വസന്തത്തിന്റെ കനല്‍വഴികള്‍: കൈരളിയുടെ പ്രതികരണം

ഖാവ് പി. കൃഷ്ണപിള്ളയുടെ ജീവിതത്തെയും കാലഘട്ടത്തെയും ആസ്പദമാക്കി നിര്‍മ്മിച്ച ‘വസന്തത്തിന്റെ കനല്‍വഴികള്‍’ എന്ന സിനിമയുമായി ബന്ധപ്പെടുത്തി, കൈരളി ചാനലിനെ വലിച്ചിഴച്ച്, സോഷ്യല്‍മീഡിയയില്‍ വരുന്ന പ്രചാരണം വസ്തുതകള്‍ക്കു നിരക്കാത്തതാണ്.

ഈ സിനിമ സംബന്ധിച്ച് സംവിധായകന്‍ അനില്‍ നാഗേന്ദ്രന്‍ മുമ്പു തുടങ്ങിവച്ച അപവാദപ്രചാരണത്തോട് സമാനമായുള്ള ഈ പ്രചാറണം ചിലരിലെങ്കിലും തെറ്റിദ്ധാരണ സൃഷ്ടിച്ചേക്കും എന്നതുകൊണ്ട്, നിജസ്ഥിതി എന്താണെന്നു വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

ഈ സിനിമ നിര്‍മ്മിച്ചത് അനിലിന്റെ സൃഷ്ടിപരവും വാണിജ്യപരവുമായ തീരുമാനപ്രകാരമാണ്. സിനിമയുടെ ആശയത്തിന്റെ ആവിര്‍ഭാവത്തിലോ സാക്ഷാത്കരണഘട്ടത്തിലോ ‘കൈരളി’ക്ക് യാതൊരു പങ്കുമില്ല. അതേസമയം, നല്ലൊരു ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയുള്ള സിനിമയെന്ന നിലയ്ക്ക്, ‘കൈരളി’ ഇതിന് അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ നല്കുകയും ചെയ്തിരുന്നു.

സിനിമയുടെ ഉപഗ്രഹാവകാശം ‘സൂര്യാ’ ചാനലിനു നല്കി എന്ന പ്രഖ്യാപനവുമായിട്ടാണ് അനില്‍ ചാനലിന്റെ പടിചവിട്ടിയതു തന്നെ. ചൈന, വിയറ്റ്‌നാം, ക്യൂബ തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍തോതില്‍ സി.ഡി. വിറ്റ് മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുള്ള പദ്ധതി തയാറാക്കിയെന്നും അനില്‍ അറിയിച്ചിരുന്നു. ‘കൈരളി’യില്‍നിന്ന് അദ്ദേഹത്തിനു വേണ്ടിയിരുന്നത്, നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും റിലീസിംഗ് വേളയിലുമുള്ള പ്രചാരണപരിപാടികള്‍ മാത്രമായിരുന്നു. വിശേഷദിവസങ്ങള്‍ക്കുമാത്രമായി ആണ്ടില്‍ രണ്ടോ മൂന്നോ സിനിമ വാങ്ങുക എന്ന നയമാണ് ‘കൈരളി’ക്കുള്ളതെന്നും അതിനുള്ള സാമ്പത്തികസ്ഥിതിയേ ‘കൈരളി’ക്കുള്ളൂവെന്നും അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു.

അനിലിന്റേ അഭ്യര്‍ത്ഥനയനുസരിച്ച്, ഒരു സിനിമയ്ക്കും നല്കാത്ത രീതിയിലുള്ള പ്രചാരണമാണ് ‘കൈരളി’ ഈ സിനിമയ്ക്കു നല്കിയത്. ഈ സിനിമയുടെ ലൊക്കേഷന്‍ മുതലുള്ള വാര്‍ത്തകള്‍ ‘കൈരളി’ കുടുംബത്തിലെ മൂന്നു ചാനലിലും നല്കി. ഇവയില്‍ ചിലത് ലൈവ് പരിപാടികളുമായിരുന്നു. ഈ ചിത്രത്തെ മുന്‍നിര്‍ത്തി ഒരു ചാറ്റ് ഷോയും സംഘടിപ്പിച്ചു. എന്തിനേറെ, ഇടയ്ക്ക്, അനിലിനുണ്ടായ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം എന്ന നിലയ്ക്ക്, ഒരു പൊതുസ്ഥാപനവും ചെയ്യാത്ത രീതിയില്‍, വായ്പ നല്കാനായി ചില ധനകാര്യസ്ഥാപനങ്ങള്‍ക്ക് ശുപാര്‍ശക്കത്ത് നല്കുകവരെ ചെയ്തു ‘കൈരളി’.

സിനിമയുടെ ഗുണമേന്മയെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞങ്ങള്‍ ആരുമല്ല. എന്നാല്‍, ബോക്‌സ് ഓഫീസില്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ വെളിച്ചത്തിലായിരിക്കണം, ‘സൂര്യ’ ഈ പടം വാങ്ങുന്നതില്‍നിന്നു പിന്‍വാങ്ങി.

ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട നാനൂറിലേറെ ചിത്രങ്ങള്‍, ആരും സംപ്രേഷണാവകാശം വാങ്ങാതെ, വിപണിയില്‍ കെട്ടിക്കിടക്കുന്നുണ്ട് എന്നതാണ് വസ്തുത. ആ അവസ്ഥയെ, തങ്ങളുടെ വാണിജ്യപരമായ തീരുമാനത്തിന്റെ പരിണതഫലമായി മനസ്സിലാക്കുകയാണ് അതിന്റെ ചുമതലക്കാര്‍ ചെയ്യാറ്. അവരാരും ഏതെങ്കിലും ചാനലുകളുടെ മെക്കിട്ടു കയറാന്‍ വരാറില്ല. ചാനലുകളും വാണിജ്യസംവിധാനങ്ങളാണ്, കേരളത്തിലെ ഭൂരിപക്ഷം ചാനലുകളും നഷ്ടത്തിലുമാണ്, മറ്റാരെങ്കിലും ഉണ്ടാക്കിയ നഷ്ടം പേറാന്‍ ഒരു ചാനലും തയ്യാറാകില്ല എന്നൊക്കെ എല്ലാവര്‍ക്കും അറിയാം.

എന്നാല്‍, ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും ‘കൈരളി’ വാങ്ങണമെന്ന ശാഠ്യവുമായിട്ടാണ് അനില്‍ പിന്നീട് ചാനലിനെ സമീപിച്ചത്. താന്‍ മുടക്കിയത് ഏഴു കോടി രൂപയാണെന്നും അതിനനുസൃതമായ ഒരു തുക ‘കൈരളി’ നല്കണമെന്നുമുള്ള ബാലിശമായ വാദവും അനില്‍ ഉയര്‍ത്തി.

അതിനോട്, ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായ കൈരളിക്ക് ഒരിക്കലും യോജിക്കാനാവുമായിരുന്നില്ല. അതേസമയം, ഈ പടം സൗജന്യ സ്ലോട്ടില്‍ പ്രദര്‍ശിപ്പിക്കാമെന്നും, അതിന് ഒരു രൂപപോലും ‘കൈരളി’ക്കു വേണ്ടെന്നും, പരസ്യം വാങ്ങി അനിലിന് സ്വയം പണം നേടാമെന്നും ചാനല്‍ അറിയിക്കുകയും ചെയ്തു. സ്ലോട്ട് ഫീ വാങ്ങാതെ ഒരുള്ളടക്കവും സാധാരണ നിലയ്ക്ക് കമ്പനി നല്കാറില്ല എന്നിരിക്കെ ആയിരുന്നു ഈ വാഗ്ദാനം എന്നത് ശ്രദ്ധേയമാണ്. ഇതേ രീതിയിലാണ് സി. പി. ഐ. (എം) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത എ.കെ.ജി. എന്ന സിനിമ ‘കൈരളി’ സംപ്രേഷണം ചെയ്തത് എന്നതു കൂടി ഇവിടെ ഓര്‍ക്കാവുന്നതാണ്.

എന്നാല്‍, ഇതിനോടൊന്നും സഹകരിക്കാതെ അപവാദപ്രചാരണത്തിന്റെ പാതയാണ് അനില്‍ സ്വീകരിച്ചത്. ഒരു വ്യക്തിയുടെ ഭാവനാവിലാസപ്രകാരം നിര്‍മ്മിച്ച സിനിമ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി വാങ്ങിയിരിക്കണം എന്ന ശാഠ്യം ആരെങ്കിലും പിടിച്ചാല്‍ ആ രോഗത്തിന്റെ പേര് മറ്റെന്തോ ആണ്.

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
കൈരളി ടി വി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News