പ്രിയ മിഥുന്‍… മഴയ്‌ക്കൊപ്പം അരികു ചേര്‍ന്ന് നീ എന്റെ കൂടെയുണ്ട് ഉറ്റചങ്ങാതിയായി; മിഥുന്‍ മേരി റാഫിയുടെ പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത സുഹൃത്തിന്റെ അനുഭവക്കുറിപ്പ്

രിച്ചവന്റെ ഓര്‍മകളുമായി പാലക്കാടന്‍ ചൂടിലേക്ക് അനിയനോടൊപ്പം പാലക്കാടന്‍ ചൂടിലേക്ക് യാത്ര പോകുന്നത് ഇതു രണ്ടാം തവണയാണ്. യാത്രനീളെ അവന്റെ വാക്കുകള്‍ എന്നപോലെ കണ്ണടച്ചു വച്ച് അവനെ അറിയുകയായിരുന്നു.

ഒരു ഉദ്ദേശവുമില്ലാത്ത യാത്രകളെ പ്രണയിച്ചവന്‍ ഒരു പോക്കുപോയപ്പോള്‍ അവനെ ഓര്‍മകളില്‍നിന്നു തിരിച്ചുപിടിക്കാന്‍ ഈ ലോകത്തെ അവന്റെ തന്നെ വാക്കുകളിലൂടെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം നല്ല മനസുകളുടെ ഇടയിലായിരുന്നു ഈ യാത്ര അവസാനിച്ചത്. പറയാതെ പോയവന്‍ ബാക്കിവച്ചത് തുന്നിക്കെട്ടി പുസ്തകമാക്കി പുറത്തിറങ്ങുന്നതിന് സാക്ഷിയാകാനാണു പാലക്കാട്ടേക്കുള്ള സഞ്ചാരം. സോഷ്യല്‍മീഡിയയില്‍ പരിചയപ്പെട്ട ഏവരുടെയും പ്രിയപ്പെട്ടവനായിരുന്ന മിഥുന്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരി ഒമ്പതിനാണ് അപകടമരണത്തിലൂടെ യാത്രയായത്. മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ തുന്നിച്ചേര്‍ത്തു പുസ്തകമാക്കുകയായിരുന്നു പിന്നീട് കൂട്ടുകാരുടെ ശ്രമം.

കഥകള്‍ ഒരുപാടു പറഞ്ഞുതന്ന സ്‌നേഹിതന്റെ ഓര്‍മകള്‍ക്കു ജീവന്‍ പകര്‍ന്നതും ഒരു കുന്നു പുസ്തകങ്ങള്‍ നിറഞ്ഞ പാലക്കാട് ലൈബ്രറി ഹാളിലായിരുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെയുള്ള നാടുകളില്‍നിന്നു വന്നവരെല്ലാം ഒരു മേല്‍വിലാസത്തിന്റെ പേരിലാണു തിരിച്ചറിഞ്ഞത്. ‘മിഥുന്റെ കൂട്ടുകാര്‍’. അവനെ അറിഞ്ഞവരും അറിയാതെപോയവരും കണ്ടവരും കാണാത്തവരും എല്ലാവരും അവന്റെ ഓര്‍മകളെ പറഞ്ഞുകൊണ്ട് വാചാലരായിതീര്‍ന്നു. ഉണ്ണിയേശുവിന്റെ അമ്മ മറിയത്തെപ്പോലം നിഷ്‌കളങ്കമായ മുഖത്തോടു കൂടി അവന്റെ അമ്മയും അമ്മയ്ക്കു കാവല്‍ മാലാഖമാരെപ്പോലെ അനിയത്തിമാരും എത്തിച്ചേര്‍ന്നു. ഹാളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും അതിഥികളും കൂട്ടുകാരും ഒത്തുകൂടി. എല്ലാ കണ്ണുകളിലും മിഥുന്റെ ഓര്‍മകള്‍ ബാക്കിയാക്കിയ നനവുണങ്ങിയിരുന്നില്ല.

പറയാതെ പോയവന്‍ ബാക്കി വച്ചത് അവന്റെ അമ്മയുടെ കൈകളിലൂടെ ഈ ലോകത്തിലേക്ക് എത്തിച്ചേരുമ്പോള്‍ കണ്ണീരുകൊണ്ട് വീണ്ടും ആ പുത്രന് അമ്മ ജീവന്‍ നല്‍കുകയായിരുന്നു. അതിഥികള്‍ എല്ലാം തന്നെ വാക്കുകളിലൂടെ മിഥുനെ തിരഞ്ഞു പിടിക്കുകയായിരുന്നു. മിഥുന്റെ പുഞ്ചിരി തേടുകയായിരുന്നു. വൈകാരികത നിറഞ്ഞ ഈ പുസ്തക പ്രകാശനം ഓരോരുത്തരുടെ മനസിലും എക്കാലവും നിറഞ്ഞുനില്‍ക്കും.

പ്രശസ്ത കവി മനോജ് കാട്ടാമ്പള്ളി, ദീപ നിശാന്ത്, ടി പി വേണുഗോപാലന്‍, മിഥുന്റെ മാതാവ് മേരി റാഫി, കുഴൂര്‍ വിത്സന്‍, ടി ജി അജിത, പി വി സുകുമാരന്‍, ആദര്‍ശ് ദാമോദരന്‍, സുധാകരന്‍ വടക്കാഞ്ചേരി, അജയ്കുമാര്‍, ഷഫീര്‍ പൂവത്തുംകടവില്‍, ഷാജി കൊച്ചുകടവന്‍, സീന ഷാനവാസ്, ജ്യോതി മാനുഷികം എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്.

മിഥുന്‍ എന്ന എന്റെ കൂട്ടുകാരന്‍

ഒരു രൂപമോ ശബ്ദമോ ഇല്ലാത്തൊരു സുഹൃത്തിനെ വേണമെന്നുള്ള തീവ്രമായ ആഗ്രഹത്തിന്റെ ഇടയിലാണു മിഥുനെ പരിചയപ്പെടുന്നത്. സഖാവേ എന്നാണു വിളിച്ചിരുന്നത്. കുഞ്ഞിലെ അച്ഛന്റെ സംരക്ഷണ വലയം നഷ്ടമായ കഥയിലൂടെ, മഴയ്ക്ക്് ഉറ്റചങ്ങാതി ആക്കിയ മനസുള്ള, യാത്രയെ പ്രണയിച്ചരണ്ടു സുഹൃത്തുക്കള്‍. ഏതു പാതിരയ്ക്കും എന്റെ പൊട്ടത്തരം നിറഞ്ഞ കവിതയ്ക്കു ചിരി സമ്മാനിക്കുന്നവന്‍.

ഉറ്റചങ്ങാതിമാര്‍ക്ക് എന്റെ മനസില്‍ ഒരു രൂപം ഉണ്ടായിരുന്നില്ല. എന്നെ കേള്‍ക്കാനുള്ള മനസും അതിനുള്ള മറുപടികളും ആയിരുന്നു എന്റെ സഖാവ്. യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടാം എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നപ്പോഴേക്കും എങ്ങനെ ഒക്കെയോ ആ കണ്ടുമുട്ടലുകള്‍ നീണ്ടുപോയി. അവന്‍ തന്നെ ആദ്യത്തെയും അവസാനത്തെയും അവസരമായിരുന്നു ആ എറണാകുളം യാത്ര. അതും നഷ്ടമായി. എന്റെ ചങ്ങാതിക്ക് നീളന്‍ മുടിയും കണ്ണും മൂക്കും ചുരുളന്‍ താടിയും ഉണ്ടായിരുന്നെന്നു ഞാന്‍ അറിയുന്നതു ചരമക്കോളത്തിലെ അവന്റെ ചിത്രത്തില്‍നിന്നുമായിരുന്നു. രൂപമില്ലാത്ത സുഹൃത്ത്, അവന്‍ അതുപോലെ ആയിത്തീര്‍ന്നു. അവന്‍ മരിക്കുന്നില്ല. മഴയ്‌ക്കൊപ്പം അവന്‍ അരികു ചേര്‍ന്ന് എന്റെ കൂടെയുണ്ട് ഉറ്റചങ്ങാതിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here