പേരിലുള്ള തൊപ്പി ധരിച്ചവരായിരുന്നു. പാര്‍ട്ടി ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ അക്രമികള്‍ പോസ്റ്ററുകള്‍ പതിക്കുകയും കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്തിരുന്നു. എകെജി ഭവന്‍ ആക്രമണത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News